Connect with us

National

ഓരോ സംസ്ഥാനത്തിനും ഓരോ പതാക; ഇതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍

Published

|

Last Updated

ബെംഗളൂരു: സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായ പതാകകള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയ്ക്കായി പ്രത്യേക സംസ്ഥാന പാതക രൂപപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. എന്നാല്‍ സംസ്ഥാനങ്ങളുടെ പതാക ദേശീയ പതാകയ്ക്ക് പകരമോ തുല്യമോ അല്ലെന്ന നിബന്ധനയുമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സംസ്ഥാനത്തിന് പ്രത്യേക പതാക വേണമെന്ന ആവശ്യമുയര്‍ത്തിയത്. നിയമം കൃത്യമായി പറയുന്നത് ദേശീയ പതാകയ്ക്ക് പകരമായി സംസ്ഥാന പതാക ഉപയോഗിക്കരുതെന്നും മുകളില്‍ ഉയര്‍ത്തരുതെന്നുമാണെന്നും ശശി തരൂര്‍ പറഞ്ഞു. കര്‍ണാടക സംസ്ഥാനത്തെ അടയാളപ്പെടുത്തുന്നതിനായുള്ള ചിഹ്നം എന്ന നിലയില്‍ തയ്യാറാക്കുന്ന സംസ്ഥാന പതാകയുടെ നിയമസാധുതയും മറ്റു വശങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടു. ഇത് യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ജമ്മു കശ്മീരിനു ശേഷം സംസ്ഥാന പതാകയുള്ള രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കര്‍ണാടകം മാറും. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിനെതിരെ ബി ജെ പി രംഗത്തെത്തിയിരുന്നു. കര്‍ണാടകയ്ക്ക് സ്വന്തമായി പതാക രൂപം നല്‍കാനുള്ള തീരുമാനം സംസ്ഥാന നിയമസഭയില്‍ മുന്നോട്ടുവച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പതാക രൂപവത്കരിക്കാനുള്ള അവകാശം രാജ്യത്തിന്റെ നിയമം അനുശാസിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റേയും സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടേയും വാദം. സംസ്ഥാനങ്ങളുടെ ഔചിത്യത്തിനനുസരിച്ചുള്ള ഫഌഗ് കോഡ് തിരഞ്ഞെടുക്കാനുള്ള അനുമതി ഉണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഉപയോഗിക്കുന്ന ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക സംസ്ഥാനത്തിന്റെ ഔദ്യോഗിക പതാകയായി പ്രഖ്യാപിക്കണമെന്നുള്ള നിര്‍ദ്ദേശം നേരത്തെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ തത്വത്തോട് ചേരുന്നതും എന്നാല്‍ സംസ്ഥാനത്തിന് പ്രത്യേക തിരിച്ചറിയല്‍ നല്‍കുന്നതുമായ പതാകയാവും ഔദ്യോഗിക പതാകയായി പരിഗണിക്കുകയെന്നാണ് കമ്മിറ്റിയുടെ പ്രതികരണം. കര്‍ണാടക സംസ്ഥാനത്തിന് പ്രത്യേക പതാക സാധ്യമാണോ എന്ന കാര്യം പരിശോധിക്കാനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചതിലൂടെ സിദ്ധരാമയ്യ സര്‍ക്കാര്‍ നേരത്തേ വിവാദത്തിന് വഴി തുറന്നിരുന്നു. ബി ജെ പിയുടെ രാഷ്ട്രീയത്തെ നേരിടാനെന്ന വ്യാഖ്യാനത്തോടെ വിഭാഗീയതയും പ്രാദേശിക വാദവും ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് തിരിച്ചടിയാകുമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി. ഇതിനിടെയാണ് പ്രത്യേക പതാകയെന്ന ആവശ്യത്തെ പിന്തുണച്ച് തരൂര്‍ രംഗത്തുവന്നത്.

---- facebook comment plugin here -----

Latest