ജുനൈദിന്റെ കുടുംബത്തിന് സിപിഎം പത്ത് ലക്ഷം രൂപ നല്‍കും

Posted on: August 5, 2017 7:05 pm | Last updated: August 5, 2017 at 9:48 pm
മുഖ്യമന്ത്രി പിണറായി വിജയനെ ജുനൈദിന്റെ മാതാപിതാക്കള്‍ സന്ദര്‍ശിക്കുന്നു (ഫയല്‍ ചിത്രം)

തിരുവനന്തപുരം: ബീഫ് കൈവശംവെച്ചെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കിടെ സംഘപരിവാര്‍ അനുകൂലികള്‍ മര്‍ദിച്ചുകൊന്ന ഹരിയാന സ്വദേശി ജുനൈദിന്റെ കുടുംബത്തിന് സിപിഎം പത്ത് ലക്ഷം രൂപ നല്‍കും. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജുനൈദിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും സന്ദര്‍ശിച്ചിരുന്നു. വൃന്ദാ കാരാട്ടിനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച കുടുംബം കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം അഭ്യര്‍ഥിച്ചിരുന്നു.
രാജ്യത്തെ മതനിരപേക്ഷസമൂഹം കുടുംബത്തിന് പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇക്കാര്യം പരിഗണിച്ചാണ് സിപിഎം സംസ്ഥാന കമ്മിറ്റി സഹായം നല്‍കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വഴി തുക ജുനൈദിന്റെ കുടുംബത്തിന് കൈമാറും. ബീഫ് കൈയിലുണ്ടെന്ന് ആരോപിച്ചാണ് സംഘ്പരിപാര്‍ അനുകൂലികള്‍ പതിനാറുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച് മര്‍ദിച്ചുകൊന്നത്.