അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തീരുമാനം; സര്‍വകക്ഷി യോഗം ചേരും

Posted on: July 31, 2017 12:46 pm | Last updated: July 31, 2017 at 2:06 pm

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആര്‍എസ്എസ്- ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരത്ത് ആറാം തീയതി സര്‍വകക്ഷി യോഗവും കണ്ണൂരും കോട്ടയത്തും ഉഭയകക്ഷി യോഗവും നടക്കും. കണ്ണൂരില്‍ നടന്ന സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ സംഭവങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാനും തീരുമാനമായി. ഇതിനായി അണികളില്‍ വേണ്ട ബോധവത്കരണം നടത്തും.

ഏതെങ്കിലും സംഭവങ്ങളില്‍ പാര്‍ട്ടി ഓഫീസുകളോ സംഘടനാ ഓഫീസുകളോ വീടുകളോ ആക്രമിക്കാന്‍ പാടില്ലെന്നത് നേരത്തെയുള്ള തീരുമാനമാണ്. അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.