സ്വകാര്യത പൗരന്റെ മൗലികാവകാശമാണ് എന്നാലിതിന് ജീവിയ്ക്കാനുള്ള അവകാശത്തേക്കാള്‍ വിലയില്ലെന്ന് സുപ്രിം കോടതി

Posted on: July 26, 2017 9:03 pm | Last updated: July 26, 2017 at 9:03 pm

ന്യൂഡല്‍ഹി: സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്നും എന്നാലിതിന് ജീവിയ്ക്കാനുള്ള അവകാശത്തേക്കാള്‍ വിലയുണ്ടെന്ന് കരുതുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍. സ്വകാര്യത മൗലികാവകാശമാണോ എന്ന വാദത്തിനിടെയാണ് സുപ്രീം കോടതിയില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് ഇന്ത്യന്‍ ഭരണഘടന പോലും പറയുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. രാജ്യത്തെ ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറിന് വേണ്ടി പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. സ്വകാര്യത മൗലികാവകാശമല്ലെന്ന് ഭരണഘടനാ ശില്‍പികള്‍ തന്നെ നിശ്ചയിച്ചിരുന്നതാണ്.

നിയമവിഷയത്തേക്കാള്‍ ഉപരി സ്വകാര്യത എന്നത് സാമൂഹിക സങ്കല്‍പങ്ങളാണ്. സ്വകാര്യതയുടെ എല്ലാ വശങ്ങളും മൗലികാവകാശങ്ങളായി അംഗീകരിക്കാനാവില്ല. സ്വകാര്യത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. മറ്റുള്ളവരുടെ അവകാശത്തിന് വിധേയമായിട്ട് മാത്രമേ ഒരാളുടെ സ്വാതന്ത്ര്യത്തിനുള്ള വാദം അംഗീകരിക്കാന്‍ സാധിക്കൂ. അതിനാല്‍ തന്നെ സ്വകാര്യതക്ക് നിയമപരിരക്ഷ നല്‍കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. ആധാര്‍ കാര്‍ഡിനായി ശേഖരിക്കുന്ന വ്യക്തി വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് കാട്ടിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കര്‍ണാടക, പഞ്ചാബ്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് സംസ്ഥാനങ്ങള്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്.എന്നാല്‍ സ്വകാര്യ കമ്പനികളായ ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയവര്‍ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ എന്ത് കൊണ്ട് സര്‍ക്കാര്‍ സംവിധാനത്തിന് അതിന് കഴിയുന്നില്ലെന്നാണ് കോടതിയുടെ ചോദ്യം