നവാസ് ശരീഫിന്റെ രാഷ്ട്രീയ ഭാവി

Posted on: July 30, 2017 9:40 am | Last updated: July 29, 2017 at 11:42 pm

ഇത് മൂന്നാം തവണയാണ് പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നേതാവ് നവാസ് ശരീഫ് പ്രധാനമന്ത്രിപദത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. 1993ല്‍ പ്രസിഡന്റിന്റെ ഇടപെടലിലും 1999ല്‍ പട്ടാള അട്ടിമറിയിലും അധികാരം വിട്ടൊഴിയേണ്ടി വന്ന നവാസ് ശരീഫിന് അനധികൃത സ്വത്തു സമ്പാദന കേസിലാണ് ഇപ്പോള്‍ രാജി വെച്ചു പുറത്തു പോകേണ്ടി വന്നത്. കള്ളപ്പണ നിക്ഷേപകര്‍ക്ക് വ്യാജ രേഖകള്‍ നിര്‍മിച്ചു നല്‍കുന്നതിന് പാനമ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മൊസാകോ ഫോണ്‍സേക എന്ന കമ്പനിയുടെ രേഖകള്‍ കഴിഞ്ഞ വര്‍ഷം ചോര്‍ന്നപ്പോഴാണ് നവാസ് ശരീഫും കുടുംബവും സമ്പാദിച്ച അനധികൃത സ്വത്തിന്റെ വിവരം പുറത്തു വരുന്നതും പാക് രാഷ്ട്രീയത്തില്‍ അതൊരു കൊടുങ്കാറ്റായി വീശിയടിക്കുന്നതും. 1990- 93കാലഘട്ടത്തില്‍ നവാസ് ശരീഫ് അധികാരത്തിലിരിക്കെ അദ്ദേഹവും മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവരും വിദേശത്ത് അനധികൃതമായി സ്വത്തു വാങ്ങിക്കൂട്ടിയെന്നും അദ്ദേഹത്തിനും മക്കള്‍ക്കും ലണ്ടനില്‍ മൂന്ന് ഫഌറ്റുകളടക്കം 200 കോടി രൂപയുടെ വെളിപ്പെടുത്താത്ത ആസ്തികളുണ്ടെന്നുമാണ് പാനമ രേഖകള്‍ കാണിക്കുന്നത്. ഇതടിസ്ഥാനത്തില്‍ പ്രതിപക്ഷ കക്ഷിയായ തെഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇംറാന്‍ ഖാന്‍ നല്‍കിയ ഹരജിയിലാണ് പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ ശരീഫ് അയോഗ്യനാണെന്ന് പാക് സുപ്രീം കോടതി വിധി വന്നത്. കേസിലെ വിധി പ്രഖ്യാപനം രണ്ട് ഘട്ടമായാണുണ്ടായത്. അഞ്ച് ജഡ്ജിമാരടങ്ങുന്ന സുപ്രീം കോടതി ബഞ്ചിന്റെ ഏപ്രില്‍ 29 ന് വന്ന ആദ്യവിധി പ്രസ്താവത്തില്‍ രണ്ട് ജഡ്ജിമാര്‍ അദ്ദേഹത്തെ അയോഗ്യനാക്കിയെങ്കിലും മൂന്ന് ജഡ്ജിമാര്‍ സംയുക്ത അന്വേഷണ സംഘം രുപവത്കരിച്ച് (ജെ ഐ ടി) കൂടുതല്‍ അന്വേഷണത്തിന് വിടുകയായിരുന്നു. ജെ ഐ ടി ഈ മാസമാദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ശിപാര്‍ശ ചെയ്യുകയായിരുന്നു.

കഴിഞ്ഞ രണ്ട് തവണ അധികാരത്തില്‍ നിന്ന് പുറത്തു പോകേണ്ടി വന്നപ്പോള്‍ കൂടുതല്‍ കരുത്തോടെ തിരിച്ചു വന്ന അറുപത്തിയേഴുകാരനായ നവാസ് ശരീഫിന് ഇനി ഒരു തിരിച്ചു വരവ് അസാധ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അയോഗ്യത മറികടന്ന് അധികാരത്തി ലെത്തുകയെന്നത് നിയമപരമായും രാഷ്ട്രീയ ബലതന്ത്രത്തിലൂടെയും ദുഷ്‌കരമാണ്. കേസില്‍ നവാസിന്റെ മൂന്നു മക്കളും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അധികാരത്തില്‍ കുടുംബപരമായ പിന്തുടര്‍ച്ചക്കും സാധ്യതയില്ലാതായി. നവാസ് ശരീഫിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ പാക്കിസ്ഥാന്‍ മുസ്‌ലിംലീഗിന്റെ ഭാവിയിലും പാനമ രേഖകള്‍ കരിനിഴല്‍ വീഴ്ത്തിയേക്കും. പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമാണ് അവശേഷിക്കുന്നത്. സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ശഹബാസ് ശരീഫിനെ പ്രധാനമന്ത്രിപദത്തിലെത്തിച്ച് നിലവില്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ പാര്‍ട്ടിയില്‍ ഭദ്രമാക്കാനാകുമെങ്കിലും പാനമ രേഖകള്‍ സൃഷ്ടിച്ച വൈതരണികള്‍ മറികടക്കാന്‍ പാര്‍ട്ടിക്കാവുമോ എന്ന് കണ്ടറിയണം.

അതിനിടെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ഭരണത്തില്‍ സൈന്യം പിടിമുറുക്കിയേക്കുമോ എന്ന ആശങ്കയുമുണ്ട്. പാനമ പേപ്പറില്‍ നവാസ് ശരീഫും കുടുംബവും കുറ്റാരോപിതരായപ്പോള്‍ തന്നെ അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ചു സൈനിക നേതൃത്വം ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനുള്ള നിയമ വൃത്തങ്ങളുടെ ഉപദേശം കണക്കിലെടുത്താണത്രേ അന്ന് ആ നീക്കം ഉപേക്ഷിച്ചത്. നാല് തവണ ജനാധിപത്യ സര്‍ക്കാറുകളെ പുറത്താക്കി അധികാരമേറ്റെടുത്ത ചരിത്രമുള്ള പാക് സൈനിക നേതൃത്വം അധികാരം കൈപിടിയിലൊതുക്കാന്‍ കൈവരുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല. ജനാധിപത്യ സംവിധാനത്തില്‍ നിന്ന് രാജ്യം സൈനിക രാജിലേക്ക് മാറുന്നത് അതിര്‍ത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുള്ളതിനാല്‍, ജനാധിപത്യ ഭരണകൂടം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തണമെന്ന താത്പര്യക്കാരനായിരുന്നു ശരീഫെന്നും സൈന്യം അതിന് തുരങ്കം വെക്കുകയായിരുന്നുവെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

രാഷ്ട്രീയ അസ്ഥിരതയുടെ നാടായാണ് പാക്കിസ്ഥാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അവിടുത്തെ രാഷ്ട്രീയ, നീതിന്യായ കേന്ദ്രങ്ങള്‍ പൂര്‍ണ വളര്‍ച്ച വന്നിട്ടില്ലെന്നും കുറ്റപ്പെടുത്താറുണ്ട്. എന്നിട്ടും ഭരണാധികാരികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തു കൊണ്ടു വരുന്നതിലും അഴിമതിക്കാരെ അധികാരത്തില്‍ നിന്ന് തുരത്തുന്നതിലും പാക് രാഷ്ട്രീയ, നീതിന്യായസംവിധാനങ്ങള്‍ കാണിക്കുന്ന തന്റേടം നമ്മുടെ ഭരണാധികാരികള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാകേണ്ടതാണ്. ഇവിടെ ഉന്നതങ്ങളില്‍ വാഴുന്നവരുടെ വന്‍ അഴിമതിയുടെയും കള്ളപ്പണ സമ്പാദ്യത്തിന്റെയും നികുതിവെട്ടിപ്പിന്റെയും കഥകള്‍ പലപ്പോഴായി പുറത്തു വരാറുണ്ട്. അതിന്റെ പേരില്‍ അധികാര സ്ഥാനം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ തുലോം വിരളമാണ്. പാര്‍ലിമെന്റിലെയും പൊതുവേദികളിലെയും ആരോപണ, പ്രത്യാരോപണങ്ങള്‍ക്കും പോര്‍വിളികള്‍ക്കുമൊടുവില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രാജിയാകുന്ന സംഭവങ്ങള്‍ വരെയുണ്ട്. ഈ കുളിമുറിയില്‍ ഭരണ പക്ഷവും പ്രതിപക്ഷവുമെല്ലാം നഗ്നരാണല്ലോ.