ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍

Posted on: July 31, 2017 5:38 pm | Last updated: July 31, 2017 at 10:42 pm

തിരുവനന്തപുരം: ശ്രീകാര്യത്ത് ശാഖാകാര്യവാഹക് ശ്രീകാര്യം കല്ലമ്പള്ളി വിനായകനഗര്‍ കുന്നില്‍വീട്ടില്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. ശ്രീകാര്യത്തിനു സമീപം കരിമ്പുകോണം സ്വദേശി സിബിയാണ് ഒടുവില്‍ അറസ്റ്റിലായത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട 11 പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു. കൃത്യത്തില്‍ നേരിട്ടു പങ്കുള്ളയാളാണു സിബിയെന്നു പൊലീസ് പറഞ്ഞു.

മംഗലപുരം സ്വദേശിയായ ഭായ് എന്ന രാജേഷിനെ ഇന്ന് രാവിലെ പിടികൂടിയിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളയാളാണു രാജേഷും. മംഗലപുരത്തെ വിജനമായ കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസാണു പിടികൂടിയത്.