ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ച് രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപി കരുനീക്കം

Posted on: July 30, 2017 1:57 pm | Last updated: July 30, 2017 at 4:24 pm

ന്യൂഡല്‍ഹി: ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ച് രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപി കരുനീക്കം തുടങ്ങി. തങ്ങളുമായി സൗഹൃദത്തിലുള്ള പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ബീഹാറില്‍ ബിജെപിയോട് സഹകരിക്കുന്ന ജെഡിയു അടക്കം പാര്‍ട്ടികളെ തങ്ങളോടൊപ്പം നിര്‍ത്താന്‍ പാര്‍ട്ടി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ സ്ഥിതിയില്‍ 245 അംഗ സഭയില്‍ 121 പേരുടെ പിന്തുണ ബിജെപിക്ക് നേടാനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നീതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിന് രാജ്യസഭയില്‍ പത്ത് അംഗങ്ങളുണ്ട്. ഇത് ചേര്‍ത്താന്‍ ബിജെപിയുടെ പിന്തുണ 89 ആയി ഉയരും. മധ്യപ്രദേശിലെയും ഗുജറാത്തിലെയും ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം വരിക്കാനായാല്‍ സീറ്റിന്റെ എണ്ണം 91ല്‍ എത്തും. എഐഎഡിഎംകെ, ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍സിപി, ഐന്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 26 രാജ്യസഭാ അംഗങ്ങളുണ്ട്. ഇതുകൂടി ചേരുമ്പോള്‍ 117 ആയി. എട്ട് നോമിനേറ്റഡ് അംഗങ്ങളില്‍ നാല് പേരുടെ കൂടി പിന്തുണ ഉറപ്പാക്കാനായാല്‍ 121ല്‍ എത്തും. ഭൂരിപക്ഷത്തിന് 123 സീറ്റുകളാണ് വേണ്ടത്.