Connect with us

International

ട്രംപിന്റെ പരാമര്‍ശം: പാക് പാര്‍ലിമെന്റില്‍ സംയുക്ത യോഗം നടക്കും

Published

|

Last Updated

ഇസ്‌ലാമാബാദ്: തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത സ്വര്‍ഗമൊരുക്കുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുള്ള നീക്കം ചര്‍ച്ച ചെയ്ത് തീരുമാനിക്കാനായി പാക്ക് സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ സംയുക്ത യോഗത്തിന് പദ്ധതിയിടുന്നതായി മാധ്യമ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന സെനറ്റില്‍ പ്രധാനമന്ത്രി ശാഹിദ് ഖാഖാന്‍ അബ്ബാസി സൂചന നല്‍കിയതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ നിലപാട് വളരെ ഗുരുതരമായ പ്രശ്‌നമാണെന്ന് വിശദീകരിച്ച അബ്ബാസി ഇക്കാര്യം ക്യാബിനറ്റില്‍ മൂന്ന് മണിക്കൂര്‍ ചര്‍ച്ച ചെയ്തുവെന്നും എന്‍ എസ് സി വിഷയം ഏകദേശം നാല് മണിക്കൂര്‍ ചര്‍ച്ച ചെയ്തുവെന്നും പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ആക്രമണസ്വഭാവത്തോടെയുള്ള പരാമര്‍ശം നടത്തിയ പശ്ചാത്തലത്തില്‍ അടുത്ത നടപടികള്‍ സംബന്ധിച്ച ശിപാര്‍ശകള്‍ സ്വരൂപിക്കാനായി സെനറ്റ് പാനല്‍ രൂപവത്കരിച്ചതായി സെനറ്റ് ചെയര്‍മാന്‍ റാസ റബ്ബാനി നേരത്തെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ശിപാര്‍ശകളുടെ കരട് തയ്യാറായി വരുന്നതായും റബ്ബാനി പറഞ്ഞിരുന്നു.

പാര്‍ലിമെന്റിലെ സംയുക്ത യോഗത്തില്‍ ശിപാര്‍ശകള്‍ കൈക്കൊള്ളാമെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്നും റബ്ബാനി പറഞ്ഞിരുന്നു. തീവ്രവാദ വിരുദ്ധ നിലപാട് കര്‍ക്കശമാക്കിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണിമുഴക്കിയിരുന്നു.
സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള നിരവധി സഹായങ്ങള്‍ നിലവില്‍ പാക്കിസ്ഥാന് അമേരിക്കയില്‍നിന്നും ലഭിച്ചുവരുന്നുണ്ട്.
അഫ്ഗാനിസ്ഥാന്‍, ദക്ഷിണേഷ്യ നയങ്ങള്‍ സംബന്ധിച്ച പ്രസംഗത്തില്‍ ആണവായുധ ഭീഷണികളെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ചിരുന്നു.

Latest