രാഷ്ട്രപതി ഭരണം ആര്‍എസ്എസിന്റെ സ്വപ്‌നം മാത്രം; ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട- കോടിയേരി

Posted on: August 4, 2017 4:26 pm | Last updated: August 4, 2017 at 5:46 pm

തിരുവനന്തപുരം: കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് ആര്‍എസ്എസ് ആസൂത്രിതമായി ആക്രമണം നടത്തുകയാണ്. സിപിഎമ്മുകാരല്ലത്തവരെയും ആര്‍എസ്എസ് കൊലപ്പെടുത്തുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ബിജെപി ദേശീയ നേതൃത്വമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടിയില്‍ അപാകത കാണുന്നില്ല. സര്‍ക്കാറുമായി ഗവര്‍ണര്‍ക്കു നല്ല ബന്ധമാണ് ഉള്ളത്. ഇത് ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.

ഗവര്‍ണര്‍ രാഷ്ട്രീയപരമായി ഇടപെടുകയാണെങ്കില്‍ അതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കും. ബിജെപിയാണ് ഗവര്‍ണറെ വിമര്‍ശിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാറിനെ തകര്‍ക്കാന്‍ ആലോചിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

കൊലപാതകങ്ങളുടെ പേരില്‍ സര്‍ക്കാറിനെ പിരിച്ചുവിടുകയാണെങ്കില്‍ ആദ്യം യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിനെയാണ് പിരിച്ചുവിടേണ്ടത്. യുപിയില്‍ ആതിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം നിരവധി കൊലപാതകങ്ങളാണ് നടന്നത്. യുപിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കൊലപാതകങ്ങളുടെ എണ്ണം വളരെ കുറവാണ്.

സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ടപതി ഭരണം ഏര്‍പ്പെടുത്താമെന്നത് ആര്‍എസ്എസിന്റെ സ്വപ്‌നം മാത്രമാണ്. ഇത് വിലപ്പോകില്ല. ഇത്തരം ഓലപ്പാമ്പ് കാണിച്ച് സിപിഎമ്മിനെ പേടിപ്പിക്കേണ്ട. സര്‍ക്കാറിനെ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബിജെപിക്ക് ഉള്ള സീറ്റും നഷ്ടപ്പെടും. ഒ രാജഗോപാലിനോട് വിരോധമുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും കോടിയേരി പരിഹസിച്ചു.