അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

Posted on: July 29, 2017 9:13 am | Last updated: July 29, 2017 at 11:10 am

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. അപ്പുണ്ണിയെ കസ്റ്റഡിയില്‍ പീഡിപ്പിക്കരുതെന്നും, നിയമാനുസൃതമായി മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, ചോദ്യം ചെയ്താല്‍ മാത്രമേ ഇയാള്‍ ഗൂഢാലോചനയില്‍ പങ്കാളിയാണോയെന്ന് കണ്ടെത്താനാകൂവെന്നും കോടതിയെ അറിയിച്ച പ്രോസിക്യൂഷന്‍ അപ്പുണ്ണിയെ ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും കോടതിയെ ബോധിപ്പിച്ചു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണിക്ക് നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയത് അപ്പുണ്ണിയാണെന്ന് പോലീസ് കരുതുന്നത്. ഗൂഢാലോചന നടന്ന പല സ്ഥലങ്ങളിലും അപ്പുണ്ണിയുടെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിരുന്നു. ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ സുനിക്കു ദിലീപ് അഡ്വാന്‍സ് നല്‍കിയെന്ന് സംശയിക്കുന്ന തൃശൂര്‍ ജോയ് പാലസ് ഹോട്ടലില്‍ സുനി എത്തിയതും അപ്പുണ്ണിയോട് സംസാരിച്ച ശേഷമാണ്. ഈ ദിവസം നാല് തവണ സുനിയും അപ്പുണ്ണിയും ഫോണില്‍ സംസാരിച്ചതിനും തെളിവുണ്ടെന്നാണ് പോലീസിന്റെ വാദം. തൃശൂരിലെ ഹോട്ടലില്‍ വെച്ച് ദിലീപ് സുനിക്ക് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയെന്നാണ് കണ്ടെത്തല്‍.

ഇക്കാര്യങ്ങളെക്കുറിച്ച് ചോദ്യംചെയ്യാന്‍ രണ്ടാം തവണ പോലീസ് വിളിപ്പിച്ചതോടെ അപ്പുണ്ണി ഒളിവില്‍ പോകുകയായിരുന്നു. അപ്പുണ്ണി നിലമ്പൂര്‍ ഭാഗത്തെവിടെയോ ഒളിവില്‍ കഴിയുകയാണെന്ന നിഗമനത്തിലാണ് പോലീസ്. തുടര്‍ന്ന് ഏലൂരിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ അപ്പുണ്ണിയെ നിലവില്‍ കിട്ടിക്കൊണ്ടിരുന്ന അഞ്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒളിവില്‍ നിന്നാണ് അപ്പുണ്ണി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു തന്നെ കണ്ടതായും, പള്‍സര്‍ സുനിയുടെ കത്ത് വാട്‌സ്ആപ്പിലൂടെ തനിക്ക് ലഭിച്ചതായും താന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടന്നും അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.