Connect with us

Ongoing News

രാജ്യസ്‌നേഹ ടാങ്കുകളും സര്‍വകലാശാലകളും

Published

|

Last Updated

ഇന്ത്യക്കാരെ പരിഷ്‌ക്കരിച്ചെടുക്കുക എന്നതായിരുന്നു നൂറ്റാണ്ടുകള്‍ നീണ്ട സാമ്രാജ്യത്വ ഭരണം രാജ്യത്ത് നടത്തിയ സായിപ്പന്മാര്‍ അവരുടെ സാംസ്‌കാരിക ബാധ്യതയായിക്കണ്ടിരുന്നത്. മെക്കാളെയുടെ വിദ്യാഭ്യാസം മുതല്‍, ഫിലിം സെന്‍സര്‍ ബോര്‍ഡ് വരെയുള്ള നിരവധി ഉപാധികള്‍ അതിനായി ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചു. ഇപ്പോഴിതാ, ഇന്ത്യക്കാര്‍ക്ക് അഥവാ ഭാരതീയര്‍ക്ക് അതുമല്ല ഹിന്ദുസ്ഥാനികള്‍ക്ക്; രാജ്യസ്‌നേഹം പോരാ എന്നും ദേശീയതയെക്കുറിച്ച് വേവലാതിയില്ല എന്നും കണ്ടെത്തി അത് അവരെ പഠിപ്പിക്കാനും അവരെ ദേശീയവാദികളാക്കി സ്ഥിരപ്പെടുത്താനുമുള്ള ഉദ്യമത്തിലാണ് കേന്ദ്ര സര്‍ക്കാറും മറ്റ് ഔദ്യോഗിക/അനൗദ്യോഗിക ഏജന്‍സികളും. അതായത്, ഇന്ത്യക്കാര്‍/ഭാരതീയര്‍/ഹിന്ദുസ്ഥാനികള്‍ വേണ്ടത്ര ദേശീയാഭിമാനികളും രാജ്യസ്‌നേഹികളുമല്ല എന്നാണ് നിഗമനമെന്നു ചുരുക്കം. ദേശീയാഭിമാനവും രാജ്യസ്‌നേഹവും എളുപ്പത്തില്‍ ഉറപ്പിച്ചെടുക്കാനുള്ള മാര്‍ഗമാകട്ടെ രാജ്യത്തിന്റെ ഔപചാരിക-സായുധ സൈന്യത്തോട് ഭീതി ജനിപ്പിക്കുക എന്നതുമായിരിക്കുന്നു. നിലവിലുള്ള ആര്‍മി ചീഫായ ബിപിന്‍ റാവത്ത് പറയുന്നതു പോലെ, ജനങ്ങള്‍ക്ക് ഞങ്ങളെ പേടി വേണം! ഇന്ത്യന്‍ ദേശീയത എന്ന ആശയലോകവും സങ്കല്‍പരാജികളും; സൈന്യവും തമ്മിലുള്ള ബന്ധവും പാരസ്പര്യവും തന്നെ മുച്ചൂടും പൊളിച്ചെഴുതുന്ന രീതിയാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്നത്. പൊതുഖജനാവില്‍ നിന്ന് ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൊടുത്ത് നിലനിര്‍ത്തുകയും തീറ്റിപ്പോറ്റുകയും ചെയ്യുന്ന, ജനങ്ങളുടെ സേവകരും രാജ്യത്തിന്റെ രക്ഷകരും എന്ന നിര്‍വചനമാണ് അടുത്ത കാലം വരെയും സൈനികര്‍ക്കുണ്ടായിരുന്നതെങ്കില്‍; പൗരന്മാരെ ദേശീയതയും രാജ്യസ്‌നേഹവും പഠിപ്പിക്കുന്ന അധ്യാപകരായി അവര്‍ രൂപപരിണാമപ്പെട്ടിരിക്കുന്നു.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ ക്യാമ്പസില്‍ ഒരു പട്ടാളടാങ്ക് സ്ഥിരമായി സ്ഥാപിച്ച് പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നാണ് അടുത്ത ദിവസം അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ സൈന്യത്തിന്റെ മഹത്തായ വീറും വീര്യവും ത്യാഗമനോഭാവവും സദാ സമയവും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സന്ദര്‍ശകര്‍ക്കും ബോധ്യപ്പെടേണ്ടതുണ്ടെന്നാണ് വിസിയുടെ അഭിപ്രായം. കേന്ദ്രമന്ത്രിമാരായ വികെ സിംഗിനോടും ധര്‍മേന്ദ്ര പ്രധാനിനോടുമാണ് വിസി ഇപ്രകാരം ആവശ്യപ്പെട്ടത്. ജെ എന്‍ യുവിന്റെ ചരിത്രത്തിലാദ്യമായി കാര്‍ഗില്‍ വിജയദിവസം ആചരിച്ചപ്പോഴാണ് പട്ടാളടാങ്ക് എന്ന രാജ്യസ്‌നേഹ പാഠത്തെ ക്യാമ്പസില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ആവശ്യം വിസി ഉയര്‍ത്തിയിരിക്കുന്നത്. രാഷ്ട്രീയ മുദ്രാവാക്യങ്ങളുയര്‍ത്തിയ വിദ്യാര്‍ഥി നേതാക്കളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും കേസുകളില്‍ കുടുക്കുകയും ചെയ്തിട്ടധികകാലമായിട്ടില്ല. ഇപ്പോള്‍ തന്നെ ജെ എന്‍ യുവിലെ പ്രക്ഷോഭകാരിയായ വിദ്യാര്‍ഥി നേതാവ് ഷഹല റഷീദ് തന്റെ ഗവേഷണപ്രബന്ധത്തിനൊപ്പം ആധാര്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്ന നിബന്ധന പരസ്യമായി ലംഘിച്ചിരിക്കുകയാണ്.
മരിക്കാന്‍ പോലും ആധാര്‍ വേണമെന്ന മട്ടിലുള്ള നിര്‍ബന്ധങ്ങള്‍ രാജ്യത്തെ പൗരജീവിതത്തെ ആശങ്കയിലാഴ്ത്തുന്നതിനിടയിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും കാണാതിരുന്നുകൂടാ. മുന്‍ മനുഷ്യവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി, കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ട് ഒരു കൊല്ലമാവാറായി. സത്യത്തില്‍, ജെ എന്‍ യുവില്‍ ദേശീയപതാക നേരത്തെ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ക്യാമ്പസുകളില്‍ കയറി നോക്കി അവിടെയെന്താണ് സംഭവിക്കുന്നത് എന്നത് നേരില്‍ അറിയാനുള്ള സമയമില്ലാത്തതുകൊണ്ടായിരിക്കണം സ്മൃതി ഇറാനിയെ പിന്നീട് ടെക്‌സ്റ്റൈല്‍ വിഭാഗത്തിലേക്ക് മാറ്റി. ജനാധിപത്യപരമായ അക്കാദമിക്ക് അന്തരീക്ഷം നിലനിര്‍ത്തേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ, അച്ചടക്കത്തിന്റെയും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ഭരണാനുകൂലശീലത്തിന്റെയും തടവുപുരകളാക്കാനാണ് ഈ നീക്കങ്ങള്‍ ഉപകരിക്കുക എന്നതാരും തിരിച്ചറിയുന്നില്ല.
മാധ്യമങ്ങളെയും അക്കാദമിക് സമൂഹത്തെയും ആകാശത്തെയും ഭൂമിയെയും പ്രപഞ്ചത്തിന്റെ നാലതിരുകളെയും നിയന്ത്രണവിധേയമാക്കി കൈയടക്കി വെച്ചിരിക്കുന്ന ഇടതു-ലിബറല്‍ വാദികള്‍ ഈ ദേശീയതാ/രാജ്യസ്‌നേഹ പദ്ധതികളെ പരിഹസിച്ചും അവമതിച്ചും തുരങ്കം വെക്കുകയാണെന്നാണ് ശുദ്ധ/യഥാര്‍ഥ ദേശീയവാദികള്‍ പരാതിപ്പെടുന്നത്. മലയാള സിനിമാ രംഗത്തു നടന്ന ചില “നിസ്സാര” സംഭവങ്ങളെ തുടര്‍ന്ന് തത്കാലം നിര്‍ത്തി വെച്ചിരിക്കുന്ന പ്രേതബ്ലോഗെഴുത്തുകളില്‍ നാം വായിച്ച് സായൂജ്യമടഞ്ഞതു പോലെ; ഞങ്ങള്‍ കാര്‍ഗിലില്‍ മഞ്ഞു പെറുക്കുമ്പോള്‍ വിദ്യാര്‍ഥികളായി നടിക്കുന്ന ഈ രാജ്യസ്‌നേഹികള്‍ ഫയര്‍ സൈഡില്‍ വിസ്‌ക്കി നുണയുകയായിരുന്നു. വന്ദേമാതരം എന്തുകൊണ്ട് ചൊല്ലുന്നില്ലെന്നു ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കൂട്ടര്‍ പിഞ്ചു കുട്ടികള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ചതോര്‍മിപ്പിച്ച് ശ്രദ്ധ തിരിക്കും. കേരളം രാഷ്ട്രീയ എതിരാളികളെ മത്സരിച്ച് കൊല്ലുന്നത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍, നടിയെ ആക്രമിച്ചതു പോലുള്ള അസംബന്ധ വാര്‍ത്തകള്‍ ഇവര്‍ ആഘോഷിക്കും. ചുരുക്കം പറഞ്ഞാല്‍ ഈ ഇടതു-ലിബറല്‍-ജനാധിപത്യ-പുരോഗമന-മതനിരപേക്ഷ-മനുഷ്യാവകാശ വാദികളെക്കൊണ്ട് പൊറുതിമുട്ടി.

വിമര്‍ശനാത്മക ചിന്തയും വിയോജനങ്ങളും ആധികാരികതകളെ ചോദ്യം ചെയ്യലും പോലുള്ള സമ്പ്രദായങ്ങളാലാണ് സര്‍വകലാശാലകള്‍ കേടുവരുന്നത്. നോക്കൂ, സൈന്യത്തില്‍ ഇതൊന്നും അനുവദനീയമല്ല. എത്ര സുന്ദരം! രാജ്യത്ത് മുഴുവന്‍ ഇതൊക്കെ നിരോധിച്ചാലും ജെ എന്‍ യുവില്‍ ഇതൊക്കെ വേണമെന്നാണ് ചിലരുടെ വിചാരം. അവരുടെ മൂഢസ്വര്‍ഗങ്ങള്‍ തകരാന്‍ ഇനി അധികം നാളുകളില്ല. ഹിന്ദു ലേഖകനായ ജി സമ്പത്ത് പറയുന്നത്, പട്ടാള ടാങ്ക് കൊണ്ടു മാത്രം കാര്യമില്ലെന്നാണ്. ആര്‍മിയോടുള്ള പേടിയല്ലേ അപ്പോള്‍ പഠിക്കപ്പെടുള്ളൂ. ഫൈറ്റര്‍ ജെറ്റും മുങ്ങിക്കപ്പലും കൂടി പ്രദര്‍ശിപ്പിക്കണം. അപ്പോളല്ലേ നേവിയും എയര്‍ഫോഴ്‌സും ആദരിക്കപ്പെടുള്ളൂ. സാമൂഹിക ശാസ്ത്രങ്ങളുടെയും ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക പഠനങ്ങളുടെയും സ്‌കൂളുകള്‍ പൊളിച്ചു മാറ്റിയാല്‍, വിമാനവാഹിനിക്കപ്പല്‍ ഇറക്കാന്‍ മാത്രം പോരുന്ന ഒരു പടുകൂറ്റന്‍ ജലസംഭരണി നിര്‍മ്മിക്കാം. അവിടെ കടല്‍ വെള്ളം കൊണ്ടു നിറച്ചാല്‍ ഡല്‍ഹിയില്‍ കടലില്ല എന്ന പരാതിയും അതോടെ തീര്‍ന്നു കിട്ടും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ഭാഗമായി ദിവസം പ്രതി മുവ്വായിരം ഗര്‍ഭനിരോധന ഉറകളാണ് രാജസ്ഥാനിലെ ഒരു ഭരണകക്ഷി എം എല്‍ എ ക്യാമ്പസില്‍ നിന്നെണ്ണിത്തിട്ടപ്പെടുത്തിയത്. പട്ടാളത്തിലുള്ളവര്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന യാഥാര്‍ഥ്യം ഓര്‍മ വരുമെന്നതിനാല്‍; ടാങ്കും വിമാനവാഹിനിക്കപ്പലും മുങ്ങിക്കപ്പലും മറ്റും കൊണ്ടുവെച്ചാല്‍, വിദ്യാര്‍ഥികള്‍ ദുഷ്ചിന്തകളില്‍ നിന്നും മോചിതരാവും. ഒരു വെടിക്ക് രണ്ടു പക്ഷി.

അധ്യാപകര്‍ക്കായി കെട്ടിയുണ്ടാക്കിയിട്ടുള്ള ഒറ്റ ബംഗ്ലാവുകളും ഫഌറ്റുകളും പൊളിച്ച് ചാണകം കൊണ്ടുള്ള ഭാരതീയ വാസ്തുവിദ്യാഗൃഹങ്ങള്‍ പണിത് അവരെ അതില്‍ താമസിപ്പിച്ചാല്‍ സംശുദ്ധി വര്‍ധിക്കും. അപ്പോഴും ബാക്കിയാവുന്ന പ്രശ്‌നം ക്ലാസ് റൂമുകളില്‍ എന്തു പാഠം പഠിപ്പിക്കുമെന്നുള്ളതാണ്. അതിനുള്ള ദേശീയതാ/രാജ്യസ്‌നേഹ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്.
സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ പതിറ്റാണ്ടുകളില്‍, സൈന്യമെന്നത് രാജ്യസ്‌നേഹത്തിന്റെയും ദേശീയതയുടെയും പ്രതീകങ്ങളായിരുന്നില്ല. അതിനുള്ള പ്രധാന കാരണം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വളര്‍ത്തു പട്ടാളത്തിന്റെ പാരമ്പര്യമാണ് ഇന്ത്യന്‍ സൈന്യവും തുടര്‍ന്നത് എന്നതാണ്. സിവിലിയന്‍ നിയന്ത്രണത്തിലുള്ള, പ്രൊഫഷണലായ ഒരു സൈന്യം എന്ന മട്ടിലായിരുന്നു അക്കാലത്ത് പട്ടാളത്തെ വിഭാവനം ചെയ്തിരുന്നതും രൂപപ്പെടുത്തിയിരുന്നതും. ഖാദി ധരിച്ച സത്യാഗ്രഹികളും മരണം ഏറ്റുവാങ്ങുന്ന വിപ്ലവകാരികളുമായിരുന്നു ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും അക്കാലത്തെ പ്രതീകങ്ങള്‍. ഇപ്പോളതിനെല്ലാം പകരമായി സൈനികന്‍ സ്ഥാനമേറ്റെടുത്തിരിക്കുന്നു.
വടക്കേ ബംഗാള്‍ സര്‍വകലാശാലയില്‍ നാല്‍പതു കൊല്ലമായി ഒരു പട്ടാളടാങ്ക് നിലനില്‍ക്കുന്നുണ്ട്. പക്ഷേ, അതിന്റെ പ്രതീകാത്മകത വ്യത്യസ്തമാണ്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്ത പാക്കിസ്ഥാനി ടാങ്കാണത്. ശത്രുക്കള്‍ക്കു മേലുള്ള ഇന്ത്യയുടെ വിജയത്തിന്റെ പ്രതീകം. എന്നാല്‍, ഇപ്പോള്‍ ജെ എന്‍ യുവിലും മറ്റും സ്ഥാപിക്കാനുദ്ദേശിക്കുന്ന ടാങ്ക് ഇന്ത്യന്‍ സൈന്യത്തിന്റേതാണ്. അപ്പോള്‍, അതിലൂടെ വ്യവസ്ഥാപനം ചെയ്യപ്പെടുന്ന ശത്രുക്കളും ശത്രു രാജ്യങ്ങളും ഏതാണ്? സര്‍ഗാത്മക ചിന്തകളും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ഥി-അധ്യാപക സമൂഹവും ജനാധിപത്യവും ആണ് ശത്രുത്വം കല്‍പ്പിച്ച് എതിര്‍ക്കപ്പെടുന്നതെന്നു ചുരുക്കം.
Reference : 1. Tank Nationalism (Editorial, E-conomic & Political Weekly, August 5, 2017)
2. All true patriots will welcome the Army tank in JNU by G. Sampath (The Hindu August 6, 2017 – http://www.thehindu.com/opinion/ope-d/all true patriots will welcome the army tank in jnu/article19436047.ece

---- facebook comment plugin here -----

Latest