സെവാഗിന്റെ ബാറ്റിംഗ് + വിരാടിന്റെ ആക്രണോത്സുകത = ഹര്‍മന്‍പ്രീത്

Posted on: July 22, 2017 9:46 am | Last updated: July 22, 2017 at 9:46 am

ചണ്ഡിഗഢ്: അവള്‍ വിരേന്ദര്‍ സെവാഗിനെ പോലെയാണ് ബാറ്റ് ചെയ്യുക, വിരാട് കോഹ്‌ലിയുടെ ആക്രമണോത്സുകതയോടെ – ഹര്‍മന്‍പ്രീത് കൗറിന്റെ സഹോദരി ഹെമ്ജിത് കൗറിന്റെ വാക്കുകള്‍. ഇന്ത്യയെ ഐ സി സി വനിതാ ലോകകപ്പ് ഫൈനലില്‍ എത്തിച്ച സെഞ്ച്വറി പ്രകടനം ഹര്‍മന്‍പ്രീത് കൗറിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമാക്കിയിരിക്കുകയാണ്.

പഞ്ചാബിലെ മോഗയിലെ ഹര്‍മന്‍പ്രീതിന്റെ വീട്ടില്‍ ആഘോഷം അലയടിക്കുകയാണ്. ആസ്‌ത്രേലിയക്കെതിരെ പുറത്താകാതെ നേടിയ 171 റണ്‍സ് വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായാണ് കരുതപ്പെടുന്നത്. പുരുഷ ക്രിക്കറ്റില്‍ തന്നെ ഇത്തരം ഇന്നിംഗ്‌സുകള്‍ കുറവാണ്. വിരേന്ദര്‍ സെവാഗ് പറഞ്ഞത് താന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് കണ്ടുവെന്നാണ്. സച്ചിനും പോണ്ടിംഗും ഗില്‍ക്രിസ്റ്റും എല്ലാം ഒറ്റയടിക്ക് ഹര്‍മന്‍പ്രീത് കൗറിന് പിറകിലായെന്നും സെവാഗ് ട്വിറ്ററില്‍ എഴുതിയിരുന്നു.
1983 ലോകകപ്പില്‍ കപില്‍ദേവ് സിംബാബ് വെക്കെതിരെ നടത്തിയ സെഞ്ച്വറി പ്രകടനത്തോട് കിടപിടിക്കുന്ന ഇന്നിംഗ്‌സായിരുന്നു കൗറിന്റെത്.

സെവാഗിനെ പോലെ പന്ത് കണ്‍മുന്നിലെത്തിയാല്‍ അടിച്ച് ബൗണ്ടറി കടത്തുക എന്നതാണ് ഹര്‍മന്‍പ്രീതിന്റെ രീതി. വിരാട് കോഹ്‌ലിയുടെ ആക്രമണോത്സുകത കൗറിന്റെ ബാറ്റിംഗിലുണ്ട്. ഇത് ചെറുപ്പത്തിലേ ലഭിച്ചതാണ്. ആണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. സ്ത്രീയുടെ പരിമിതികളെ അവഗണിച്ചു കൊണ്ടാണ് കൗര്‍ വെടിക്കെട്ട് ബാറ്റിംഗിന്റെ വക്താവായതെന്ന് സഹോദരി പറയുന്നു.കപില്‍ദേവിന്റെ ഇന്നിംഗ്‌സിനോടൊക്കെ ഉപമിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഇത് അവള്‍ക്ക് ലഭിക്കാവുന്ന വലിയ അംഗീകാരമാണ് – ഹേമ്ജിത് കൗര്‍ പറഞ്ഞു.

പിതാവ് ഹര്‍മന്ദര്‍ കൗറാണ് ആദ്യ പരിശീലകന്‍. ഹര്‍മന്റെ മാതൃകാ താരവും പിതാവ് തന്നെ. ഹര്‍മന്ദര്‍ മികച്ച ക്രിക്കറ്റ് താരമായിരുന്നു. കുടുംബ സാഹചര്യങ്ങള്‍ കാരണം സ്‌പോര്‍ട്‌സില്‍ തുടരാന്‍ സാധിച്ചില്ല. എന്നാല്‍, ഇന്ന് മകളുടെ നേട്ടങ്ങളിലൂടെ ആ പിതാവ് ആത്മാനുഭൂതി അനുഭവിക്കുന്നു.
മകള്‍ ലോകകപ്പ് ഉയര്‍ത്തുമെന്ന് പിതാവിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അവളെ കുറിച്ചോര്‍ത്ത് ഈ രാജ്യം അഭിമാനിക്കുകയാണ്, ഇതില്‍പ്പരം തനിക്കൊന്നും വേണ്ടെന്ന് ഹര്‍മന്ദര്‍ പറയുന്നു.
മാതാവ് സാത്വിന്ദര്‍ കൗര്‍ മധുരപലഹാരങ്ങള്‍ ഉണ്ടാക്കി അയല്‍വാസികള്‍ക്കെല്ലാം ന ല്‍കുന്ന തിരക്കിലാണ്. സഹോദരി ഹേമ്ജിത് ഇംഗ്ലീഷ് അധ്യാപികയാണ്.