ഹൃദ്രോഗം ബാധിച്ച കുട്ടികളുടെ ചികിത്സക്കായി ‘ഹൃദ്യം’ എത്തുന്നു

Posted on: August 30, 2017 11:45 pm | Last updated: August 30, 2017 at 11:45 pm

ജന്മനാ ഹൃദ്രോഗം പിടിപെട്ട കേരളത്തിലെ കുട്ടികളെ രക്ഷിക്കാന്‍ ‘ഹൃദ്യം സോഫ്റ്റ് വെയര്‍’ ഇന്ന് ഉദ്ഘാടനം ചെയ്യും. ഹൃദ്യം എന്ന പേരില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സോഫ്റ്റ് വെയര്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. ജന്മനാ ഹൃദയത്തിന് വൈകല്യമുള്ളതും ശസ്ത്രക്രിയ ആവശ്യമുള്ളതുമായ കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ചികിത്സാ സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കോഴിക്കോട് ബീച്ചിലെ നഴ്‌സിംഗ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ്, എന്‍ എച്ച് എം, സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവയാണ് പദ്ധതി നടപ്പാക്കുന്നത്. നവജാത ശിശു മുതല്‍ 18 വയസ് വരെയുള്ള നിര്‍ധനരായ കുട്ടികള്‍ക്കാണ് ചികിത്സ ലഭിക്കുക. കേന്ദ്രസര്‍ക്കാറിന്റെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ആരോഗ്യ വകുപ്പാണ്.

ശ്രീചിത്ര, കോട്ടയം മെഡിക്കല്‍ കോളജ് എന്നീ സര്‍ക്കാര്‍ ആശുപത്രികളും, ആസ്റ്റര്‍ മെഡിസിറ്റി, ലിസി ഹോസ്പിറ്റല്‍, അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നീ സ്വാകര്യ ആശുപത്രികളുമാണ് നിലവില്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യപ്പെടുന്ന സമയത്ത് ശസ്ത്രക്രിയ ചെയ്യാനുള്ള അവസരം ഇല്ലാതെ വന്നാല്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കാം. മൂന്ന് ആശുപത്രികളിലും സൗകര്യം ലഭിക്കുകയാണെങ്കില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം.
ഹൃദയസംബന്ധമായ ശസ്ത്രക്രിയകള്‍ക്ക് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ നിശ്ചയിച്ചിട്ടുള്ള നിശ്ചിത നിരക്ക് മാത്രമെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുകയുള്ളൂ. തുക ആരോഗ്യവകുപ്പാണ് നല്‍കുക. ജന്മനാ ഹൃദയസംബന്ധമായ രോഗങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അവരെ ചികിത്സിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഹൃദ്യം സോഫ്റ്റ് വെയറില്‍ കുട്ടിയുടെ വിവരങ്ങള്‍ രേഖപ്പെടുത്താം.

അതോടൊപ്പം രോഗിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട്, മറ്റ് ചികിത്സാ ഫലങ്ങള്‍ എന്നിവയും നാളിത് വരെ നടത്തിയ ചികിത്സയുടെ വിശദവിവരങ്ങളും രേഖപ്പെടുത്തണം. രോഗത്തിന്റെ തീവ്രതയും ശസ്ത്രക്രിയയുടെ ആവശ്യകഥയും മനസിലാക്കി സോഫ്റ്റ് വെയര്‍ തിരഞ്ഞെടുക്കപ്പെട്ട ശിശുരോഗ വിദഗ്ദ്ധര്‍, സര്‍ജന്മാര്‍ എന്നിവരുടെ സഹായത്തോടെ അതില്‍ രേഖപ്പെടുത്തുന്ന കേസുകള്‍ സര്‍ജറി ഉടനെ ചെയ്യേണ്ടത്, സമയമെടുത്ത് ചെയ്യേണ്ടത് എന്നിങ്ങനെ തരംതിരിക്കും. അതില്‍ ഉടനടി ചെയ്യേണ്ട ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സാധിക്കുമോയെന്ന് ഹൃദ്യം പദ്ധതിയില്‍ അംഗങ്ങളായ അഞ്ച് ആശുപത്രികളില്‍ അന്വേഷിക്കും.

സര്‍ക്കാര്‍ ആശുപത്രിക്ക് അന്നേദിവസം ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ പദ്ധതിയില്‍ അംഗങ്ങളായ സ്വകാര്യ ആശുപത്രികളെ സമീപിക്കും. ജന്മനാഹൃദ്രോഗം പിടിപെട്ട കേരളത്തില്‍ ഒരുവര്‍ഷം മരിക്കുന്നത് 780 കുട്ടികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും 4,000 കുട്ടികള്‍ക്ക് ജന്മനാ ഹൃദയസംബന്ധമായ അസുഖങ്ങള്‍ പിടിപെടുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ ജന്മനാ ഹൃദ്രോഗമുള്ള 80,000 കുട്ടികളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
വിദഗ്ധ ചികിത്സ കിട്ടാത്തതിനാല്‍ രോഗബാധിരായ കുട്ടികളില്‍ ഏറെയും ഒരു വയസ്സു തികയും മുമ്പേ മരിക്കുന്നു. സംസ്ഥാനത്ത് ജന്മനാ ഹൃദ്രോഗം ബാധിച്ച 1,300 ഓളം കുട്ടികള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമുണ്ട്. വിദഗ്ധ ചികിത്സ ലഭ്യമായാല്‍ ഇവരില്‍ പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകും.

ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി ദേശീയ ആരോഗ്യ ദൗത്യം (എന്‍ എച്ച് എം) ആരോഗ്യവകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് നടപ്പാക്കുന്നത്.