Connect with us

Gulf

ഹത്തിയില്‍ 130 കോടിയുടെ വികസന പദ്ധതികള്‍

Published

|

Last Updated

ദുബൈ: വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ലക്ഷ്യമിട്ട് ഹത്തയില്‍ 130 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍ ദുബൈ മുനിസിപ്പാലിറ്റിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. കായികം, സാംസ്‌കാരികം, വിദ്യാഭ്യാസം, സാമ്പത്തികം, സേവനം എന്നീ മേഖലകളില്‍ മുന്നേറ്റം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍. അല്‍ ഷെറാ പൈതൃക മേഖല കേന്ദ്രീകരിച്ചാണ് ആദ്യപദ്ധതി. ടൂറിസം വികസനത്തിനു മുന്നോടിയായി വിവിധയിടങ്ങളിലായി 30 വിശ്രമകേന്ദ്രങ്ങളും രണ്ടുകിലോമീറ്റര്‍ നടപ്പാതയും നിര്‍മിക്കും.

ഗള്‍ഫിലെ ആദ്യ ജലവൈദ്യുത പദ്ധതി ഇവിടെയാണ്. പ്രകൃതിസമ്പത്തിനു കോട്ടംതട്ടാതെ ടൂറിസം ഉള്‍പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനം. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന ബൃഹദ് സംരംഭത്തിനാണ് രൂപം നല്‍കിയതെന്ന് മുനിസിപ്പാലിറ്റി ഹത്ത കേന്ദ്രം മേധാവി ഉമര്‍ സഈദ് അല്‍ മുതൈവി പറഞ്ഞു.
മേഖലയിലെ പ്രധാനകേന്ദ്രങ്ങളില്‍ സുരക്ഷാ വേലികള്‍, വൈദ്യുത സംവിധാനങ്ങള്‍, നടപ്പാതകള്‍ തുടങ്ങിയവ നിര്‍മിക്കും. സുരക്ഷാ സംവിധാനങ്ങള്‍ക്കു പുറമെ, ഇന്‍ഫര്‍മേഷന്‍ ഓഫിസും ഉണ്ടാകും. പൂര്‍ണമായും പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചാകും വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുക. ഹത്ത പൈതൃക ഗ്രാമം, ഡാം എന്നിവയും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്. ജലാശയങ്ങളില്‍ വഞ്ചിയില്‍ യാത്രചെയ്യാനും അവസരമുണ്ട്. മലകളെയും സമതലങ്ങളെയും ബന്ധിപ്പിച്ചുള്ള പാതയാണ് പൂര്‍ത്തിയാക്കുക. ഇത് വ്യത്യസ്തമായ നാലു മേഖലകളിലൂടെ കടന്നുപോകും. മൂന്നു കിലോമീറ്റര്‍ നിരപ്പായ പ്രദേശത്തുകൂടിയാകും. അംഗപരിമിതര്‍ക്കുപോലും ബുദ്ധിമുട്ടില്ലാതെ പോകാന്‍ കഴിയുംവിധമാണ് പാത പൂര്‍ത്തിയാക്കുക. ജലവൈദ്യുത നിലയത്തിനു 250 മെഗാവാട് ശേഷിയുണ്ടാകും. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഹത്താ ഡാമിന് സമീപമുള്ള മലയിടുക്കുകളില്‍ സംഭരിച്ച വെള്ളമാണ് ഇതിനുപയോഗിക്കുക. 60 മുതല്‍ 80 വര്‍ഷം വരെ ഈ അണക്കെട്ട് നിലനിര്‍ത്താനാവുമെന്നാണു പ്രതീക്ഷ.