ഗുര്‍മീതിന്റെ രാഷ്ട്രീയത്തണല്‍

ദേരാ സച്ചാ സൗദയുടെ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് രാഷ്ട്രീയമായി നിലവില്‍ ബി ജെ പിയോടൊപ്പമാണെങ്കിലും നേരത്തേ കോണ്‍ഗ്രസിനൊപ്പമായിരുന്നു. രണ്ടു പ്രമുഖ പാര്‍ട്ടികളും ദേരാ സച്ചാ സൗദയുടെ വോട്ടു വാങ്ങിയിട്ടുണ്ട്. പഞ്ചാബില്‍ അകാലിദള്‍ ആദ്യം ദേരക്ക് എതിരായിരുന്നുവെങ്കിലും അവരും പിന്നീടു സൗഹൃദത്തിലായി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ദേര പരസ്യമായി ബി ജെ പിയെയാണ് പിന്തുണച്ചിരുന്നത്. ബി ജെ പിയെ ഹരിയാനയില്‍ തിരിച്ചു വരാന്‍ സഹായിച്ചതിന് പിന്നില്‍ ദേരയുടെ പിന്തുണക്ക് വലിയ പങ്കുണ്ട്. അതിനു മുമ്പ് ഹരിയാനയില്‍ കോണ്‍ഗ്രസിനെയും ദേര പിന്തുണച്ചിരുന്നു. അതുകൊണ്ടു തന്നെ ഗുര്‍മീതിന്റെ വളര്‍ച്ചയില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ഒരുപോലെ പങ്കുണ്ട്.
Posted on: August 27, 2017 9:55 am | Last updated: August 29, 2017 at 7:49 pm

ആള്‍ദൈവങ്ങള്‍ക്ക് തഴച്ചുവളരാന്‍ പാകത്തില്‍ അജ്ഞതയുടെയും അന്ധ വിശ്വാസത്തിന്റെയും വിളനിലമായ ഉത്തരേന്ത്യയില്‍ പതിവ് പ്രവണതകള്‍ക്കപ്പുറം ആത്മീയതക്ക് മുകളില്‍ ഭൗതികതയുടെ മേല്‍മുണ്ട് ചുറ്റിയാണ് ദേരാ സച്ചാ സൗദയെ ബാബ ഗുര്‍മീത് റാം റഹീം സിംഗ് വളര്‍ത്തിയെടുത്തത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തണലിലാണ് കേരളത്തിന്റെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍ വരുന്ന അനുയായികളെ ചേര്‍ത്ത് നിര്‍ത്തി ഗുര്‍മീതെന്ന റോക്‌സ്റ്റൈല്‍ ന്യൂജെന്‍ ആള്‍ ദൈവം പടര്‍ന്നു പന്തലിച്ചത്. രീതികളും പരിപാടികളും പുതിയതായിരുന്നെങ്കിലും ലൈംഗികത, സ്വത്ത് സമ്പാദനം, രാഷ്ട്രീയ സ്വാധീനം, ക്രിമിനലിസം തുടങ്ങി സാധാരണ ആള്‍ദൈവങ്ങള്‍ക്കുണ്ടാകുന്ന എല്ലാ ദൗര്‍ബല്യങ്ങളും ഗുര്‍മീതിനെയും സ്വാധീനിച്ചിരുന്നു. ഇത്തരമൊരു കേസാണ് രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തില്‍ 32 ജീവനുകള്‍ കവര്‍ന്നെടുക്കുന്ന നിലയില്‍ കഴിഞ്ഞ ദിവസം കലാപമായി വളര്‍ന്നത്.

സിനിമ, സംഗീതം തുടങ്ങിയ ആഡംബരങ്ങളില്‍ അഭിരമിച്ച ഗുര്‍മീത് തന്റെ അനുയായികളില്‍ തന്നെ കുറിച്ചുള്ള അന്ധമായ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം സായുധ പരിശീലനം കൂടി നല്‍കുന്നുണ്ട്. പൂര്‍ണമായും മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട സായുധരായ അനുയായികളാണ് ഗുര്‍മീതിന്റെ പ്രധാന ശക്തി. സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച മുതിര്‍ന്ന ഓഫീസര്‍മാരും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുമാണ് ഈ സംഘത്തിന് ആയുധ പരിശീലനം നല്‍കുന്നത്. സ്വാധീനവും പണവും ഇഷ്ടം പോലെ. മരിക്കാനും കൊല്ലാനും തയ്യാറായി ചുറ്റിലും പതിനായിരങ്ങള്‍. തന്റെ ആവശ്യങ്ങള്‍ നടത്തിത്തരാന്‍ രാഷ്ട്രീയ മേലാളന്മാരുടെയും ഉദ്യോഗസ്ഥ പ്രഭുക്കളുടെയും നീണ്ട നിര. വിശ്വാസവും ഭക്തിയും സമാസമം ചേര്‍ത്ത ആത്മീയത കൊണ്ട് ആള്‍മറ തീര്‍ത്ത് ആഡംബരത്തിന്റെ പാരമ്യത്തില്‍ കപടതയുടെ കോട്ടക്കകത്ത് നിര്‍ഭയം വാണിരുന്ന ഈ ന്യൂജെന്‍ ആള്‍ദൈവത്തിന്റെ അനുഗ്രഹം തേടിയെത്തിയ രാഷ്ട്രീയക്കാരില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലായിരുന്നു. രാജ്യ തലസ്ഥാനത്തിനടുത്ത രണ്ട് സംസ്ഥാനങ്ങളെ കാര്യമായി സ്വാധീനിക്കാന്‍ പാകത്തില്‍ അനുയായി വൃന്ദത്തെ വളര്‍ത്തിയെടുത്ത ഗുര്‍മീതിന് മുന്നില്‍ രാഷ്ട്രീയക്കാര്‍ നമിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. രാജ്യത്ത് ആകെ 36 പേര്‍ക്കുള്ള ഇസഡ് കാറ്റഗറി സുരക്ഷ ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് ശേഷമുള്ള ഏകയാള്‍ ഗുര്‍മീതാണ്.
ദേരാ സച്ചാ സൗദയുടെ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് രാഷ്ട്രീയമായി നിലവില്‍ ബി ജെ പിയോടൊപ്പമാണെങ്കിലും നേരത്തേ കോണ്‍ഗ്രസിനൊപ്പമായിരുന്നു. രണ്ടു പ്രമുഖ പാര്‍ട്ടികളും ദേരാ സച്ചാ സൗദയുടെ വോട്ടു വാങ്ങിയിട്ടുണ്ട്. പഞ്ചാബില്‍ അകാലിദള്‍ ആദ്യം ദേരക്ക് എതിരായിരുന്നുവെങ്കിലും അവരും പിന്നീടു സൗഹൃദത്തിലായി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ദേര പരസ്യമായി ബി ജെ പിയെയാണ് പിന്തുണച്ചിരുന്നത്. ബി ജെ പിയെ ഹരിയാനയില്‍ തിരിച്ചു വരാന്‍ സഹായിച്ചതിന് പിന്നില്‍ ദേരയുടെ പിന്തുണക്ക് വലിയ പങ്കുണ്ട്. അതിനു മുമ്പ് ഹരിയാനയില്‍ കോണ്‍ഗ്രസിനെയും ദേര പിന്തുണച്ചിരുന്നു. അതുകൊണ്ടു തന്നെ ഗുര്‍മീതിന്റെ വളര്‍ച്ചയില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ഒരുപോലെ പങ്കുണ്ട്. പഞ്ചാബില്‍ 2002 ലും 2007 ലും ദേരാ സച്ചാ സൗദ കോണ്‍ഗ്രസിനെയാണ് സഹായിച്ചത്. എന്നാല്‍ 2012ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും, 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവര്‍ ബി ജെ പി -അകാലിദള്‍ സഖ്യത്തിന് പിന്തുണ നല്‍കുകയായിരുന്നു. ഇതിനിടെ ദേരാ സച്ചാ സൗദ സിഖ് മതത്തിനെതിരായ നിലപാടുകള്‍ സ്വീകരിക്കുകയും ദേരയുമായി സിഖ് മതവിശ്വാസികള്‍ പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തിരുന്ന ആദ്യഘട്ടത്തില്‍ ഗുര്‍മീതിനെയും അനുയായികളെയും കടുത്ത ശത്രുക്കളായാണ് അകാലിദള്‍ കണ്ടിരുന്നത്. ഈ ഘട്ടത്തില്‍ അവരുമായി ഒരു തരത്തിലുമുള്ള സൗഹൃദത്തിനും അകാലിദള്‍ തയ്യാറായിരുന്നില്ല. എന്നാല്‍, പിന്നീട് ഗുര്‍മീതിന്റെ ശക്തി ബോധ്യപ്പെട്ട് വിലക്ക് അകാല്‍ തക്ത് നീക്കിയതോടെ അകാലിദള്‍ രഹസ്യമായി അവരുമായി അടുക്കാന്‍ തുടങ്ങിയിരുന്നു.

ഇതിനിടെ തന്റെ അനുയായി സാന്നിധ്യം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗുര്‍മീത് റാം റഹീം സിംഗ് തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട കേരളത്തിലുമെത്തിയിരുന്നു. ഇതോടൊപ്പം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് വേണ്ടത്ര വിജയിച്ചിരുന്നില്ല. 2015ല്‍ കേരളം സന്ദര്‍ശിച്ച ഗുര്‍മീത് 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനും മലയാളത്തില്‍ ഒരു ‘സ്പിരിച്വല്‍ മ്യൂസിക്’ സ്വകാര്യ ചാനല്‍ തുടങ്ങാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. ഈ നീക്കം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മൂന്നുവര്‍ഷം മുമ്പ് ഹരിയാന പോലീസ് സേനയുടെ വലയത്തില്‍ ഗുര്‍മീത് നടത്തിയ കേരള സന്ദര്‍ശനം ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ച കേരളത്തിന്റെ ചോദ്യങ്ങള്‍ക്ക് ഹരിയാന പോലീസ് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇതേക്കുറിച്ചു കേരള സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനു കത്തയച്ചിരുന്നു. സ്വകാര്യ ബിസിനസ് താത്പര്യങ്ങള്‍ക്ക് വേണ്ടി സന്ദര്‍ശനം നടത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സംസ്ഥാന പോലീസിനെ നിയോഗിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രത്തെയും കേരള സര്‍ക്കാര്‍ അറിയിച്ചു. ഇതിനിടെ വയനാട്ടിലെ വൈത്തിരിയില്‍ 40 ഏക്കര്‍ സ്ഥലം വാങ്ങി ആശ്രമം സ്ഥാപിക്കാനുള്ള നീക്കം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. വൈത്തിരിയില്‍ ബ്രിട്ടീഷുകാരന്റെ മേല്‍നോട്ടത്തിലുണ്ടായിരുന്ന 40 ഏക്കര്‍ എസ്റ്റേറ്റാണ് ദേരാ സച്ചാ സൗദ 2012ല്‍ വാങ്ങിയത്. ഇവിടെ ആശ്രമവും ആശുപത്രിയും സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പണി തുടങ്ങിയ ശേഷം നിര്‍ത്തിവെക്കുകയായിരുന്നു.

ദേശീയ ഗെയിംസ് നടന്ന 2015ല്‍ കേരളം സന്ദര്‍ശിച്ച ഗുര്‍മീത് നീന്തല്‍ മത്സരം നടന്ന തിരുവനന്തപുരത്തെ പിരപ്പന്‍കോട് വേദിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം മെഡല്‍ വിതരണ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹരിയാനയില്‍ നിന്നു വന്ന നീന്തല്‍ താരങ്ങളെ കാണാനെത്തിയെന്നാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു തൊട്ടടുത്തു തന്നെ വേദിയില്‍ ഇദ്ദേഹത്തിനും സ്ഥാനം നല്‍കുകയും ഏതാനും മെഡലുകള്‍ സമ്മാനിക്കാന്‍ ഗുര്‍മീതിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. സാധാരണയായി ഗുര്‍മീത് എങ്ങോട്ട് യാത്രപോയാലും ഗുര്‍മീതിന് സഞ്ചരിക്കാനുള്ള റേഞ്ച് റോവര്‍ കാറിന് പുറമെ, അമ്മ, ഭാര്യ, മകള്‍ എന്നിവര്‍ക്ക് സഞ്ചരിക്കാനുള്ള നാല് ബെന്‍സ് കാറുകള്‍, രണ്ട് ബി എം ഡബ്ല്യു കാറുകള്‍ എന്നിവ ആദ്യം വിമാനത്തിലെത്തിക്കും. ഒപ്പം ബസുകളില്‍ അനുയായികളും ഗുര്‍മീതിനെ അനുഗമിക്കാറുണ്ട്. ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ ഒപ്പം 150 പേരാണ് അനുഗമിച്ചിരുന്നത്. എന്നാല്‍ 2014 ല്‍ വന്നപ്പോള്‍ ഇത് 500 പേരായിരുന്നു. അന്ന് വാഗമണ്ണില്‍ അദ്ദേഹം ആധ്യാത്മിക ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഗുര്‍മീതിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ പ്രശസ്തനായ ഒരു മലയാള നടന് വന്‍തുക വാഗ്ദാനം ചെയ്തിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

ഹരിയാനയിലും, പഞ്ചാബിലും നേരത്തെയും വിശ്വാസത്തിന്റെ ആള്‍മറ തകര്‍ത്ത ആള്‍ദൈവങ്ങള്‍ സമാന്തരമായ ഭരണ സംവിധാനം കെട്ടിപ്പടുത്ത സംഭവങ്ങളുണ്ടായിരുന്നു. ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ കുപ്രസിദ്ധനാണ് ഗുര്‍മീത്. നേരത്തെ പാലില്‍ കുളിക്കുന്ന റാംപാല്‍ മഹാരാജും ഹരിയാന അടക്കിവാണ ആള്‍ദൈവമായിരുന്നു. ഇദ്ദേഹത്തിന്റെ വിടവിലാണ് ഗുര്‍മീത് ഇടംപിടിച്ചത്. മുംബൈയിലെ നൃത്തം ചെയ്യുന്ന രാധേ മേ പഞ്ചാബുകാരിയായിരുന്നു. റോഹ്തക് ജില്ലയിലെ ഹിസാറില്‍ 1000 ഏക്കര്‍ ആശ്രമ സമുച്ചയത്തില്‍ സ്വന്തം നിയമങ്ങളുമായി ഭരണം നടത്തിയ റാംപാല്‍ നിത്യവും പാലില്‍ കുളിക്കുകയും എതിര്‍ക്കുന്നവരെ കൊന്ന് ചോരയില്‍ കുളിപ്പിക്കുകയും ചെയ്യുമായിരുന്നു. കൊലപാതകം ഉള്‍പ്പെടെ 30 കേസുകളിലെ പ്രതിയായ റാംപാല്‍ ഇപ്പോള്‍ ഹിസാര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ രാഷ്ട്രീയക്കാരുടെ ഇടനിലക്കാരനും, നക്ഷത്ര വേശ്യാലയം നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിത്രകൂടം സ്വാമി എന്ന ഇച്ഛാധാരി സന്ത് സ്വാമി ഭീമാനന്ദ് മഹാരാജ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന അസാറാം ബാപ്പു.
ആനന്ദത്തില്‍ ആറാടിയ സ്വാമി നിത്യാനന്ദ. മനുഷ്യക്കടത്ത് കേസിലെ പ്രധാനി സ്വാമി സദാചാരി. നേതാജിയുടെ പുനരവതാരമെന്ന് അവകാശപ്പെട്ടെത്തിയ ജയ് ഗുരുദേവ്. മരിച്ചിട്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന മഹേഷ് കുമാര്‍ ഝാ എന്ന അശുതോഷ് മഹാരാജ്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറ്റ തോഴനായ ചന്ദ്രസ്വാമി. ഇന്ത്യയില്‍ ഇത്തരം പേരുകള്‍ക്ക് ഒരു ക്ഷാമവുമില്ല. മനുഷ്യരുടെ അജ്ഞതയും യുക്തിയില്ലായ്മയും ഒപ്പം രാഷ്ട്രീയ തണലും കൂടിയാകുമ്പോള്‍ ഈ പട്ടിക നീളുകയേയുള്ളൂ.