Connect with us

Eranakulam

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18ലേക്ക് മാറ്റി

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റി.
സിനിമാ മേഖലയിലെ ശക്തരായ ഒരു വിഭാഗം തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയം പോലുമില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപ് പറഞ്ഞിരുന്നു.

ചെറുതെങ്കിലും ശക്തരായ, സിനിമയിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന വാദമാണ് ഹൈക്കോടതിയില്‍ വീണ്ടും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപ് പ്രധാനമായും ഉയര്‍ത്തുന്നത്. മാധ്യമങ്ങളെയും പോലീസിനെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സ്വാധീനിച്ചെന്നും ദിലീപ് ആരോപിക്കുന്നു.
താന്‍ അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാനുളളതുമായ സിനിമകള്‍ അനിശ്ചിതത്വത്തിലായെന്നും ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെ പോലും ഇത് പ്രതികൂലമായി ബാധിച്ചെന്നുമുളള വാദവും ജാമ്യാപേക്ഷയില്‍ ദിലീപ് ഉയര്‍ത്തുന്നു. തന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ കാര്യവും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയ കാര്യവും ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു.

സാക്ഷികളെ സ്വാധീനിക്കാന്‍ താന്‍ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്താത്ത സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തന്നെ തുടര്‍ന്നും സൂക്ഷിക്കുന്നത് അനീതിയാണെന്ന വാദവും ദിലീപ് ഉയര്‍ത്തുന്നു. എന്നാല്‍ ജാമ്യാപേക്ഷയെ കോടതിയില്‍ തുടര്‍ന്നും എതിര്‍ക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.