കലാപ സാധ്യത മുന്നില്‍കണ്ട് ഗുര്‍മീതിന്റെ വിധി പറയുക ജയിലില്‍വെച്ചാക്കും

Posted on: August 26, 2017 10:40 pm | Last updated: August 27, 2017 at 11:00 am

ചണ്ഡിഗഡ് : ബലാത്സംഗക്കേസില്‍ കുറ്റം ചുമത്തപ്പെട്ട ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് വിധി കേള്‍ക്കുക ജയിലില്‍ വച്ച്. കലാപസാധ്യത കണക്കിലെടുത്താണ് പഞ്ച്കുളയിലെ സിബിഐയുടെ പ്രത്യേക കോടതി തത്കാലത്തേക്ക് ജയിലിലേക്കു മാറ്റുന്നത്. ഇതിനായുള്ള സുരക്ഷാ സൗകര്യങ്ങള്‍ റോത്തക്ക് ജില്ലാജയിലില്‍ ഒരുക്കാന്‍ ഹരിയാന സര്‍ക്കാരിനോട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിര്‍ദേശിച്ചു. ഇവിടെയാണ് റാം റഹിമിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

 

താത്കാലിക കോടതിമുറി ഉള്‍പ്പെടെ ഇവിടെ ഒരുക്കേണ്ടി വരും. ജ!ഡ്ജിക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും വ്യോമ മാര്‍ഗം ജയിലിലെത്താന്‍ എല്ലാ സുരക്ഷാസൗകര്യങ്ങളും ഒരുക്കണം. അഭിഭാഷകര്‍ക്കും മറ്റുള്ളവര്‍ക്കും താത്കാലിക ജയിലിലേക്ക് സുഗമമായി എത്താനുള്ള സുരക്ഷാസംവിധാനങ്ങളും തയാറാക്കണം. സിബിഐ പ്രത്യേക കോടതി ജഡ്ജ് ജഗ്ദീപ് സിങ് 28നാണ് ഗുര്‍മീതിനെതിരെ വിധി പ്രസ്താവിക്കുക.

വിധി പറയുന്ന സമയത്ത് ഗുര്‍മീതിനെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ഇത് അക്രമസാധ്യത കൂട്ടുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍. നേരത്തെ, വിഡിയോ കോണ്‍ഫറന്‍സ് വഴി വിധി പ്രസ്താവിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിലും സുരക്ഷാപ്രശ്‌നങ്ങള്‍ വന്നതോടെയാണ് റോത്തക്കിലെ ജയിലിലേക്ക് സിബിഐ പ്രത്യേക കോടതി മാറ്റാന്‍ ഉത്തരവായത്. അതേസമയം ഗുര്‍മീതിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി