മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി; ശിവസേന നേതാവ് അറസ്റ്റില്‍

Posted on: July 26, 2017 10:08 am | Last updated: July 26, 2017 at 3:42 pm

മുംബൈ: മുംബൈയിലെ ഗാഡ്‌കോപ്പറില്‍ നാല് നില കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരില്‍ ആറ് സ്ത്രീകളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടും. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും ശിവസേന നേതാവുമായ സുനില്‍ സിതാപിനെ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അപകടസ്ഥലത്തെത്തി. അന്വേഷണത്തിന് ഉത്തരവിട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബിഎംസി കമ്മീഷണറോട് ആദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ 10.45 ഓടെയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. എട്ട് ഫയര്‍എന്‍ജിനുകള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് ഹോമില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടായിരുന്നു. അനധികൃതമായാണ് അറ്റകുറ്റപ്പണി നടന്നതെന്നാണ് പോലീസ് പറയുന്നത്.