ഗൊരെഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം

Posted on: August 30, 2017 10:51 am | Last updated: August 30, 2017 at 5:57 pm

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗൊരെഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 42 കുഞ്ഞുങ്ങളാണ് മരിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 61 ആയി. മസ്്തിഷ്‌കജ്വരം, ന്യുമോണിയ, സെപ്്‌സിസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചാണ് മരണമെന്ന് ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പികെ സിംഗ് പറഞ്ഞു. രോഗബാധിതരായ കൂടുതല്‍ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ കൂടുതല്‍ കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

ഈ മാസം പതിനൊന്നിന് ഓക്‌സിജന്‍ വിതരണത്തിലെ തകരാര്‍ കാരണം എഴുപതോളം കുട്ടികളാണ് ഈ ആശുപത്രിയില്‍ വെച്ച് മരിച്ചത്. സംഭവം വലിയ വിവാദത്തിന് വഴിവെച്ചെങ്കിലും കുഞ്ഞുങ്ങളുടെ മരണം തുടരുകയാണ്. കഴിഞ്ഞ ജനുവരി മാസത്തിന് ശേഷം 1250 കുട്ടികളാണ് ആശുപത്രിയില്‍ മരിച്ചത്. കുഞ്ഞുങ്ങളുടെ മരണത്തെ തുടര്‍ന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.