Connect with us

Articles

ഇവിടെ രണ്ടെടുത്താല്‍ ഒന്ന് ഫ്രീ, അവിടെ...

Published

|

Last Updated

ഒരു ദിവസം ഉച്ചയാകുന്നതിന് മുമ്പാണ്. ടൗണിലെ റോഡ് വഴി നടക്കുകയാണ്. അത്യാവശ്യമായി ചില സാധനങ്ങള്‍ വാങ്ങണം. അപ്പോഴാണ് ഒരു വിളി. സൂഹൃത്തായിരിക്കും. അവന്‍ കുറെക്കാലത്തിനിടക്ക് കാണുകയായിരിക്കും. ചിരിയോടെ തിരിഞ്ഞു നോക്കാനാണ് പ്ലാന്‍. എന്റെ പഴയകാല കൂട്ടുകാരാ, എന്നൊക്കെ മനസിലുണ്ട്.

കാണുന്നതെന്താണ്? ഒരു കുട. അതിന് ചൂവട്ടില്‍ രണ്ടു മൂന്ന് പേര്‍. ഇവരെയാരെയും പരിചയമില്ലല്ലോ. ഓര്‍മകളില്‍ സ്‌ക്രാച്ച് ചെയ്തു. തെളിയുന്നില്ലല്ലോ. ചേട്ടാ, ഓഫറുണ്ട്. അയാള്‍ പറഞ്ഞു തുടങ്ങുകയാണ്. അതെടുത്താല്‍ രണ്ട് ഫ്രീ, ഇതെടുത്താല്‍ നാല് ഫ്രീ…
കൂടുതല്‍ കേള്‍ക്കാന്‍ നേരമില്ല. നടക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ നോട്ടീസ് തന്നു. നാലുനിറങ്ങളില്‍ ഓഫറുകളുടെ പെരുമഴക്കാലം. വീണ്ടും വിളി. ചേട്ടാ എന്ന് തന്നെയാണ്. ഒരു കുടക്കീഴിലാണ്. ഒറ്റവായില്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ സ്‌നേഹത്തോടെ മൊഴിഞ്ഞു. കടലാസ് തന്നേക്ക്. അവര്‍ക്ക് സന്തോഷമായി. വിളിക്കേണ്ട നമ്പര്‍ ഇതിലുണ്ട്, കേട്ടോ.
നടന്നു. അപ്പുറത്ത് കട കാലിയാക്കാനുള്ള പെടാപ്പാടാണ്. വിലക്കുറവാണ്, നല്ല തുണിത്തരങ്ങള്‍. ഇതര സംസ്ഥാന തൊഴിലാളി ആള്‍ക്കാരെ വിളിക്കുകയാണ്. ഇവന്‍ മലയാളവും പഠിച്ചു മോനേ…വാങ്ങണമെന്നില്ല, കയറി നോക്കൂ…അയാളുടെ പുതിയ ഓഫറാണ്.
നേരമില്ല. ടൗണിലെ കാര്യങ്ങള്‍ നിര്‍വഹിച്ച് വേഗം വീട്ടിലെത്തണം. പച്ചക്കറി നനക്കണം. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വഴി കിട്ടിയതാണ്. എത്ര നനച്ചാലും ഓണത്തിന് പച്ചക്കറി കിട്ടുമെന്ന് തോന്നുന്നില്ല. എന്നാലും…കഴിഞ്ഞയാഴ്ച റേഷന്‍ കാര്‍ഡിന്റെ പിന്നാലെയായിരുന്നു. താഴെയാകാനുള്ള അപേക്ഷയുമായി ഓഫീസില്‍.
ചേട്ടാ, വീണ്ടും വിളി. ഹോട്ടലിന് മുമ്പില്‍ ഒരു ജീന്‍സുകാരന്‍. ഊണ്‍ തയ്യാര്‍, ബിരിയാണി പലതരം. മസാല ദോശയും… ചിരിക്കണോ, കരയണോ? അത്യാവശ്യമായി പോകുകയാണ്. സാധനങ്ങള്‍ വാങ്ങാനുണ്ട്.

രാവിലെ മകള്‍ പറഞ്ഞിരുന്നു. അഞ്ചാം ക്ലാസിലാണ്. പരീക്ഷക്കും ഓഫറുണ്ട്. എട്ട് ചോദ്യങ്ങളില്‍ ഏതെങ്കിലും അഞ്ചെണ്ണം എഴുതിയാല്‍ മതി.
ഇപ്പോള്‍ കൈകള്‍ നിറയെ നോട്ടീസുകളാണ്. സിം ഫ്രീ, വിളിക്കാം, കളിക്കാം. കമ്പ്യൂട്ടര്‍ വേണോ, ജി.എസ്.ടിയെ പേടിക്കേണ്ട. ജംഗ്ഷനിലെത്തിയപ്പോള്‍ നടത്തം നിര്‍ത്തി.
ഏത് സാധനം വാങ്ങാനാണ് വന്നതെന്ന് മറന്നു. ഓര്‍ത്തെടുക്കാനാവുന്നില്ല. ഇപ്പോഴത്തെ മഴ പോലെയാണ്, മുറിഞ്ഞു പോകുന്നു. ഓഫറില്‍ കുടുങ്ങിക്കിടപ്പാണ്. വീട്ടിലേക്ക് വിളിച്ചാലോ, അവള്‍ക്ക് ഓര്‍മയുണ്ടാകും.
എന്തൊക്കെ സാധനങ്ങള്‍ വാങ്ങണമെന്നാണ് പറഞ്ഞത്? ഭാര്യ പറയുകയാണ്. എനിക്ക് ഒന്നും ഓര്‍മയില്ല. ഇവിടെ സാധനങ്ങളുമായി ഒരു പയ്യന്‍ വന്നിട്ടുണ്ട്. അടുക്കളക്ക് പറ്റിയ ഐറ്റംസ് ഉണ്ട്. ആറെടുത്താല്‍ മൂന്ന് ഫ്രീയാണ്! നിങ്ങള്‍വേഗം വീട്ടിലേക്ക് വരൂ. അപ്പോള്‍ മനസില്‍ പറഞ്ഞു. സാധനങ്ങള്‍ തീര്‍ന്നാല്‍ അവരും ഫ്രീയാകും!

Latest