Connect with us

Gulf

പുതിയ പര്യവേക്ഷണങ്ങള്‍ പ്രതീക്ഷ വളര്‍ത്തുന്നു

Published

|

Last Updated

ഹീലിയില്‍ ചരിത്രശേഷിപ്പുകള്‍ക്കായി ഖനനം ആരംഭിച്ചപ്പോള്‍

അല്‍ ഐന്‍: അല്‍ ഐനിലെ ചരിത്രപ്രധാന സ്ഥലമായ ഹീലിയില്‍ ചരിത്ര ശേഷിപ്പുകള്‍ അന്വേഷിച്ചുള്ള ഖനനം അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റിയുടെ (ടിസിഎ) നേതൃത്വത്തില്‍ പുനരാരംഭിച്ചു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കാര്‍ഷികമേഖലയില്‍ യു എ ഇ കൈവരിച്ച നേട്ടങ്ങളും അറിവുകളും വ്യക്തമാക്കുന്ന പര്യവേക്ഷണം 30 വര്‍ഷത്തിനുശേഷമാണ് പുനരാരംഭിച്ചത് . അല്‍ഐനിലെ ഹീലി ആര്‍ക്കിയോളജി പാര്‍കിനു സമീപമുള്ള ഹീലി 8 മേഖലയില്‍ പുരാവസ്തു വിദഗ്ധരുടെ നേതൃത്വത്തിലാണ് പര്യവേക്ഷണം.

ഇതിനോടകം ലഭ്യമായതു വിലപ്പെട്ട വിവരങ്ങള്‍ മികച്ച കാര്‍ഷിക സംസ്‌കാരം നിലനിന്ന ഗ്രാമങ്ങള്‍ യുഎഇയില്‍ ഉണ്ടായിരുന്നു. 5000 വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ മേഖലയില്‍ ഈന്തപ്പനയും ഗോതമ്പും ബാര്‍ലിയും ഉള്‍പെടെ കൃഷിചെയ്തിരുന്നു. വൈവിധ്യമാര്‍ന്ന കാര്‍ഷിക രീതികള്‍ പിന്തുടര്‍ന്ന ജനങ്ങളാണ് അക്കാലത്തുണ്ടായിരുന്നത്. മണ്‍പാളികള്‍ ശ്രദ്ധയോടെ നീക്കി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പര്യവേക്ഷണം നടത്തുന്നത്.
ലേസര്‍ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്നു. നൂറ്റാണ്ടുകള്‍കൊണ്ട് മൂടപ്പെട്ട തെളിവുകള്‍ കണ്ടെത്താനുള്ള പര്യവേക്ഷണം ഏറെ സങ്കീര്‍ണമാണ്. 4500 വര്‍ഷം പഴക്കമുള്ള ചില സ്തംഭങ്ങളുടെ അവശിഷ്ടങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. വിത്തുകളുടെയും ചെടികളുടെയും ചെറുതരികളും പലജീവികളുടെയും ശരീരാവശിഷ്ടങ്ങളും സംഘം കണ്ടെത്തി.

ഇവ നഗ്‌നനേത്രംകൊണ്ട് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായതിനാല്‍ പ്രത്യേക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. സസ്യശാസ്ത്രജ്ഞര്‍ ഇവ സൂക്ഷ്മമായി പഠിച്ചുവരികയാണ്. ആ കാലഘട്ടത്തിലെ മണ്ണിന്റെ ഘടന, ജലസ്രോതസ്സുകള്‍, കാര്‍ഷിക രീതികള്‍, ജനജീവിതം തുടങ്ങിയവയിലേക്കു വെളിച്ചംവീശാന്‍ ഈ കണ്ടെത്തലുകള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചു വിശദമായ പഠനംനടത്തും. കാര്‍ഷികമേഖലയില്‍ വന്‍മുന്നേറ്റം നടത്തുന്ന യുഎഇക്ക് ഈ അറിവുകള്‍ മുതല്‍ക്കൂട്ടാകും.
ധാതുസമ്പത്തിനെക്കുറിച്ചുള്ള ഗവേഷണവും ഇതോടൊപ്പം നടക്കുന്നുണ്ട്.

രാജ്യത്തെ സുപ്രധാന പര്യവേക്ഷണ മേഖലകളിലൊന്നാണിതെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ അതോറിറ്റി (ടിസിഎ) യിലെ പുരാവസ്തു വിദഗ്ധന്‍ ഹംദാന്‍ റാശിദ് അല്‍ റാശിദി പറഞ്ഞു. രാജ്യാന്തര പൈതൃകമേഖലയില്‍ ഉള്‍പെട്ടതാണിത്. ഗവേഷണം പൂര്‍ത്തിയാകുന്നതോടെ അറബ് സംസ്‌കാരത്തെക്കുറിച്ചുള്ള കൂടുതല്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും.
1970ലും 80ലും ഹീലിയില്‍ പര്യവേക്ഷണം നടത്തിയ ഫ്രഞ്ച് പുരാവസ്തു വിദഗ്ധര്‍ക്ക് സുപ്രധാന വിവരങ്ങള്‍ ലഭ്യമായിരുന്നു.
എന്നാല്‍ പര്യവേക്ഷണത്തിനു നേതൃത്വം നല്‍കിയ ഗവേഷകന്റെ മരണത്തെത്തുടര്‍ന്നു റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാനായില്ല.

 

Latest