മകന്റെ കല്യാണം കൂടാന്‍ മഅ്ദനി നാളെ തലശ്ശേരിയിലെത്തും

Posted on: August 8, 2017 11:00 am | Last updated: August 7, 2017 at 10:54 pm

തലശ്ശേരി: സുപ്രീം കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെത്തിയ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ നാളെ തലശ്ശേരിയിലെത്തും.

ഉച്ചക്ക് 12മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ നടക്കുന്ന മൂത്ത മകന്‍ ഹാഫിസ് ഉമര്‍മുഖ്താറിന്റെ നിക്കാഹ് ആശീര്‍വദിക്കാനാണ് മഅ്ദനി പുലര്‍ച്ചെ തലശ്ശേരിയിലെത്തുക. കോഴിക്കോട് നിന്ന് റോഡ് മാര്‍ഗം എത്തുന്ന മഅ്ദനിക്ക് നഗരത്തിലെ ഇരട്ട നക്ഷത്ര ഹോട്ടലായ പാരീസ് പ്രസിഡന്‍സിയിലാണ് വിശ്രമ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹോട്ടലില്‍ പ്രഭാത കര്‍മങ്ങളും പ്രാതലും കഴിച്ച ശേഷം 11 മണിയോടെ നിക്കാഹ് നടക്കുന്ന ടൗണ്‍ ഹാള്‍ ഓഡിറ്റോറിയത്തിലേക്ക് പോകും. അവിടെ വിവാഹ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. അതിഥികള്‍ക്കൊപ്പം വിവാഹസദ്യ കഴിച്ച് തിരികെ വീണ്ടും ഹോട്ടലിലെത്തും. വിശ്രമ ശേഷം വൈകിട്ട് അഞ്ചിന് മകന്റെ വധൂഗൃഹമായ അഴിയൂര്‍ ഹാജിയാര്‍ പള്ളിക്കടുത്ത ബൈത്തുല്‍ നിഹ്മത്തിലേക്ക് പോകും. അവിടെ സല്‍ക്കാരത്തില്‍ സംബന്ധിച്ച ശേഷമാണ് തിരികെ കോഴിക്കോട് വഴി അന്‍വാറുശ്ശേരിയിലേക്ക് മടങ്ങുക.

മഅ്ദനിയുടെ പൂര്‍ണ സമയസുരക്ഷ നോക്കുന്നത് കര്‍ണാടക പോലീസാണ്. ഇതിനായി നിയോഗിക്കപ്പെട്ട പതിനാറംഗ സേന യാത്രയിലുടനീളം അദ്ദേഹത്തെ അനുഗമിക്കും. സുരക്ഷാ ഭീഷണിയുള്ള മഅ്ദനിക്ക് രണ്ടാം വലയ സെക്യൂരിറ്റി നല്‍കേണ്ട ചുമതല മാത്രമാണ് കേരള പോലീസിനുള്ളത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത യാത്രാ വഴിയിലുടനീളം കേരള പോലീസ് പുലര്‍ത്തും. ഇതിനായി സായുധ പോലീസിനെ വിന്യസിക്കാനാണ് നീക്കം.