ചൂഷണങ്ങള്‍ക്കെതിരെ ഐ ടി തൊഴിലാളികളും സംഘടിക്കുന്നു

Posted on: August 20, 2017 10:48 am | Last updated: August 20, 2017 at 12:51 pm

ബെംഗളൂരു: ചൂഷണങ്ങള്‍ക്കെതിരെ രാജ്യത്തെ ഐ ടി മേഖലയിലെ തൊഴിലാളികളും സംഘടിക്കുന്നു. ഐ ടി മേഖലയില്‍ വര്‍ധിച്ചുവരുന്ന പീഡനങ്ങളും തൊഴില്‍ ചൂഷണവും നേരിടാന്‍ തൊഴിലാളി യൂനിയന്‍ വേണമെന്ന ആശയത്തിലാണ് തൊഴിലാളികള്‍ ഒരു കുടക്കീഴില്‍ ഒരുമിക്കുന്നത്.
സോഫ്റ്റ് വെയര്‍ കയറ്റുമതിയിലൂടെയും മറ്റ് ഐ ടി അധിഷ്ഠിത ജോലികളിലൂടെയും കോടികളാണ് വിവിധ കമ്പനികള്‍ ലാഭം കൊയ്യുന്നത്. എന്നാല്‍, ഈ ലാഭം കൂട്ടാന്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് കമ്പനികള്‍ അടുത്തകാലത്തായി നടപ്പാക്കുന്നതെന്ന് തൊഴിലാളികള്‍ ഏകസ്വരത്തില്‍ കുറ്റപ്പെടുത്തുന്നു.

തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് അധിക ജോലി ഭാരം മറ്റു ജീവനക്കാരുടെ ചുമലില്‍ കെട്ടിവെക്കുന്ന കമ്പനികള്‍ ലാഭം പതിന്മടങ്ങ് വര്‍ധിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്തുടനീളം സംഘടിക്കാന്‍ തയ്യാറായി ഐ ടി തൊഴിലാളികള്‍ മുന്നോട്ട് വരുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം രാജ്യത്തെ ഐ ടി ഹബ്ബുകളില്‍ ഒന്നായ ബെംഗളൂരുവില്‍ ഇന്ന് ഐ ടി തൊഴിലാളികളുടെ ട്രേഡ് യൂനിയന്‍ രൂപവത്കരണ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബെംഗളൂരു കോറമംഗലയിലെ വൈ ഡബ്ല്യു സി എ ഹാളില്‍ ഉച്ചക്ക് രണ്ടിന് ചേരുന്ന ട്രേഡ് യൂനിയന്‍ രൂപവത്കരണ സമ്മേളനത്തില്‍ ഐ ടി, ഐ ടി അധിഷ്ഠിത മേഖലയിലെ തൊഴിലാളികളെ പ്രതിനിധീകരിച്ച് നൂറു കണക്കിന് തൊഴിലാളികള്‍ പങ്കെടുക്കും.