കേരളം വളരുന്നുണ്ട്, മലയാളിയും

തികച്ചും വ്യത്യസ്തമായ ഒരു വികസന പാത പിന്തുടരുന്ന കേരളം ഇന്ത്യന്‍ ശരാശരിയേയും മറ്റ് സംസ്ഥാനങ്ങളേയും അപേക്ഷിച്ച് ദാരിദ്ര്യ നിരക്കില്‍ വളരെ പിന്നിലാണ്. കേരളത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചക്കൊപ്പം കേരളത്തിലെ വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ വേതന നിരക്കും ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നു. ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും 2003ന് ശേഷം സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. സര്‍ക്കാറിന്റെ സൂക്ഷ്മമായ നിലപാട് മൂലം 2014-15ല്‍ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 2.78 ശതമാനമായിരുന്ന റവന്യൂക്കമ്മി 2015-16ല്‍ 1.65 ശതമാനമാക്കി കുറച്ചു. അതേസമയം ശമ്പളം, പെന്‍ഷന്‍, കടബാധ്യത എന്നീ ഒഴിവാക്കാനാവാത്ത ചെലവുകള്‍ 2015-16ലും ഗണ്യമായ ഉയര്‍ച്ച കാണിക്കുന്നുണ്ട്.
Posted on: July 31, 2017 3:35 pm | Last updated: July 31, 2017 at 3:35 pm

സെന്‍സേഷനല്‍ ന്യൂസുകള്‍ക്കും സമൂഹത്തെ ബാധിക്കാത്ത വാര്‍ത്തകള്‍ക്കും പിന്നാലെ പോകുന്ന മാധ്യമങ്ങള്‍ അറിയുന്നില്ലെങ്കിലും ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളം ക്രമാനുഗതമായി വളരുന്നുണ്ടെന്നതും മലയാളികളുടെ ജീവിത സാഹചര്യങ്ങളും നിലവാരവും മെച്ചപ്പെടുന്നുണ്ടെന്നതും വസ്തുതയാണ്. പോസിറ്റീവ് വാര്‍ത്തകള്‍ക്ക് അത്ര പ്രാധാന്യം ലഭിക്കാനിടയില്ലാത്ത കേരളത്തില്‍ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ പുറത്തറിയാതിരിക്കുന്നത് സ്വാഭാവികം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒരു വികസന പാത പിന്തുടരുന്ന കേരളം ഇന്ത്യന്‍ ശരാശരിയേയും മറ്റ് സംസ്ഥാനങ്ങളേയും അപേക്ഷിച്ച് ദാരിദ്ര്യ നിരക്കില്‍ വളരെ പിന്നിലാണ്. നിലവില്‍ സംസ്ഥാനങ്ങളെ കുറിച്ചുള്ള ഔദ്യോഗിക ദേശീയ അവലോകന കണക്ക് പ്രകാരം കേരളത്തിലെ സമ്പൂര്‍ണ ദാരിദ്ര്യാനുപാതം 11 ശതമാനത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ നാലുപതിറ്റാണ്ടിനിടയില്‍ അനുഭവപ്പെട്ട ഏറ്റവും വലിയ കുറവാണിത്.

സംസ്ഥാനത്തെ നിര്‍ധനരുടെ എണ്ണത്തിന്റെ അനുപാതത്തിലുണ്ടായിരിക്കുന്ന കുറവ് കേരളത്തിന്റെ ദാരിദ്ര്യ ലഘൂകരണത്തിന്റെ വിജയമാണ് കാണിക്കുന്നത്. 1973-74 ല്‍ 59.74 ശതമാനം ആയിരുന്ന കേരളത്തിലെ ദാരിദ്ര്യത്തിന്റെ അനുപാതം 2011-12ല്‍ 11.3 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ അനുപാതം ഇതേ കാലയളവില്‍ 54.88 ശതമാനത്തില്‍ നിന്ന് 29.5 ശതമാനം മാത്രമായാണ് കുറഞ്ഞത് (ഇത് കേരളത്തെ അപേക്ഷിച്ച് കുറവാണ്). ഗ്രാമപ്രദേശങ്ങളിലേയും നഗരപ്രദേശങ്ങളിലേയും ദാരിദ്ര്യത്തിന്റെ അനുപാതം കുറക്കുന്നതിന് കേരളം ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. 1973-74 മുതല്‍ 2011-12 വരെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലേയും നഗരപ്രദേശങ്ങളിലേയും ദാരിദ്ര്യ അനുപാതം യഥാക്രമം 59.19 ശതമാനത്തില്‍ നിന്നും 7.3 ശതമാനമായും 62.74 ശതമാനത്തില്‍ നിന്നും 15.3 ശതമാനമായും കുറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇതേ കാലയളവില്‍ ദാരിദ്ര്യ അനുപാതത്തില്‍ ഉണ്ടായ കുറവ് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളില്‍ യഥാക്രമം 56.44 ശതമാനത്തില്‍ നിന്നും 30.9 ശതമാനവും നഗരപ്രദേശങ്ങളിലെ ജനങ്ങളില്‍ 49.01 ശതമാനത്തില്‍ നിന്നും 26.4 ശതമാനവുമാണ്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും വ്യാപനം, വികേന്ദ്രീകൃതാസൂത്രണം, പെന്‍ഷന്‍ പദ്ധതികള്‍, പൊതുവിതരണ സമ്പ്രദായം, കുടുംബശ്രീ, ആസൂത്രണ പദ്ധതികള്‍ എന്നിവ കേരളത്തിലെ ഗ്രാമനഗര പ്രദേശങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് കുറക്കുന്നതില്‍ ഫലപ്രദമായ പങ്ക് വഹിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇപ്പോഴും നിരവധി ദരിദ്രവിഭാഗങ്ങള്‍ ഉണ്ട്. കേരളത്തിലെ ദാരിദ്ര്യം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗം, മത്സ്യതൊഴിലാളികള്‍, മണ്‍പാത്രമുണ്ടാക്കുന്നവര്‍, കൈത്തൊഴിലുകാര്‍ എന്നിങ്ങനെ ചില പ്രത്യേക സമുദായങ്ങളിലും സാമൂഹിക വിഭാഗങ്ങളിലുമാണ്. പട്ടികജാതി വികസന വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ നിരവധി ദാരിദ്ര്യ നിര്‍മാര്‍ജന, ഉപജീവനമാര്‍ഗ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. എന്നാല്‍ ഇത്തരം വിഭാഗങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം പൂര്‍ണമായും യഥാര്‍ഥ അവകാശികളുടെ കൈകളിലെത്തുന്നില്ലെന്ന വ്യാപകമായ പരാതികളില്‍ കഴമ്പുണ്ടെന്ന് ഇവര്‍ക്കായി നടപ്പിലാക്കിയ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാല്‍ വ്യക്തമാകും. സര്‍ക്കാര്‍ ഇത്തരം വിഭാഗങ്ങളുടെ പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന തുകയുടെ സിംഹ ഭാഗവും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ ഇടനിലക്കാരുടെയും കീശയിലേക്കാണ് പോകുന്നതെന്ന പരാതി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രശ്‌നം സ്ഥായിയായി പരിഹരിക്കാത്ത കാലത്തോളം ഈ സമൂഹങ്ങളുടെ ഉന്നമനം മരീചികയായി തുടരുകയും ചെയ്യും.

കേരളത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചക്കൊപ്പം കേരളത്തിലെ വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ വേതന നിരക്കും ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നു. കാര്‍ഷിക മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ വേതന നിരക്ക് വിശകലനം ചെയ്യുമ്പോള്‍ 2015-16ല്‍ വേതന നിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2013-14 ല്‍ മരപ്പണിക്കാരന്റെ വേതനം 644.92 രൂപയായിരുന്നത് 2014-15 ല്‍ ഇത് 705.08 രൂപയായും, 2015-16 ല്‍ 746.17 രൂപയായും ഉയര്‍ന്നു. കല്‍പ്പണിക്കാരന്റെ വേതനത്തിലും 2004-05 മുതലുള്ള വര്‍ഷങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായി. 2014-15 ല്‍ 707.75 രൂപയായും 2015- 16 ല്‍ 735.08 രൂപയിലും എത്തി നില്‍ക്കുന്നു. അവിദഗ്ധ തൊഴിലാളികളുടെ വേതന നിരക്കിലും ഇതേ പ്രവണത ദൃശ്യമാകുന്നുണ്ട്. കാര്‍ഷിക മേഖലയിലെ അവിദഗ്ധ പുരുഷ സ്ത്രീ തൊഴിലാളികളുടെ ശരാശരി ദിവസ വേതന നിരക്ക് 2015-16 ല്‍ യഥാക്രമം 586.06 രൂപയായും 422.19 രൂപയായും വര്‍ധിച്ചു. എന്നാല്‍ ഇത് 2014 -15 ല്‍ പുരഷതൊഴിലാളിക്ക് 545.15 രൂപയും സ്ത്രീ തൊഴിലാളിക്ക് 392.46 രൂപയുമായിരുന്നു.

ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ മലയാളികളെ ഏറെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് അവശ്യസാധനങ്ങളുടെ വിലവര്‍ധന. ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളില്‍ അധികവും വിപണിയില്‍ എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്നതിനാല്‍ അവശ്യ സാധനങ്ങളുടെ വിലഘടന നിര്‍ണയിക്കുന്നത് അവയുടെ ലഭ്യതയുടെയും ഇടനിലക്കാരുടെ ഇടപെടലുകളുടെയും അടിസ്ഥാനത്തിലായിരിക്കും. നിത്യ ജീവിത ആവശ്യങ്ങള്‍ക്കു പോലും കേരളത്തിന് പുറമെ നിന്നുള്ള സ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതിനാല്‍ അവശ്യ സാധന വിലയെ പിടിച്ചുനിര്‍ത്താനോ നിയന്ത്രിക്കാനോ ഒരു പരിധിക്കപ്പുറം കഴിയാെതപോകുന്നുണ്ടെന്ന പരിമിതിയുണ്ട്. ഒപ്പം ആഗോളതലത്തിലുണ്ടാകുന്ന സംഭവവികാസങ്ങളും മാറ്റങ്ങളും കേരളത്തെ വളരെയേറെ സ്വാധീനിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യത്തിന് നേരെ കണ്ണടക്കാനാവില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലുകള്‍ ഏറെക്കുറെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്.
ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും 2003ന് ശേഷം സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 2002-03 ല്‍ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 4.37 ശതമാനമായിരുന്ന റവന്യൂക്കമ്മി 2010-11ല്‍ 1.36 ശതമാനമായി കുറഞ്ഞു. എന്നാല്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഈ മുന്നേറ്റം നിലനിര്‍ത്താന്‍ അന്നത്തെ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ സംസ്ഥാനത്തിന്റെ റവന്യൂ നികുതിയുടെയും പ്രധാനപ്പെട്ട റവന്യൂ ഘടകങ്ങളുടെയും വളര്‍ച്ച ധനസ്ഥിതി വേണ്ടത്ര മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതോടെ ആകെ റവന്യൂ വിടവ് കാണിക്കുന്ന കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ധനക്കമ്മി സ്ഥിരമായി ഉയര്‍ന്നു.

സര്‍ക്കാറിന്റെ സൂക്ഷ്മമായ നിലപാട് മൂലം 2014-15ല്‍ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 2.78 ശതമാനമായിരുന്ന റവന്യൂക്കമ്മി 2015-16ല്‍ 1.65 ശതമാനമാക്കി കുറച്ചു. ഒപ്പം മൊത്തം ആഭ്യന്തരോത്പാദനവും ധനക്കമ്മിയും തമ്മിലുള്ള അനുപാതം 3.75 ശതമാനത്തില്‍ നിന്ന് 3.04 ശതമാനമായും കുറച്ചുകൊണ്ടുവന്നു. ഇതിനിടെ വന്ന ചരക്ക് സേവന നികുതി സംസ്ഥാനത്തിന് നിര്‍ണായക നേട്ടമാകും. ഉപഭോക്തൃസംസ്ഥാനമായതിനാല്‍ കേരളത്തിന് ചരക്ക് സേവന നികുതി നടപ്പിലാക്കലിലൂടെ മെച്ചപ്പെട്ട നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജി എസ് ടി നടപ്പിലാക്കുമ്പോള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ചരക്ക് സേവന നികുതിക്കുള്ള നഷ്ടപരിഹാരം സംസ്ഥാനത്തിന്റെ ധനസ്ഥിതിയുടെ ഒരു നിര്‍ണായക ഘടകമായിരിക്കും.

അതേസമയം ശമ്പളം, പെന്‍ഷന്‍, കടബാധ്യത എന്നീ ഒഴിവാക്കാനാവാത്ത ചെലവുകള്‍ 2015-16ലും ഗണ്യമായ ഉയര്‍ച്ച കാണിക്കുന്നുണ്ട്. 2016-17 മുതല്‍ പത്താം ശമ്പളക്കമ്മീഷന്റെ ബാധ്യതകള്‍ കൂടി സര്‍ക്കാരിന് വഹിക്കേണ്ടിവരുമ്പോള്‍ സാമ്പത്തിക അച്ചടക്കം പ്രധാന ഘടകമാകും. നിലവിലെ സാഹചര്യത്തില്‍ വായ്പ കൂടുന്നതിലൂടെ സര്‍ക്കാറിന്റെ പലിശ തിരിച്ചടവിന്റെ ബാധ്യത വീണ്ടും സ്ഥിരമായി ഉയരുന്നതും, സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതും, ക്ഷേമ പെന്‍ഷനുകളും സബ്‌സിഡികളും നല്‍കുന്നതും സംസ്ഥാന സര്‍ക്കാറിന് മേല്‍ ബാധ്യതയുടെ ഭാരം കൂട്ടുന്നുണ്ട്. എന്നാല്‍ നികുതി നിര്‍വഹണം ഏറ്റവും കാര്യക്ഷമമാക്കി കൂടുതല്‍ വിഭവസമാഹരണം നടത്തുന്നതിലൂടെ ഇത്തരം പ്രതിസന്ധികള്‍ പ്രയാസരഹിതമായി മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമ്പത്തിക അച്ചടക്കമില്ലായ്മയും കെടുകാര്യസ്ഥതയും മൂലം 2011-15 കാലയളവില്‍ കേരളത്തിന്റെ ധനസ്ഥിതി അല്‍പ്പം മോശമായ അവസ്ഥയിലേക്ക് പോയിരുന്നു. 2006-11 കാലയളവില്‍ സാമ്പത്തിക സൂചകങ്ങള്‍ വഴി ആര്‍ജിച്ച സ്ഥായിയായ നേട്ടങ്ങളുടെ ആക്കം നികുതി നിര്‍വഹണത്തിലെ കാര്യക്ഷമതയില്ലായ്മയും ചെലവിന്റെ അച്ചടക്ക രാഹിത്യവും മൂലം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ മാറ്റത്തിന് ശേഷം 2015-16ല്‍ സാമ്പത്തിക സ്ഥിതിയില്‍ നേരിയ പുരോഗതി ദൃശ്യമായെങ്കിലും സുസ്ഥിരവും ആശാവഹവുമായ ഒരു അവസ്ഥയിലെത്തിക്കാന്‍ അത് പര്യാപ്തമായിരുന്നില്ല. എന്നാല്‍ ഇക്കാലയളവില്‍ ലഭിച്ച കേന്ദ്രസഹായമാണ് കാര്യങ്ങള്‍ വഷളാകാതെ പിടിച്ചുനിര്‍ത്തിയത്. ഇക്കാലയളവില്‍ കേന്ദ്രത്തില്‍ നിന്നുള്ള നികുതിവിഹിതവും റവന്യൂകമ്മി നികത്തുന്നതിനുള്ള ഗ്രാന്റും ലഭിച്ചില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടുതല്‍ പരിതാപകരമാകുമായിരുന്നു.

ഇതിന് പുറമെ ഉടന്‍ തിരിച്ച് നല്‍കേണ്ടതും ഹൃസ്വകാല കടബാധ്യതകളിലുള്ളതുമായ തുകയുടെ സമയപരിധി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടി നല്‍കിയതും ആശ്വാസമായി. ഇല്ലായിരുന്നുവെങ്കില്‍ 2015-16ല്‍ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുമായിരുന്നു. എന്നാല്‍ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും നിലനില്‍ക്കുന്ന ധനകാര്യ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനം തന്ത്രപരമായ ഉദ്യമങ്ങളിലൂടെ ധനകാര്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന വ്യക്തമായ പാഠമാണ് ഈ അവസ്ഥ സംസ്ഥാനത്തെ പഠിപ്പിച്ചത്. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സംസ്ഥാന ധനകാര്യവകുപ്പ് കാര്യക്ഷമമായ നടപടികളിലേക്ക് കടന്നിരുന്നു. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാറിന്റൈ മുന്നൊരുക്കങ്ങളില്ലാതെയുള്ള അപ്രതീക്ഷിതമായ നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധി കനത്ത ആഘാതം ഏല്‍പ്പിച്ചത്. ഇതോടെ ധനപ്രതിസന്ധി മൂലം മൊത്ത ആഭ്യന്തരോത്പാദന വളര്‍ച്ചയിലെ ഇടിവ് കൂടുതല്‍ വഷളായി. ഇത് റവന്യൂ വരുമാനത്തില്‍ കുറവുണ്ടാക്കുകയും റവന്യൂധനക്കമ്മി അന്തരം കൂട്ടുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന് പത്താം ശമ്പള കമ്മീഷന്റെ അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നതെന്നതും കാര്യങ്ങളുട സങ്കീര്‍ണത വര്‍ധിപ്പിക്കുന്നതാണ്. ഇത് സര്‍ക്കാറിന്റെ ധനസ്ഥിതി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ദീര്‍ഘകാല സാമ്പത്തിക സ്ഥിരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനകാര്യ ഉത്തരവാദിത്ത ബജറ്റ് മാനേജ്‌മെന്റ് ആക്റ്റിന്റെ നിയമാധിഷ്ഠിത ചട്ടക്കൂട് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഈ നിയമ നിര്‍മാണം സര്‍ക്കാറിന് ലക്ഷ്യാധിഷ്ഠിത സാമ്പത്തിക മാനേജ്‌മെന്റിനോടുള്ള ഉത്തരവാദിത്വം കൂടുതല്‍ ഉറപ്പാക്കുന്നതാണ്. നിലവിലുള്ള സാമ്പത്തിക പ്രയാസങ്ങള്‍ക്ക് നടുവില്‍ ധനകാര്യ ഉത്തരവാദിത്വ ബജറ്റ് മാനേജ്‌മെന്റ് ആക്ട് നിഷ്‌ക്കര്‍ഷിക്കുന്ന ധനലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ പ്രയാസമാണെന്നിരിക്കെ നിലവിലുള്ള ധനപ്രതിസന്ധി മറികടക്കാന്‍ വായ്പാ പരിധി ഉയര്‍ത്തുന്നതിനായി ധനകാര്യ ഉത്തരവാദിത്ത ബജറ്റ് മാനേജ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ മൂലധന ചെലവ് നിയന്ത്രിക്കല്‍ സര്‍ക്കാറിന് ഏറെ പ്രയാസമാകും. മാത്രമല്ല സംസ്ഥാനത്തിന്റെ ധനസ്ഥിതി വിവിധ തരത്തിലുള്ള ആഭ്യന്തരവും ബാഹ്യവുമായ സമ്മര്‍ദങ്ങള്‍ അഭിമുഖീകരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ധനകാര്യ സ്തംഭനാവസ്ഥയില്‍ നിന്നുള്ള പൂര്‍ണമായ മോചനത്തിന് ഏറെ സമയമെടുക്കും.