Connect with us

Gulf

ബീച്ചുകളില്‍ ആള്‍ത്തിരക്കേറി; കൂടുതല്‍ സൗകര്യങ്ങളൊരുക്കി അധികൃതര്‍

Published

|

Last Updated

ദോഹ: കൊടും ചൂടിനിടയിലും രാജ്യത്തെ പൊതു പാര്‍ക്കുകളിലും കടലോരങ്ങളിലും ആള്‍ത്തിരക്കിന് കുറവില്ല. സന്ദര്‍ശകര്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തരഘട്ടങ്ങളെ അഭിമുഖീകരിക്കുന്നതിന് ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തുമെന്ന് നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ദി പെനിന്‍സുലയോട് പറഞ്ഞു.
വാരാന്ത്യങ്ങളില്‍ പ്രത്യേകിച്ചും കടലോരങ്ങളില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തുന്നതെന്ന് അല്‍ വക്‌റ നഗരസഭയിലെ പൊതു പാര്‍ക്ക് വിഭാഗം മേധാവി ഉമര്‍ അല്‍ ജാബിര്‍ പറഞ്ഞു.

സന്ദര്‍ശകരുടെ വരവും പോക്കും സുഗമമാക്കുന്നതിനും കടലോരങ്ങളില്‍ മന്ത്രാലയം സജ്ജീകരിച്ച സംവിധാനങ്ങള്‍ പരിപാലിക്കുന്നതിനും സുരക്ഷാ കമ്പനിയുമായി ചേര്‍ന്ന് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതിന് മന്ത്രാലയം ഈയടുത്ത് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള കളിസ്ഥലമടക്കമുള്ള എല്ലാ സേവനങ്ങളും കടലോരങ്ങളില്‍ പൂര്‍ണമാണ്. വിനോദം, കായികം, കുട്ടികളുടെ കളിസ്ഥലം തുടങ്ങി കുടുംബങ്ങളെ ആകര്‍ഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ബീച്ചുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം ബീച്ചുകളില്‍ പോലീസ് പട്രോളിംഗും നടത്തുന്നുണ്ട്.

പരിസ്ഥിതി നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നഗരസഭയുടെ ഇന്‍സ്‌പെക്ടര്‍മാരും സദാ ജാഗരൂകരാണ്. ലോകത്തുടനീളം കടലില്‍ മുങ്ങിപ്പോകുന്നവരില്‍ അധികവും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളായതിനാല്‍ കുട്ടികളെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് സന്ദര്‍ശികര്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കന്നു. മുങ്ങിപ്പോകുന്ന കേസുകള്‍ വിദഗ്ധരാണ് കൈകാര്യം ചെയ്യേണ്ടത്. അല്ലാത്തപക്ഷം ഇരക്ക് ഗുരുതരമായി ബാധിച്ചേക്കാം.

അതിനിടെ അല്‍ വക്‌റ സൂഖ് ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ബീച്ചിന് അഭിമുഖമായി നിരവധി റസ്റ്റോറന്റുകളും തുറന്നിട്ടുണ്ട്. കടലിലിറങ്ങാന്‍ സ്വിം സ്യൂട്ടുകള്‍ ധരിക്കണം. വസ്ത്രം മാറുന്നതിന് പ്രത്യേക റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest