എ പി ജെ അബ്ദുല്‍ കലാം സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

Posted on: July 27, 2017 7:00 pm | Last updated: July 28, 2017 at 9:26 am

രാമേശ്വരം: എപിജെ അബ്ദുല്‍കലാമിന്റെ രണ്ടാം ചരമവാര്‍ഷികദിനമായ ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി കലാമിന്റെ സ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ജന്മനാടായ രാമേശ്വരത്തെ പേയ് കറുമ്പിലാണ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന് സ്മാരകം നിര്‍മിച്ചിരിക്കുന്നത്.

ഡി ആര്‍ ഡി ഒയാണ് സ്മാരകം രൂപകല്‍പന ചെയ്തതും നിര്‍മിച്ചതും. നിര്‍മാണത്തിന് കലാം നേതൃത്വം നല്‍കിയ മിസൈലുകളുടെയും റോക്കറ്റുകളുടെയും മാതൃകകളും സ്മാരകത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആധ്യാത്മികജ്ഞാനത്തിന്റെ കേന്ദ്രമായ രാമേശ്വരത്തെ പാവനമായ മണ്ണില്‍ സ്പര്‍ശിക്കാന്‍ സാധിച്ചത് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കലാമിന്റെ കുടുംബാംഗങ്ങളെയും മോദി സന്ദര്‍ശിച്ചു.

അബ്ദുല്‍ കലാം സന്ദേശ് വാഹിനി ബസിന്റെയും ഫ്‌ളാഗ് ഓഫ് അദ്ദേഹം നിര്‍വഹിച്ചു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന കലാം സന്ദേശ് വാഹിനി ഒക്ടോബര്‍ പതിനഞ്ചിന് രാഷ്ട്രപതി ഭവനിലെത്തും.