Connect with us

Editorial

അല്‍ അഖ്‌സയിലെ അതിക്രമം

Published

|

Last Updated

അല്‍ അഖ്‌സ പള്ളി കോമ്പൗണ്ടില്‍ സംഘര്‍ഷമുണ്ടാക്കി അധിനിവേശത്തിന്റെ പുതിയ പതിപ്പുകള്‍ സൃഷ്ടിക്കുകയെന്ന തന്ത്രം ഇസ്‌റാഈല്‍ ഒരിക്കല്‍ കൂടി പുറത്തെടുക്കുകയാണ്. ലോകമാകെ പ്രതിഷേധവുമായി എത്തിയതോടെ ഒരടി പിന്നോട്ട് വെക്കാന്‍ സയണിസ്റ്റ് സംഘം തയ്യാറായിട്ടുണ്ടെങ്കിലും അക്രമം പടര്‍ത്തുന്നതില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ സന്നദ്ധമാകില്ലെന്നുറപ്പാണ്. ഈ മാസം 14ന് ഖുദ്‌സില്‍ (ജറൂസലമില്‍) ഉണ്ടായ സംഘര്‍ഷത്തിന്റെ ചുവട് പിടിച്ച് അല്‍ അഖ്‌സ പള്ളി അടച്ചിട്ടതോടെയാണ് മേഖലയില്‍ പ്രതിഷേധത്തീ ആളിക്കത്തിയത്. ആയിരക്കണക്കിന് മുസ്‌ലിംകള്‍ ഇരച്ചെത്തി. ഇസ്‌റാഈല്‍ പോലീസിന്റെ വലയം ഭേദിച്ച് അകത്ത് കടക്കാന്‍ അവര്‍ ശ്രമിച്ചു. ഇത് വലിയ ഏറ്റുമുട്ടലിന് വഴി വെച്ചു. ആറ് ഫലസ്തീന്‍കാര്‍ മരിച്ചു വീണു. എന്നിട്ടും അവര്‍ പിന്‍വാങ്ങിയില്ല. ഈ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ടുമടക്കാതിരിക്കാന്‍ ഇസ്‌റാഈലിന് സാധിക്കാതെ വന്നതോടെ പള്ളി തുറന്നു. പക്ഷേ, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രവേശന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചു. അമ്പത് വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ഈ നിയന്ത്രണങ്ങള്‍ നീക്കും വരെ കോമ്പൗണ്ട് വിട്ട് പോകില്ലെന്ന് മുസ്‌ലിംകള്‍ തീര്‍ത്ത് പറയുകയും യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ ശക്തമായ താക്കീത് വരികയും ചെയ്തതോടെ ഡിറ്റക്ടറുകള്‍ എടുത്തു മാറ്റാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടുണ്ട്. പകരം മുഴുവന്‍ ഭാഗവും നിരീക്ഷണ ക്യാമറയുടെ പിടിയിലാക്കാനാണ് പരിപാടി. ചരിത്രപരമായി തങ്ങളുടെ പുണ്യ കേന്ദ്രമായ വിശുദ്ധ ഖുദ്‌സില്‍ പ്രവേശിക്കുന്നതിനും പ്രാര്‍ഥനാ നിരതരാകുന്നതിനും മുസ്‌ലിംകള്‍ക്ക് ഈ നിരീക്ഷണങ്ങളെ പേടിക്കണം എന്ന് വരുന്നത് എത്രവലിയ ക്രൂരതയാണ്. അല്‍ അഖ്‌സയുടെ നിയന്ത്രണാധികാരം ജോര്‍ദാനാണ്. മാധ്യസ്ഥ്യ കരാറിന്റെ ഭാഗമായുള്ള തീര്‍പ്പാണത്. എന്നാല്‍ ജോര്‍ദാനെ അവഗണിച്ചാണ് ഇസ്‌റാഈല്‍ അവിടെ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നത്.

ഇസ്‌ലാമിക വിശ്വാസത്തിന്റ അവിഭാജ്യ ഘടകമാണ് ഖുദ്‌സ്. ആദ്യത്തെ ഖിബ്‌ലയായ മസ്ജിദുല്‍ അഖ്‌സയില്‍ നിന്നാണ് തിരുനബി ആകാശയാത്ര പുറപ്പെട്ടത്. മുസ്‌ലിംകള്‍ നിസ്‌കാരത്തിനായി 16 മാസം അവിടേക്കാണ് തിരിഞ്ഞിരുന്നത്. പൂര്‍വ വേദങ്ങളുടെ അടിസ്ഥാനത്തില്‍ ജൂതന്‍മാര്‍ നടത്തുന്ന അവകാശവാദങ്ങളെ നേരിയ തോതില്‍ അംഗീകരിച്ചതിന്റെ ഭാഗമാണ് അവര്‍ക്ക് അഖ്‌സക്ക് പുറത്ത് സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. അവര്‍ക്ക് പള്ളിക്കകത്തേക്ക് പ്രവേശനമില്ല. ഖുദ്‌സിന് മേല്‍ ഫലസ്തീനികള്‍ക്കുള്ള അവകാശം ഉറപ്പിച്ച് കൊണ്ടുള്ള പ്രമേയം ഈയടുത്ത് യുനസ്‌കോ അംഗീകരിച്ചിട്ടുണ്ട്. അല്‍ അഖ്‌സ പൂര്‍ണ ഇസ്‌ലാമിക പൈതൃകമാണെന്ന് 2016 ഒക്‌ടോബര്‍ 26ന് യുനസ്‌കോ വ്യക്തമാക്കി. ഈ പ്രമേയത്തിന് കടലാസിന്റെ വില പോലും നല്‍കാന്‍ ജൂതരാഷ്ട്രം തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ് പുതിയ സംഘര്‍ഷം. 1967ലെ യുദ്ധത്തില്‍ കിഴക്കന്‍ ജറൂസലം പിടിച്ചടക്കിയതോടെ ഖുദ്‌സിന്റെ മുഖച്ഛായ മാറ്റാനും അവിടെ മുസ്‌ലിം സാന്നിധ്യം ഇല്ലാതാക്കാനും ഇസ്‌റാഈല്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണ്. അത് ഒരു കാരണവശാലും വിശ്വാസപരമായ ലക്ഷ്യമല്ല. മറിച്ച് രാഷ്ട്രീയ ലക്ഷ്യമാണ്. ദീര്‍ഘകാല അധിനിവേശ പദ്ധതിയാണ് അത്. അല്‍ അഖ്‌സയില്‍ സംഘര്‍ഷം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1929ല്‍ ബുറാഖ് കവാടം വഴി അകത്തേക്ക് ഇരച്ചു കയറാനുള്ള ജൂതന്‍മാരുടെ ശ്രമം ഫലസ്‌നീകള്‍ തടഞ്ഞു. ഈ പ്രതിരോധം വലിയ ഏറ്റുമുട്ടലിന് വഴി വെച്ചു. നിരവധി പേര്‍ മരിച്ചു വീണു. ഫലസ്തീന്‍ മണ്ണ് സംരക്ഷിക്കാനുള്ള ആദ്യ സംഘടിത ശ്രമമെന്ന നിലയിലാണ് ഈ ചെറുത്തു നില്‍പ്പിനെ ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നത്. 1969ല്‍ അല്‍ അഖ്‌സക്ക് ക്രിസ്ത്യന്‍ തീവ്രവാദി തീവെച്ചു. 1990ല്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ 20 ഫലസ്തീനികള്‍ കൂട്ടക്കൊലക്കിരയായി. 1996ല്‍ പടിഞ്ഞാറന്‍ കവാടത്തിലേക്ക് ജൂതന്‍മാര്‍ തുരങ്കം പണിതപ്പോള്‍ അത് ചെറുക്കാന്‍ ഫലസ്തീനികള്‍ ഇറങ്ങി.

63 പേര്‍ രക്തസാക്ഷികളായി. 2000ത്തില്‍ ഇസ്‌റാഈല്‍ നേതാവ് ഏരിയല്‍ ഷാരോണ്‍ ആയിരക്കണക്കിന് സൈനികരുടേ അകമ്പടിയോടെ അഖ്‌സ സന്ദര്‍ശിക്കാനെത്തി. ഈ സംഭവമാണ് രണ്ടാം ഇന്‍തിഫാദക്ക് വഴി വെച്ചത്. 2015ലും അഖ്‌സക്ക് ചുറ്റും സംഘര്‍ഷമുണ്ടായി.
അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. നിരന്തരം സംഘര്‍ഷമുണ്ടാക്കി, ഹമാസ് അടക്കമുള്ള ഫലസ്തീന്‍ ഗ്രൂപ്പുകളെ ആയുധമെടുപ്പിക്കുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നത്. അങ്ങനെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ജൂതന്‍മാരെ കുടിയിരുത്തുന്നു. ഈ കുടിയേറ്റം അഖ്‌സയെ വലയം ചെയ്തു കഴിഞ്ഞു. ഗാസക്ക് നേരെ ഇസ്‌റാഈല്‍ സൈനിക നീക്കം ആരംഭിച്ചിരിക്കുന്നുവെന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. ഗാസാ മുനമ്പിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇസ്‌റാഈല്‍ ബോംബിംഗ് തുടങ്ങിയിരിക്കുന്നു. ഇസ്‌റാഈല്‍ ടാങ്കറുകള്‍ ഗാസാ മുനമ്പിന്റെ തെക്കന്‍ മേഖല വളഞ്ഞിരിക്കുകയാണ്. കൃത്യമായ ഇടവേളകളില്‍ ഫലസ്തീന്‍ കൂട്ടക്കുരുതി നടത്തുകയെന്ന ഉന്‍മൂലന പദ്ധതിയാണ് ഇവിടെ പ്രാവര്‍ത്തികമാകുന്നത്. മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളുടെ പടം വെച്ച് കണ്ണീരൊഴുക്കാറുള്ളവരാരും കൂട്ടക്കുരുതിക്ക് കളമൊരുങ്ങുമ്പോള്‍ മിണ്ടാറില്ല. ഫലസ്തീന്‍ ജനത മരിച്ചു തീരട്ടെയെന്നാണോ യു എന്നടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും അന്താരാഷ്ട്ര സമൂഹമെന്ന് മേനി നടിക്കുന്ന അമേരിക്കന്‍ ചേരിയും തീരുമാനിച്ചിരിക്കുന്നത്? അറബ് രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റണം. ഇസ്‌റാഈലിനെ നിലക്ക് നിര്‍ത്താന്‍ അമേരിക്കക്ക് മേല്‍ സമ്മര്‍ദം ചെലുത്തണം. ഒന്നുമില്ലെങ്കില്‍ ധീരമായ ചില വാക്കുകള്‍ ഉച്ചരിക്കുകയെങ്കിലും വേണം.

Latest