Connect with us

International

സുപ്രീം കോടതി അയോഗ്യനാക്കി; നവാസ് ശരീഫ് രാജിവെച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ചു. പനാമ കേസില്‍ സുപ്രീം കോടതി അയോഗ്യനാക്കിയതിന് പിന്നാലെയാണ് ശരീഫ് രാജിവെച്ചത്. കേസില്‍ ശരീഫും കുടുംബവും കുറ്റക്കാരാണെന്നും ജനങ്ങളെയും പാര്‍ലിമെന്റിനെയും വഞ്ചിച്ച ശരീഫ് പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ യോഗ്യനല്ലെന്നും കോടതി വിധിച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കൂടിയാലോചനകള്‍ തുടരുകയാണ്.

ശരീഫിനും കുടുംബത്തിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താനും ശരീഫിനെതിരെ അന്വേഷണം നടത്തിയ സംയുക്ത അന്വേഷണ സമിതി ശേഖരിച്ച രേഖകള്‍ ആറ് ആഴ്ചക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ ഖാന്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. പാക്കിസ്ഥാന്‍ ധനകാര്യമന്ത്രി ഇഷാഖ് ദാറിനെയും സുപ്രീം കോടതി അയോഗ്യനാക്കിയിട്ടുണ്ട്.

1990കളില്‍ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോള്‍ ലണ്ടനിലും മറ്റും കോടിക്കണക്കിന് ഡോളറിന്റെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നാണ് കേസ്. ശരീഫ് കുടുംബത്തിന്റെ കള്ളപ്പണ ശേഖരം പാനമ പേപ്പര്‍ ലീക്കിലൂടെയാണ് പുറം ലോകത്തെത്തിയത്.

സുപ്രീം കോടതി നിയോഗിച്ച ആറംഗ സംയുക്ത അന്വേഷണ സംഘം (ജെ ഐ ടി) ആണ് ആരോപണം അന്വേഷിച്ചത്. സംഘം അതിന്റെ റിപ്പോര്‍ട്ട് ഈ പത്തിന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Latest