Connect with us

Editorial

കോണ്‍ഗ്രസിന് ഉണരാനുള്ള അവസരം

Published

|

Last Updated

കേന്ദ്ര ഭരണത്തിന്റെയും ശാസനകളില്‍ പണിത പാര്‍ട്ടി കെട്ടുറപ്പിന്റെയും വര്‍ഗീയ വിഭജനത്തിന്റെയും ബലത്തില്‍ ആരെയും വിലക്കെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന ബി ജെ പിയുടെ അഹങ്കാരത്തിനേറ്റ മുഖമടച്ച പ്രഹരമാണ് ഗുജറാത്തിലേത്. കുതന്ത്രങ്ങളുടെ ആശാനായ ഒരു അധ്യക്ഷനും നല്ല വാചക ശേഷിയുള്ള ഒരു പ്രധാനമന്ത്രിയും സ്തുതിപാഠകരായ ചില മാധ്യമങ്ങളും ഉണ്ടെങ്കില്‍ രാജ്യത്തെ തന്നെ വിലക്കെടുക്കാമെന്ന മോഹം അധികകാലം വിലപ്പോകില്ലെന്ന് ഗുജറാത്ത് തെളിയിച്ചിരിക്കുന്നു. ഗോവ, മണിപ്പൂര്‍, ബീഹാര്‍, ത്രിപുര സംസ്ഥാനങ്ങളിലെല്ലാം ബി ജെ പി നടത്തിയ ചാക്കിട്ട് പിടിത്തത്തിന്റെ ആവര്‍ത്തനമാണ് ഗുജറാത്തില്‍ പയറ്റിയത്. ഏത് പാര്‍ട്ടിയെയും പിളര്‍ത്താനും എവിടെ നിന്നും അടര്‍ത്തിയെടുക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്ന ഹുങ്കിലായിരുന്നു അവര്‍. കേരളത്തിലടക്കം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബി ജെ പിയിലേക്ക് വരാനിരിക്കുന്നു എന്നാണ് സംഘ് നേതാക്കള്‍ പറഞ്ഞു കൊണ്ടിരുന്നത്. അങ്ങനെ എക്കാലത്തും ജയിച്ച് നില്‍ക്കാനാകില്ലെന്ന് മോദിയുടെ നാട് തന്നെ തെളിയിച്ചു. കൊടുത്താല്‍ കിട്ടുമെന്ന ചൊല്ല് അന്വര്‍ഥമായി. അഹ്മദ് പട്ടേലിന്റെ വിജയം ഒരു സീറ്റിലേക്കുള്ള വെറും വിജയമല്ല. വലിയ മാനങ്ങളുണ്ട് അതിന്. ബി ജെ പിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കിന് അത് തടയിടും. ആ പാര്‍ട്ടിയിലെ അതൃപ്തര്‍ക്ക് ഒച്ച പൊങ്ങും. ഗുജറാത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കോണ്‍ഗ്രസിന് അവസരമൊരുങ്ങും.

രാജ്യസഭയിലെ മൂന്ന് ഒഴിവുകളിലേക്കാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് അംഗങ്ങളെ ജയിപ്പിക്കാനുള്ള അംഗബലം ബി ജെ പിക്കുണ്ട്. അതിലേക്ക് അവര്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായെയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെയും മത്സരിപ്പിച്ചു. പിന്നെയുള്ള ഒരു സീറ്റില്‍ സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള ശേഷി കോണ്‍ഗ്രസിനുണ്ടായിരുന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അഹ്മദ് പട്ടേലിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കാന്‍ തീരുമാനിച്ചത്. ഇതോടെ അമിത് ഷാ കളി തുടങ്ങി. ആറ് കോണ്‍ഗ്രസ് എം എല്‍ എമാരെ രാജിവെപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഇതോടെ പട്ടേല്‍ പിന്‍വാങ്ങുമെന്നായിരുന്നു കണക്ക് കൂട്ടിയത്. പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വഗേല കോണ്‍ഗ്രസ് വിടുന്നതാണ് പിന്നെ കണ്ടത്. അതോടെ കോണ്‍ഗ്രസിന് കാര്യത്തിന്റെ പോക്ക് പിടികിട്ടി. അവര്‍ തങ്ങളുടെ ബാക്കി വരുന്ന 44 എം എല്‍ എമാരെ ബെംഗളൂരുവിലേക്ക് മാറ്റി. ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് വല വീശുകയാണ് ബി ജെ പിയെന്ന സത്യം പുറത്തുവന്നു. ബെംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് എം എല്‍ എമാരെ മാറ്റാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്ത കര്‍ണാടക മന്ത്രി ഡി കെ ശിവകുമാറിന്റെ വസതികളിലും ഓഫീസിലും നിരന്തരം റെയ്ഡ് നടത്തി പകപോക്കല്‍ രാഷ്ട്രീയത്തിന്റെ പുതിയ അധ്യായവും ബി ജെ പി തുറന്നു. വിമത എം എല്‍ എമാരില്‍ ഒരാളായ ബല്‍വന്ത് സിംഗ് രജ്പുതിനെ പട്ടേലിനെ എതിരിടാന്‍ നിയോഗിക്കുകയും ചെയ്തു.

ഒടുവില്‍ വോട്ടിംഗ് നടന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ബെംഗളൂരുവിലേക്ക് മാറ്റിയ 44 എം എല്‍ എമാരില്‍ രണ്ട് പേര്‍ തങ്ങള്‍ ചെയ്ത വോട്ട് അമിത്ഷാക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കരാര്‍ പാലിച്ചുവെന്ന് യജമാനനെ ബോധ്യപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. ഇതോടെ പട്ടേലിന്റെ തോല്‍വി ഉറപ്പായെന്ന പ്രതീതി വന്നു. ഇവിടെയാണ് കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ രാഷ്ട്രീയ ബുദ്ധി പുറത്തെടുത്തത്. സ്വന്തം ഏജന്റുമാര്‍ക്കല്ലാതെ മറ്റാര്‍ക്ക് മുന്നിലും ബാലറ്റ് തുറന്ന് കാണിക്കരുത് എന്ന ചട്ടം ലംഘിച്ചതിനെ കോണ്‍ഗ്രസ് ശക്തമായി ചോദ്യം ചെയ്തു. വോട്ടെണ്ണല്‍ നിര്‍ത്തി വെക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതമായി. കേന്ദ്ര മന്ത്രിമാര്‍ ഒന്നടങ്കം സ്വാധീനം ചെലുത്തിയിട്ടും കമ്മീഷന്‍ കൃത്യമായ നിലപാടെടുത്തു. ഹരിയാനയില്‍ സമാനമായ സംഭവത്തില്‍ വോട്ട് അസാധുവാക്കിയ കീഴ്‌വഴക്കം കൂടി തുണയായപ്പോള്‍ കമ്മീഷന്‍ ഉറച്ച തീരുമാനമെടുത്തു. ബി ജെ പിയെ തുണച്ച രണ്ട് എം എല്‍ എമാരുടെ വോട്ട് അസാധുവാക്കി. പിന്നെയും തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ പുലര്‍ച്ചെ രണ്ടിന് വോട്ടെണ്ണി കഴിയുമ്പോള്‍ 44 വോട്ട് നേടി അഹ്മദ് പട്ടേല്‍ ജയിച്ചു. കൂറുമാറ്റത്തിന്റെ വേദന രുചിക്കാനും ഗുജറാത്ത് നാടകത്തില്‍ അമിത് ഷാ ക്യാമ്പിന് അവസരം ലഭിച്ചു. താന്‍ വോട്ട് ചെയ്തത് പട്ടേലിനാണെന്ന് ബി ജെ പിയുടെ എം എല്‍ എ മലിന്‍ കൊതാദിയ പ്രഖ്യാപിച്ചതാണ് അമിത് ഷാ ക്യാമ്പിനെ ശരിക്കും തളര്‍ത്തിക്കളഞ്ഞത്.

സമ്മര്‍ദത്തിന് വഴങ്ങാതെ നീതിപൂര്‍വം തീരുമാനമെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദനമര്‍ഹിക്കുന്നു. കോണ്‍ഗ്രസിന്റെ വീര്യം അങ്ങനെയൊന്നും ചോര്‍ത്തിക്കളയാനാകില്ലെന്നും ഈ വിജയം തെളിയിക്കുന്നു. ഗോവയിലും മണിപ്പൂരിലും ഭരണം ബി ജെ പിക്ക് തളികയില്‍ വെച്ചുനല്‍കിയ കോണ്‍ഗ്രസിന്റെ പോഴത്തരത്തെയോര്‍ത്ത് ഈ വിജയ മുഹൂര്‍ത്തത്തിലെങ്കിലും അവര്‍ ലജ്ജിക്കട്ടേ. ഫാസിസ്റ്റ് ക്രൗര്യങ്ങളില്‍ അഭിരമിച്ച് അശ്വമേധം തുടരുന്ന കേന്ദ്ര ഭരണകക്ഷിയെ പിടിച്ചുകെട്ടാന്‍ പോന്ന യഥാര്‍ഥ രാഷ്ട്രീയ ജാഗ്രതയിലേക്കും നിലപാടിലേക്കും ഉണരാനുള്ള അവസരമായി ഗുജറാത്ത് വിജയഗാഥയെ കോണ്‍ഗ്രസ് മനസ്സിലാക്കുമെങ്കില്‍ മതേതര ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. അങ്ങനെയെങ്കില്‍ സംഘ് ശക്തിയെ അതിന്റെ മടയില്‍ തന്നെ വെല്ലുവിളിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കും. അതിന് മൃദുഹിന്ദുത്വത്തിന്റെ പഴയ ചാലില്‍ നിന്ന് കോണ്‍ഗ്രസ് പുറത്തുവരിക തന്നെ വേണം. ന്യൂനപക്ഷങ്ങളും ദളിതുകളും ബഹുസ്വരതയില്‍ വിശ്വാസമര്‍പ്പിച്ച കോടിക്കണക്കായ മനുഷ്യരും ആ പാര്‍ട്ടിയെ കാത്തിരിക്കുന്നുണ്ട്. ജയറാം രമേഷ് പറഞ്ഞത് പോലെ, രാജ്യം നഷ്ടപ്പെട്ടിട്ടും രാജാവിന്റെ ഭാവത്തില്‍ നില്‍ക്കരുത് പാര്‍ട്ടി. ജനങ്ങളെ അണി നിരത്തി ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ രാഷ്ട്രീയത്തെ ചെറുക്കണം. നിഷ്‌ക്രിയ നേതാക്കളെ മാറ്റി ഊര്‍ജസ്വലരെ നയിക്കാന്‍ നിയോഗിക്കണം. ഒന്ന് മെലിഞ്ഞുവെന്ന് കരുതി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ അത്ര എളുപ്പം തൊഴുത്തില്‍ കെട്ടാന്‍ സാധിക്കില്ലെന്ന് തെളിയിക്കണം.

---- facebook comment plugin here -----

Latest