മനുഷ്യന്‍ മരങ്ങളെപ്പോലെ

Posted on: July 28, 2017 6:02 am | Last updated: July 27, 2017 at 11:44 pm

കേരളത്തിലെ ഗ്രാമാന്തരീക്ഷങ്ങളില്‍ കണ്ടുവന്നിരുന്ന സൗഹൃദ കൂട്ടായ്മകള്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവര്‍ വായനശാലകളിലും ചായമക്കാനികളിലും സൗഹൃദക്കൂട്ടങ്ങള്‍ തീര്‍ത്തപ്പോള്‍ കുട്ടികള്‍ ഒഴിഞ്ഞ പറമ്പുകളിലും പാടത്തും ഒത്തുചേര്‍ന്നു. മണ്ണിന്റെ മണമുള്ള നൂറുകൂട്ടം കളികളുണ്ടായിരുന്നു അന്ന്. ഈ ബന്ധങ്ങള്‍ കുട്ടികള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദവും സാമൂഹിക ബോധവും സൃഷ്ടിക്കാന്‍ കാരണമായിരുന്നു. ഇത്തരം കളിക്കൂട്ടങ്ങളെയോ ചായമക്കാനിയിലെ ആഗോളവിഷയങ്ങളെയടക്കം ചര്‍ച്ച ചെയ്യുന്ന ആള്‍ക്കൂട്ടങ്ങളെയോ നമുക്കിന്ന് അപൂര്‍വമായേ കാണാന്‍ സാധിക്കുന്നുള്ളൂ. പകരം എല്ലാവരും അവരവരിലേക്കൊതുങ്ങി മൊബൈല്‍ ഫോണില്‍ മാന്തിയും ചൊറിഞ്ഞും ചടഞ്ഞിരിക്കുന്ന കാഴ്ചകളാണിന്ന് എവിടെയും.

നബി(സ) പറഞ്ഞു ‘യഥാര്‍ഥ വിശ്വാസി മറ്റുള്ളവരോട് ഇണങ്ങാന്‍ താത്പര്യമുള്ളവനും, ഇങ്ങോട്ട് പരിചയപ്പെടാന്‍ വരുന്നവരോട് വഴങ്ങുന്നവനുമായിരിക്കും. മറ്റുള്ളവരുമായി ഇണങ്ങാത്ത, ഇണങ്ങാന്‍ വരുന്നവനോട് വഴങ്ങാത്ത മനുഷ്യനില്‍ നിന്നും സമൂഹത്തിന് ഒരു നന്മയും ലഭിക്കുകയില്ല.(ത്വബ്‌റാനി). നല്ല സുഹൃദ്ബന്ധങ്ങളിലൂടെ ഭൗതികവും ആത്മീയവുമായ ഒട്ടേറെ നേട്ടങ്ങളുണ്ട്. പഠനപുരോഗതി, നല്ല ജോലി, വിസ, നല്ല കെട്ടുബന്ധങ്ങള്‍ തുടങ്ങി പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാനുള്ള മനക്കരുത്ത് വരെ നല്ല കൂട്ടുകാരിലൂടെ ലഭിക്കും. ആത്മഹത്യ ചെയ്യുന്നവരെപ്പറ്റി നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അത്തരക്കാരില്‍ ഭൂരിഭാഗവും ഒറ്റയാനായി കഴിയുന്നവരായിരിക്കും എന്നതാണ്.
‘അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ആരെങ്കിലും ഒരാളുമായി സുഹൃദ്ബന്ധം സ്ഥാപിച്ചാല്‍ മറ്റൊരു സത്കര്‍മം കൊണ്ടും ലഭിക്കാത്ത ഒരുന്നത പദവി അവന് അല്ലാഹു നല്‍കും’ എന്ന പ്രവാചക വചനവും ‘നിങ്ങള്‍ ധാരാളം കൂട്ടുകാരെ സമ്പാദിക്കുക, ഇഹലോകത്ത് അതൊരു മുതല്‍ക്കൂട്ടാണെങ്കില്‍ പാരത്രിക ലോകത്ത് അവരുടെ ശിപാര്‍ശ പ്രതീക്ഷിക്കാവുന്നതുമാണ് എന്ന അലി(റ)വിന്റെ വചനവും നല്ല കൂട്ടുകെട്ടിന്റെ ആത്മീയ നേട്ടങ്ങളാണ് സൂചിപ്പിക്കുന്നത്. നന്മയുള്ളവരോടായിരിക്കണം നമ്മുടെ കൂട്ടുകെട്ട്. നബി(സ) പറഞ്ഞു: ‘ഏതൊരു മനുഷ്യനും തന്റെ കൂട്ടുകാരന്റെ സംസ്‌കാരത്തിലായിരിക്കും. അതുകൊണ്ട് ആരോടാണ് കൂട്ടുകൂടുന്നത് എന്ന് നന്നായി ശ്രദ്ധിക്കട്ടെ'(അബൂദാവൂദ്)

നന്മയുടെ കാര്യത്തില്‍ മനുഷ്യര്‍ മരങ്ങളെ പോലെയാണെന്ന് ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നുണ്ട്. ചില മരങ്ങള്‍ക്ക് നിഴലുണ്ടാകും. എന്നാല്‍ ഫലമുണ്ടാകില്ല. ഇതുപോലെ, ഭൗതിക ലോകത്ത് ഉപകാരമുള്ള മനുഷ്യരുണ്ട്. അവര്‍ പരലോകത്ത് ഉപകാരം ചെയ്യാന്‍ കഴിയാത്തവരായിരിക്കും. മറ്റു ചില മരങ്ങള്‍ക്ക് തണലുണ്ടാകില്ല. പക്ഷേ, നല്ല ഫലങ്ങള്‍ തരും. ഇത് പാരത്രിക ലോകത്ത് വലിയ ഉപകാരം ലഭിക്കുന്ന മനുഷ്യരെ പോലെയാണ്. വേറെ ചില മരങ്ങള്‍ തണലും ഫലവുമുള്ളതായിരിക്കും. ഇതുപോലെയാണ് ഇരു ലോകത്തും ഉപകാരമുള്ള മനുഷ്യര്‍. എന്നാല്‍, അടുത്ത് ചെന്നാല്‍ ചൊറിയുണ്ടാകുന്നതും മുള്ള് തറക്കുന്നതുമായ തണലോ പഴങ്ങളോ ഉണ്ടാവാത്ത ചില മരങ്ങളുമുണ്ട്. ഇതുപോലെ ഒരു ഉപകാരവുമില്ലാത്ത ഉപദ്രവം മാത്രം ചെയ്യുന്ന ചില മനുഷ്യരുണ്ടാകും. ഇത്തരക്കാരുമായുള്ള സൗഹൃദം നമ്മെ നശിപ്പിച്ചുകളയും.
മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്ന നല്ല സുഹൃത്തായി നാം മാറണമെങ്കില്‍ ചില നന്മകള്‍ നാം സ്വാംശീകരിക്കേണ്ടതുണ്ട്. കൂട്ടുകാരെ പ്രസന്നവദനരായി അഭിമുഖീകരിക്കാന്‍ തയ്യാറാവുകയാണ് ആദ്യം വേണ്ടത്. അങ്ങോട്ട് അഭിവാദ്യം പറഞ്ഞ് കൈ പിടിക്കുകയും ക്ഷേമാന്വേഷണങ്ങള്‍ നടത്തുകയും വേണം. സുഹൃത്തുക്കളെ ഇകഴ്ത്തുകയും എന്തിനും ഏതിനും കുറ്റപ്പെടുത്തുകയും ചെയ്യുന്നവനെ ആരും ഇഷ്ടപ്പെടില്ല.

കൂട്ടുകാരനുമൊന്നിച്ച് യാത്ര പ്ലാന്‍ ചെയ്തു, ഏഴ് മണിക്ക് ബസ്റ്റാന്റിലെത്താന്‍ തീരുമാനിച്ചു. കൂട്ടുകാരന്‍ അല്‍പം വൈകിപ്പോയാല്‍ തട്ടിക്കയറുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന പതിവുണ്ടെങ്കില്‍ നമുക്ക് ഒരു നല്ല കൂട്ടുകാരനാകാന്‍ കഴിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സുഹൃത്തിനെ ആശ്വസിപ്പിച്ച് വൈകിയതിന് നന്മകളായിട്ട് എന്തെങ്കിലും ഒരു കാരണം അങ്ങോട്ട് പറഞ്ഞ് തുടങ്ങിയാല്‍, അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തിലൂടെ അയാളുടെ ഇഷ്ടപാത്രമാകാന്‍ നമുക്ക് സാധിക്കും.
ഒരിക്കലും കൂട്ടുകാരെ ചൂഷണം ചെയ്യുകയോ അവരുടെ പണവും സൗകര്യങ്ങളുമൊക്കെ ഏകപക്ഷീയമായി ഉപയോഗപ്പെടുത്തുകയോ ചെയ്യരുത്. നബി(സ) പറഞ്ഞു: രണ്ട് കൂട്ടുകാരുടെ ഉപമ രണ്ട് കൈകള്‍ പോലെയാകണം. ഓരോ കൈയും അങ്ങോട്ടുമിങ്ങോട്ടും കഴുകിക്കൊടുക്കുന്നു(ദൈലമി). കൈയും കാലും പോലെയാകരുത് എന്നര്‍ഥം. എത്രയോ കാലമായി കൈകള്‍ എന്നും കാലുകളെ കഴുകിക്കൊണ്ടിരിക്കുന്നു. പക്ഷേ, കാലുകള്‍ തിരിച്ച് കൈകളെ കഴുകിക്കൊടുക്കുന്നില്ല.

ചുരുക്കത്തില്‍ നല്ല സൗഹൃദങ്ങള്‍ ജീവിതത്തെ ആനന്ദകരമാക്കുകയും ടെന്‍ഷന്‍ കുറക്കുകയും ചെയ്യുന്നതോടൊപ്പം, പാരത്രിക ലോകത്ത് നല്ല കൂട്ടുകാര്‍ രക്ഷകരായി എത്തുകയും ഈ സൗഹൃദം കാരണം മഹ്ശറില്‍ അര്‍ശിന്റെ നിഴല്‍ ലഭിക്കുകയും ചെയ്യുന്നു. പുതിയ കാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന സൗഹൃദ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനായാല്‍ അതൊരു നന്മയുടെ വീണ്ടെടുപ്പാകും. ഒപ്പം കാലുഷ്യങ്ങളും സംഘര്‍ഷങ്ങളും കുറക്കാനുമാകും.