ഖത്വരികളുടെ കലാസൃഷ്ടികള്‍ക്ക് ആവശ്യക്കാരേറെ

Posted on: August 1, 2017 11:04 pm | Last updated: August 1, 2017 at 11:04 pm

ദോഹ: കതാറ കലാ കേന്ദ്രത്തിലെ അല്‍ മര്‍ഖിയ ഗാലറിയില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ പൊന്നുംവിലക്ക് ഖത്വരി കലാസൃഷ്ടികള്‍ സ്വന്തമാക്കി കലാസ്വാദകര്‍. 2500 ഖത്വര്‍ റിയാല്‍ മുതല്‍ 19000 റിയാല്‍ വരെ വിലയുള്ള ചിത്രങ്ങളും സൃഷ്ടികളുമാണ് എക്‌സിബിഷനില്‍ തുടക്കത്തില്‍ തന്നെ വിറ്റ് പോയത്. ‘ഫിഫ്റ്റി ഫിഫ്റ്റി’ എന്ന് പേരിട്ട പ്രദര്‍ശനത്തിലേക്ക് നിരവധി കലാസ്വാദകരാണ് എത്തുന്നത്. പ്രദര്‍ശിപ്പിക്കുന്ന എല്ലാ കലാസൃഷ്ടികളും അന്‍പത്് സെന്റിമീറ്റര്‍ നീളത്തിലും അന്‍പത് സെന്റിമീറ്റര്‍ വീതിയിലുമാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാലാണ് പ്രദര്‍ശനത്തിന് ഫിഫ്റ്റി ഫിഫ്റ്റി എന്ന പേര് നല്‍കിയിരിക്കുന്നത്.

തങ്ങള്‍ ഇഷ്ടപ്പെടുന്ന ആശയങ്ങളിലുള്ള താത്പര്യമാണ് സൃഷ്ടികള്‍ സ്വന്തമാക്കന്‍ പലരെയും പ്രേരിപ്പിക്കുന്നതെന്ന്് കലാകാരന്‍മാര്‍ പറയുന്നു. ദോഹ കേന്ദ്രീകരിച്ചുള്ള പതിനേഴ് ചിത്രകാരന്‍മാരുടെ എഴുപതോളം സമകാലിക സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. ബില്‍ഡിംഗ് നമ്പര്‍ അഞ്ചിലെ കത്താറ ആര്‍ട്ട് സെന്ററില്‍ സെപ്റ്റംബര്‍ എട്ട് വരെ പ്രദര്‍ശനം തുടരും. ആദ്യഘട്ട പ്രദര്‍ശനം ജൂണ്‍ എട്ട് മുതല്‍ ജൂലൈ 20 വരെ നടന്നിരുന്നു.