ബിജെപി നേതാവ് ആംബുലന്‍സ് തടഞ്ഞു; ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

Posted on: August 7, 2017 3:22 pm | Last updated: August 7, 2017 at 8:04 pm

ഛണ്ഡീഗഢ്: രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് ബിജെപി നേതാവ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സകിട്ടാതെ രോഗി മരിച്ചു. 42 കാരനായ നവീന്‍ സോണിയാണ് മരിച്ചത്.
ഫത്തേബാദില്‍ ശനിയാഴ്ചയാണ് സംഭവം.

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവും ഫത്തേബാദ് കൗണ്‍സിലറുമായ ദര്‍ശന്‍ നാഗ്പാലിന്റെ കാറില്‍ ഇടിച്ചു. വാഹനം ഇടിച്ചിട്ടും നിര്‍ത്താതെ പോയ ആംബുലന്‍സിനെ മറികടന്ന് ഇയാള്‍ വാഹനം കുറുകെയിട്ട് തടഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവറുമായും രോഗിയുടെ ബന്ധുക്കളുമായും ഇയാള്‍ ഏറെ നേരം കൊമ്പുകോര്‍ത്തു. എന്നാല്‍ തര്‍ക്കം അരമണിക്കൂറോളം നീണ്ടതോടെ രോഗി മരിച്ചുവെന്ന് ബന്ധുക്കളായ അരുണ്‍ സോണിയും സീതാറാം സോണിയും ആരോപിക്കുന്നു.അത്യാവശ്യമാണെന്ന് അറിയിച്ചിട്ടും തങ്ങളെ പോകാന്‍ അനുവദിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. 15 മിനുട്ട് നേരത്തെ എത്തിച്ചിരുന്നെങ്കില്‍ രോഗിയെ രക്ഷപ്പെടുത്താന്‍ സാധിച്ചേനെയെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.

ആതേസമയം, താന്‍ ആംബലന്‍സ് തടഞ്ഞിട്ടില്ലെന്നും ആംബുലന്‍സിന്റെ ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും ബിജെപി നേതാവ് പറയുന്നു. സംഭവത്തില്‍ രോഗിയുടെ ബന്ധുക്കളുടെ പരാതി ലഭിച്ചതായും അന്വേഷണത്തിന്റെ ഭാഗമായി ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജഗദീഷ് ചന്ദ്ര പറഞ്ഞു.