രാജിക്ക് കളമൊരുക്കിയത് ബി ജെ പിയുടെ വക്രബുദ്ധി; ഞെട്ടിയത് ആര്‍ ജെ ഡിയും കോണ്‍ഗ്രസും

Posted on: July 26, 2017 11:42 pm | Last updated: July 27, 2017 at 10:01 am

പാട്്‌ന: ബീഹാറില്‍ മാസങ്ങളായി തുടര്‍ന്നുവന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നിതീഷ് കുമാര്‍ രാജിവെച്ചതിലൂടെ ഞെട്ടിയത്, ആര്‍ ജെ ഡിയും കോണ്‍ഗ്രസും. സി ബി ഐ അന്വേഷണം നേരിടുന്ന ഉപമുഖ്യമന്ത്രിയും ലാലുവിന്റെ പുത്രനുമായ തേജസ്വി യാദവ് രാജിവെച്ചില്ലെങ്കില്‍ നിതീഷ് പുറത്താക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ മന്ത്രിസഭക്ക് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കാനുമായിരുന്നു ആര്‍ ജെ ഡിയുടെ നീക്കം. എന്നാല്‍ ഈ തന്ത്രത്തെ ഒരു മുഴം മുമ്പ് വെട്ടി നിതീഷ് പുതിയ രാഷ്ട്രീയ ബാന്ധവത്തിന് പച്ചപ്പരവതാനി വിരിച്ചു. ഈ നീക്കത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തതും പുതിയ സഖ്യത്തിന് നാന്ദി കുറിക്കുന്നതായിരുന്നു. കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ സഖ്യത്തിനെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും മഹാസഖ്യത്തിന്റെ പിന്നില്‍ അണിനിരത്താനുള്ള നീക്കമാണ് നിതീഷിന്റെ രാജിയോടെ വിരാമമാകുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വന്‍ വിജയത്തിനുശേഷം ലാലുവും നിതീഷും ചേര്‍ന്നാണ് ഇത്തരമൊരു ആശയം ആദ്യം മുന്നോട്ടുവച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെ സ്വാഗതം ചെയ്തു. ഇതോടെ ബീഹാറിലെ മഹാസഖ്യം ബി ജെ പിക്കെതിരായുള്ള പ്രതിപക്ഷമായി വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. എന്നാല്‍ ബി ജെ പിയുടെ വക്രബുദ്ധി ഈ സഖ്യത്തെ തന്നെ തകര്‍ക്കുന്നതിലേക്ക് എത്തി.

നോട്ട് അസാധുവാക്കലിനെതിരെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയെയും നിശിത വിമര്‍ശനത്തിന് പാത്രമാക്കിയപ്പോള്‍ വേറിട്ട ശബ്ദം ഉയര്‍ത്തിയാണ് നിതീഷ് ആദ്യ വെടിപൊട്ടിച്ചത്. പ്രതിപക്ഷ കക്ഷികള്‍ നോട്ട് നിരോധനം സാധാരണ ജനങ്ങള്‍ക്കുമേലുള്ള സര്‍ജിക്കല്‍ സ്‌െ്രെടക്ക് ആണെന്ന് ആരോപിച്ചപ്പോള്‍ നിതീഷ് പ്രധാനമന്ത്രിയെ അനുകൂലിക്കുകയാണ് ചെയ്തത്. മദ്യം നിരോധിച്ചതിനെ തുടര്‍ന്ന് വരുമാനം കുറഞ്ഞപ്പോള്‍ ബീഹാറിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക പാക്കേജ് ലഭിക്കുന്നതിന് വേണ്ടിയായിരിക്കാം ഈ മലക്കം മറിച്ചിലെന്ന് പ്രതിപക്ഷം കരുതി. അന്നുമുതല്‍ നിതീഷ് ബി ജെ പിയോടുള്ള അനുരാഗം വ്യക്തമാക്കിയിരുന്നു. ഇത് പിന്നീട് പ്രണയമായി വളര്‍ന്നത് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ നാളിലായിരുന്നു. എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് നിതീഷ് ആദ്യമേ പിന്തുണ പ്രഖ്യാപിച്ചു. ബീഹാറില്‍നിന്നുള്ള രാംനാഥ് കോവിന്ദിനാണ് തന്റെ പിന്തുണയെന്ന് നിതീഷ് തറപ്പിച്ചു പറഞ്ഞു. തലേന്നാള്‍ വരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ചര്‍ച്ചകളില്‍ ഒപ്പമുണ്ടായിരുന്ന നിതീഷ് നടത്തിയ നീക്കം ആദ്യമേ മണത്തറിയാന്‍ കോണ്‍ഗ്രസിനായില്ല. പതിപക്ഷം ഒറ്റക്കെട്ടായി നിതീഷിന്റെ മനമാറ്റത്തിന് ശ്രമിച്ചെങ്കിലും മീരാകുമാറിനെ പിന്തുണക്കാന്‍ അദ്ദേഹം തയാറായില്ല. ഇതിനു മുമ്പുതന്നെ മഹാസഖ്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള കളം ബി ജെ പി ഒരുക്കിയിരുന്നു.

ഐ ആര്‍ സി ടി സി ഹോട്ടലുകള്‍ക്കു ഭൂമി അനുവദിച്ച കേസുമായി ബന്ധപ്പെട്ട് ലാലുപ്രസാദ് യാദവ്, മകന്‍ തേജസ്വി, മകളും രാജ്യസഭാ എം പിയുമായ മിസ ഭാരതി, ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി എന്നിവര്‍ക്കെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്താണ് നിതീഷിന് ബി ജെ പിയിലേക്കുള്ള വഴി തുറന്നത്. ലാലുവിന്റെയും മക്കളുടെയും ഭാര്യയുടെയും വസതികളില്‍ സി ബി ഐ റെയ്ഡ് നടത്തിയാണ് കേസെടുത്തത്. ഇതോടെ മഹാസഖ്യം ആടി ഉലഞ്ഞിരുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിതീഷ് കാലുവാരിയെങ്കിലും മഹാസഖ്യം തകരാതിരിക്കാന്‍ കോണ്‍ഗ്രസ് കരുതലോടെയാണ് നീങ്ങിയത്. കോവിന്ദിനെ പിന്തുണച്ച നിതീഷിനെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെപ്പോലും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശാസിച്ചു. നിതീഷിനെ വിമര്‍
ശിക്കുന്നവര്‍ പാര്‍ട്ടിക്കു വെളിയിലാണെന്ന് അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ നിതീഷിനെ പരസ്യമായി ആരും വിമര്‍ശിക്കാന്‍ മുന്നോട്ടുവന്നില്ല.

എന്നാല്‍ ബീഹാറില്‍ ലാലുവിന്റെ അഴിമതിക്കേസ് നന്നായി മുതലാക്കാനുള്ള ശ്രമത്തിലായിരുന്നു നിതീഷ്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോട് അഴിമതിക്കേസില്‍ നിതീഷ് വിശദീകരണം ആവശ്യപ്പെട്ടു. രാജിവെക്കണമെന്ന് തേജസ്വിയോട് ആവശ്യപ്പെട്ടെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നല്‍കിയ വിരുന്നില്‍ നിതീഷ് പങ്കെടുക്കുകയും ചെയ്തു. അന്നുതന്നെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് ലാലുവിനെ പിന്തുണക്കരുതെന്ന് ആവശ്യപ്പെടുകയുമുണ്ടായി.
ബീഹാറില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള രാഷ്ട്രീയ നേതാവായ നിതീഷ് വീണുകിട്ടിയ ആയുധം ശരിക്കും പ്രയോഗിക്കുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കേസ് പൊടിതട്ടിയെടുത്ത് പാര്‍ട്ടിയുടെ എക്കാലത്തെയും നിശിത വിമര്‍ശകനായ ലാലുവിനെ തളക്കാന്‍ ബി ജെ പി കോപ്പ് കൂട്ടിയത് നിതീഷുമായുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് അന്ന് തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. തേജസ്വി രാഷ്ട്രീയത്തില്‍ വേരൂന്നുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതായ പറയപ്പെടുന്ന ഇടപാടില്‍ അദ്ദേഹത്തെ കൂടി പ്രതി ചേര്‍ത്തത് ഇതിന്റെ ഭാഗമായാണ്.

ബീഹാറില്‍ ആര്‍ ജെ ഡിയുമായുള്ള രാഷ്ട്രീയ സഖ്യം ഏറെക്കാലം മുന്നോട്ടു പോകില്ലെന്ന് സഖ്യത്തിന് രൂപം നല്‍കുമ്പോഴേ നിതീഷിന് ബോധ്യമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിതീഷിന് ജയിച്ചുകയറാന്‍ ഈ സഖ്യം ആവശ്യമായിരുന്നു. അത് സംഭവിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തില്‍ മുന്നിലെത്തിയ ലാലു നിതീഷിന് മുഖ്യമന്ത്രി പദവി വെച്ചു നീട്ടി. രാഷ്ട്രീയത്തില്‍ തീരെ പരിചയമില്ലാത്ത മകന്‍, തേജസ്വിയെ ഉപമുഖ്യമന്ത്രിയാക്കാന്‍ നിര്‍ബന്ധിക്കുക വഴി നിതീഷിനെ വരിഞ്ഞു മുറുക്കി. ലാലുവിന്റെ രാഷ്ട്രീയ തന്ത്രങ്ങളെ അതിജീവിച്ച് മുന്നോട്ട് പോവുക അസാധ്യമാണെന്ന തിരിച്ചറിവ് കൂടിയാണ് നിതീഷിനെ പഴയ ലാവണത്തിലേക്കെത്തിക്കുന്നത്.