Connect with us

Kerala

ഓണാവധി: കേരള ആര്‍ ടി സി പ്രത്യേക ബസുകളുടെ പ്രഖ്യാപനം നീളുന്നു

Published

|

Last Updated

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് കേരള ആര്‍ ടി സിയുടെ പ്രത്യേക ബസുകളുടെ പ്രഖ്യാപനം നീളുന്നു. യാത്രാത്തിരക്ക് കൂടുതലുള്ള സെപതംബര്‍ ഒന്നിന് കേരള ആര്‍ ടി സി ബസുകളില്‍ ഇനി ഏതാനും ടിക്കറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂ. രണ്ടു ദിവസത്തിനുള്ളില്‍ ഈ ടിക്കറ്റുകള്‍ കൂടി തീരും.

അവധി തുടങ്ങാന്‍ ഒരു മാസം ബാക്കിനില്‍ക്കെ, ടിക്കറ്റുകള്‍ തീര്‍ന്നതിനാല്‍ കേരള ആര്‍ ടി സി പ്രത്യേക ബസുകള്‍ നേരത്തേ പ്രഖ്യാപിക്കണമെന്നതാണ് മലയാളികളുടെ ആവശ്യം. കര്‍ണാടക ആര്‍ ടി സി ടിക്കറ്റ് ബുക്കിംഗ് രണ്ട് ദിവസത്തിനകം ആരംഭിക്കാനിരിക്കുകയാണ്. ഓണത്തോടനുബന്ധിച്ച് കേരള ആര്‍ ടി സിയിലെയും ട്രെയിനുകളിലെയും ടിക്കറ്റ് ഏറെക്കുറെ തീര്‍ന്ന നിലയിലാണ്. ഇനി കര്‍ണാടക ആര്‍ ടി സിയിലെ റിസര്‍വേഷന്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ശരണം. ഇതില്‍ റിസര്‍വേഷന്‍ തുടങ്ങുന്നതും കാത്തിരിക്കുകയാണ് ബെംഗളൂരുവിലെ മലയാളി യാത്രക്കാര്‍.

കര്‍ണാടക ആര്‍ ടി സി യില്‍ യാത്രയ്ക്ക് ഒരുമാസം മുമ്പു മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. ബുക്കിങ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ കര്‍ണാടക ആര്‍ ടി സി യിലും ടിക്കറ്റുകള്‍ തീരാനാണ് സാധ്യത. ഇരു ആര്‍ ടി സികളിലും ടിക്കറ്റ് തീര്‍ന്നാല്‍ പ്രത്യേക ബസുകളിലാണ് യാത്രക്കാരുടെ പ്രതീക്ഷ. പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നത് യാത്രാത്തിരക്കിന് വലിയ ആശ്വാസമാകുമെങ്കിലും ഓണാവധിയോടനുബന്ധിച്ച് ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ ഇതുമൂലം സാധിക്കുമോ എന്നത് സംബന്ധിച്ച് ആശങ്കയുയര്‍ന്നിട്ടുണ്ട്.
കേരളത്തിലേക്ക് പ്രത്യേക തീവണ്ടി വേണമെന്നും ആവശ്യമുയരുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ യാത്രാത്തിരക്ക് കണക്കിലെടുത്ത് റെയില്‍വേ പ്രത്യേക സര്‍വീസുകള്‍ നടത്തിയിരുന്നു. ഓണാവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകളിലും റിസര്‍വേഷന്‍ പുരോഗമിക്കുകയാണ്. സെപ്തംബര്‍ ഒന്നാം തിയതി ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള സ്വകാര്യ ബസുകളില്‍ 2500 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്.

സാധാരണ ദിവസങ്ങളില്‍ ആയിരം രൂപയ്ക്ക് അടുത്ത് ടിക്കറ്റ് നിരക്കുവരുന്ന സ്ഥാനത്താണ് ഓണത്തോടനുബന്ധിച്ച് ഇരട്ടിയിലധികം തുക ഈടാക്കുന്നതെന്ന പരാതിയുണ്ട്. കേരള, കര്‍ണാടക ആര്‍ ടി സികളിലും ട്രെയിനുകളിലും ടിക്കറ്റ് ലഭിക്കാതെ വരുന്ന സാധാരണക്കാര്‍ക്കാണ് സ്വകാര്യ ബസുകളുടെ അമിത നിരക്ക് ആഘാതമായിരിക്കുന്നത്.