അന്ന് പെട്രോള്‍ പമ്പ്, ഇന്ന് മെഡിക്കല്‍ കോഴ

വര്‍ക്കലയിലെയോ ചെര്‍പ്പുളശ്ശേരിയിലെയോ ഏതെങ്കിലുമൊരു മെഡിക്കല്‍ കോളജുകളില്‍ ഒതുങ്ങി നില്‍ക്കുന്ന കോഴയോ അഴിമതിയോ ആയി ഇതിനെ കാണാനാകില്ല. ആര്‍ എസ് വിനോദിനെ ബലിയാടാക്കിയോ എം ടി രമേശിനെ ക്രൂശിക്കുന്നതിലോ കാര്യങ്ങള്‍ അവസാനിക്കുകയുമില്ല. പ്രാദേശിക തലങ്ങളില്‍ നിന്ന് ഡല്‍ഹി വരെ നീളുന്ന വലിയൊരു കണ്ണി ഇതിന്റെ പിന്നിലുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയുടെ പേരില്‍ വ്യാപക അഴിമതി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ലോധ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍, ലോധ കമ്മിറ്റിയുടെ പരിശോധന ഇല്ലാതെ രാജ്യത്ത് 70 മെഡിക്കല്‍ കോളജുകള്‍ക്ക് ഈ വര്‍ഷം അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ മറിഞ്ഞ കോടികളുടെ കണക്കെടുത്താല്‍ ഒരു പക്ഷേ ടു ജി സ്‌പെക്ട്രത്തിന്റെ റെക്കോര്‍ഡ് പോലും മറികടന്നേക്കാം.
Posted on: July 22, 2017 8:48 am | Last updated: July 21, 2017 at 11:51 pm

ബി ജെ പി നേതാക്കള്‍ നടത്തിയ ചീഞ്ഞ് നാറുന്ന മറ്റൊരു അഴിമതി കഥ കൂടി പുറം ലോകമറിഞ്ഞിരിക്കുന്നു. പുതിയ മെഡിക്കല്‍ കോളജുകളും സീറ്റും തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് ചില മുതലാളിമാരില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്നാണ് ആരോപണം. ബി ജെ പി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കോഴ നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ഇതിന്റെ പേരില്‍ ഒരാളെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തതോടെ ഇനി ഇത് വെറുമൊരു ആരോപണമല്ല; ഗുരുതരമായ കുറ്റകൃത്യമാണ്. അഴിമതി മാത്രമല്ല, കുഴല്‍പണം ഉള്‍പ്പെടെ രാജ്യദ്രോഹമടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ബി ജെ പി നേതാക്കള്‍ നേരിട്ട് ഇടപെട്ടിരിക്കുന്നു.

കേരളത്തില്‍ അധികാരമോ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിര്‍ണായക ഇടമോ ഇല്ലാതിരുന്നിട്ടും ഇത്രയും വലിയ അഴിമതി നടന്നെങ്കില്‍ ആ പാര്‍ട്ടി നേതൃത്വം ചെന്നുപെട്ട അപചയത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. താഴെ തലം മുതല്‍ ഡല്‍ഹിയിലെ വമ്പന്‍മാരിലേക്ക് വരെ നീളുന്ന വലിയൊരു തീവെട്ടിക്കൊള്ളയുടെ ചിത്രമാണിത്. ആദര്‍ശത്തിന്റെ ‘ആള്‍രൂപമായി’ ബി ജെ പി അവതരിപ്പിക്കാറുള്ള സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരുമറിയാതെ സൂക്ഷിച്ച അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ചോര്‍ത്തിയതോടെയാണ് പുറം ലോകമറിഞ്ഞത്. ബി ജെ പിക്കുള്ളിലെ രൂക്ഷമായ ഗ്രൂപ്പിസവും വടംവലിയും ഇതിന് കാരണമായി.

മെഡിക്കല്‍ കോളജ് കോഴ കഥയെ ആശ്ചര്യത്തോടെ സമീപിക്കുന്ന ചിലരെങ്കിലുമുണ്ട്. ചില ബി ജെ പി നേതാക്കളുടെ പ്രതികരണങ്ങളിലും ഇത് വ്യക്തമാണ്. എന്നാല്‍, വോട്ട്കച്ചവടം എന്ന രാഷ്ട്രീയ അഴിമതി മലയാളികളെ പരിചയപ്പെടുത്തിയവരാണ് ബി ജെ പിക്കാര്‍. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം പോലും പാര്‍ലിമെന്റില്‍ ഇല്ലാതിരുന്നിട്ടും ഇത്രയും വലിയ അഴിമതി നടത്താന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമായി കരുതേണ്ടി വരും. കേന്ദ്രഭരണം അഴിമതിക്ക് അവസരമാക്കിയതിന് സംസ്ഥാന ബി ജെ പിക്ക് മുന്‍കാല പ്രാബല്യവും അവകാശപ്പെടാം. എ ബി വാജ്പയ് പ്രധാനമന്ത്രിയായിരിക്കെ കേരളത്തിലാകെ പെട്രോള്‍ പമ്പും ഗ്യാസ് സ്റ്റേഷനും അനുവദിച്ച് കോടികള്‍ പിരിച്ചെടുത്തവരാണ്. ബി ജെ പി ഇത്രപോലും കേരളത്തില്‍ ശക്തമല്ലാതിരുന്ന കാലത്തായിരുന്നു ഈ അഴിമതി. വലിയ കോളിളക്കം സൃഷ്ടിച്ച ഈ സംഭവം അന്വേഷിച്ച രാമന്‍പിള്ളക്ക് പോലും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതും ചരിത്രം.
വര്‍ക്കലയിലെ സ്വാശ്രയ മെഡിക്കല്‍ കോളജിന് എം ബി ബി എസിന് 150 സീറ്റുകള്‍ അധികമായി അനുവദിക്കാന്‍ നടത്തിയ ഇടപെടലുകളാണ് ഇപ്പോള്‍ പുറത്ത് വന്നത്. പണം നല്‍കിയിട്ടും കാര്യം നടക്കാതെ വന്നതോടെ മെഡിക്കല്‍ കോളജ് ഉടമ പരാതിയുമായി ബി ജെ പി കേന്ദ്രനേതൃത്വത്തെ സമീപിച്ചു. വെള്ളാപ്പള്ളി നടേശനുമായി അടുപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളജ് ഉടമ ആ വഴി ഉപയോഗിച്ചാണ് ബി ജെ പിയുടെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്. സഖ്യകക്ഷിയായ ബി ഡി ജെ എസ് വഴി നല്‍കിയ പരാതി മുക്കാന്‍ കഴിയാതെ വന്നതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടത്തിയത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായതോടെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അന്വേഷണ കമ്മീഷനെ വെക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. സംസ്ഥാന വൈസ്പ്രസിഡന്റായ കെ പി ശ്രീശനും സെക്രട്ടറി എ കെ നസീറും ഉള്‍പ്പെടുന്ന രണ്ടംഗ കമ്മീഷന്‍ വിശദമായ അന്വേഷണം നടത്തിയ കോഴ നടന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 150 സീറ്റുകള്‍ അധികമായി ലഭിക്കാന്‍ ബി ജെ പി നേതാക്കള്‍ ആവിശ്യപ്പെട്ടത് 17 കോടി രൂപയാണ്. കേരളത്തിലെ ബി ജെ പി നേതാക്കളുടെ പ്രിയങ്കരനായിരുന്ന സതീഷ് നായര്‍ ആയിരുന്നു ഇടനിലക്കാരന്‍.

വര്‍ക്കലയിലെ എസ് ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി ജെ പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡല്‍ഹിയിലുള്ള സതീഷ് നായര്‍ക്ക് കുഴല്‍പ്പണമായി തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കുഴല്‍പ്പണമായി എത്തിക്കുന്നതിന് പെരുമ്പാവൂരിലെ ഒരാളുടെ സഹായം തേടി. എസ് രാകേശ് ശിവരാമനാണ് സതീശ്‌നായരെ പരിചയപ്പെടുത്തിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. കുമ്മനം രാജശേഖരന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു രാകേഷ് ശിവരാമന്‍. ഷാജിയുടെ പരാതിയിലില്ലാത്ത എം ടി രമേശിന്റെ പേരുകൂടി അന്വേഷണത്തിനിടെ കടന്നുവന്നതായി റിപ്പോര്‍ട്ടിലുണ്ട്. പാലക്കാട് ചെര്‍പ്പുളശ്ശേരി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടാണ് രമേശിനെതിരായ പരാമര്‍ശം.
ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സതീഷ്‌നായരുടെ മൊഴി ഇടപാടിന്റെ ആഴം വ്യക്തമാക്കുന്നതാണ്. കോഴ വാങ്ങിയിട്ടും കാര്യം നടന്നില്ലല്ലോയെന്നും അത് കേന്ദ്ര സര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കില്ലെന്നതിന്റെ ഉത്തമ ഉദാഹരണമായും ചില ബി ജെ പി നേതാക്കളെങ്കിലും വലിയ വായില്‍ വിളിച്ച് പറയുന്നുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് കാര്യം നടക്കാതെ പോയതെന്ന് സതീഷ് നായര്‍ നല്‍കിയ മൊഴിയിലുണ്ട്. താന്‍ പണം കൈപറ്റിയെന്നത് ശരിയാണെന്നും അത് പാര്‍ട്ട്‌പേമന്റ് മാത്രമാണെന്നും മുഴുവന്‍ തുകയും നല്‍കാത്തത് കൊണ്ടാണ് എം സി ഐ പരിശോധനക്കും അംഗീകാരത്തിനുമായി പിന്നീട് ഇടപെടാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഈ ഡീലില്‍ തനിക്ക് ഒരു കോടിയുടെ നഷ്ടം സംഭവിച്ചെന്ന് കൂടി സതീഷ് നായര്‍ പറയുന്നുണ്ട്. അതായത്, ആറ് കോടി രൂപ കൈപറ്റിയിട്ടും ഒരു കോടി നഷ്ടം വന്നിട്ടുണ്ടെങ്കില്‍ കൈപറ്റിയതിനേക്കാള്‍ കൂടുതല്‍ പണം എത്തേണ്ട കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്ന് വ്യക്തം.
ഇങ്ങനെ പണം വാങ്ങി മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം വാങ്ങിക്കൊടുക്കുന്നതിനെ പറ്റിയുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ഇത് എന്റെ ബിസിനസ്സിന്റെ ഭാഗം മാത്രമാണെന്നും ഇതിനായി ഞാന്‍ ഉപയോഗപ്പെടുത്തുന്ന വ്യക്തികളെ പറ്റി പറയാന്‍ പറ്റില്ലെന്നുമാണ് സതീഷ് നായര്‍ നല്‍കിയ മൊഴി. ”എന്നാല്‍ താങ്കള്‍ ഇത്ര വലിയ തുകക്കുള്ള ഡീല്‍ ചെയ്യുന്നത് എന്ത് ഉറപ്പിലാണ് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് ഇത്തരം ഡീലുകളില്‍ അഡ്വാന്‍സ് വാങ്ങി ചെയ്യാന്‍ കഴിയുന്നതല്ലെന്നും നല്ല ഉറപ്പും വിശ്വാസവും ഉള്ള ആരുടെയെങ്കിലും ധൈര്യത്തില്‍ ആണ് കാര്യങ്ങള്‍ നടത്താറുള്ളതെന്നുമാണ്. ഇതില്‍ നിന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത് ശക്തരായ ആരോ ഇതിന്റെ പിന്നിലുണ്ടെന്നാണ്. ആ പേര് പരാതിക്കാരന്‍ പറഞ്ഞിട്ടില്ലാത്തത് കൊണ്ടും, ഇയാള്‍ അത് പറയാന്‍ കൂട്ടാക്കാത്തത് കൊണ്ടും ഞങ്ങള്‍ അതിലേക്ക് കടക്കുന്നില്ല.” – ബി ജെ പിയുടെ രണ്ടംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നാണിത്. അതായത്, ഉറപ്പും വിശ്വാസവുമുള്ള ആരോ ഇതിന് പിന്നിലുണ്ടെന്ന് ബി ജെ പി തന്നെ സമ്മതിക്കുന്നു.
ക്രമക്കേടിന് എത്രത്തോളം ആഴമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. പുറത്ത് വന്ന വിവരങ്ങളെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. കുഴല്‍പ്പണം ഉള്‍പ്പെടെയുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ബി ജെ പി നേതാക്കളുടെ ബന്ധങ്ങളിലേക്കാണ് അവര്‍ തന്നെ നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. അഴിമതിപ്പണം കുഴല്‍പ്പണമായി ഡല്‍ഹിയിലെ ഇടനിലക്കാരന് കൈമാറിയെന്ന കണ്ടെത്തല്‍ ഗുരുതരമാണ്. രാജ്യസ്‌നേഹത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍ഷിപ്പ് എടുത്ത ബി ജെ പി നേതാക്കള്‍ രാജ്യദ്രോഹത്തിന് ഇറങ്ങുമോയെന്നാണ് ചിലരുടെയെങ്കിലും സംശയം. ഒരു മാസം മുമ്പാണ് ചാവക്കാട്ടെ യുവമോര്‍ച്ച നേതാക്കളായ ചില ‘രാജ്യസ്‌നേഹികള്‍’ കള്ളനോട്ട് കേസില്‍ അകത്തായത്. കള്ളപ്പണത്തിനെതിരെ യുദ്ധം ചെയ്ത് വലിയ സുരക്ഷാക്രമീകരണങ്ങളോടെ അച്ചടിച്ചിറക്കിയ രണ്ടായിരം രൂപയുടെ നോട്ടാണ് ചാവക്കാട്ടെ രാജ്യസ്‌നേഹികള്‍ സ്വന്തം വീട്ടില്‍ കൂളായി അടിച്ച് വായ്പയായി വിതരണം ചെയ്തത്.
അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും കര്‍ശനമായ നടപടിയുണ്ടാകുമെന്നുമെല്ലാം ബി ജെ പി നേതാക്കള്‍ ആണയിടുന്നുണ്ട്. സംരക്ഷിക്കാന്‍ അവസാനം വരെ ശ്രമിച്ചിട്ടും നടന്നില്ലെന്നതിന് കുമ്മനം രാജശേഖരന്‍ മണിക്കൂറുകളുടെ ഇടവേളയില്‍ കഴിഞ്ഞ ദിവസം ഇറക്കിയ വാര്‍ത്താകുറിപ്പ് തന്നെ തെളിവ്. മാധ്യമങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് വാര്‍ത്തയായതോടെ എല്ലാം ഊഹാപോഹം എന്നായിരുന്നു കുമ്മനം രാവിലെ ഇറക്കിയ വാര്‍ത്താക്കുറിപ്പ്. ഉച്ചകഴിഞ്ഞതോടെ ‘ഗൗരവം’ ബോധ്യപ്പെട്ട് ആര്‍ എസ് വിനോദിനെ പുറത്താക്കി വാര്‍ത്താകുറിപ്പ് ഇറക്കി. ഒന്നര മാസം പെട്ടിയില്‍ ഭദ്രമാക്കി വെച്ച റിപ്പോര്‍ട്ട് പുറത്തായപ്പോള്‍ ഗത്യന്തരമില്ലാതെയാണ് ഒരാളെയെങ്കിലും കുമ്മനം പുറത്താക്കിയത്. ഒത്തുതീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ബി ജെ പിയിലെ ഗ്രൂപ്പ് യുദ്ധത്തില്‍ തകര്‍ന്നടിയുകയായിരുന്നു. പാര്‍ട്ടി നേതൃത്വം പിടിക്കാന്‍ വി മുരളീധരനും പി കെ കൃഷ്ണദാസും രണ്ടുചേരികളിലായി നടത്തുന്ന നീക്കങ്ങളാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് പുറംലോകം അറിയാന്‍ വഴിവെച്ചത്.
അഴിമതിയേക്കാള്‍ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ച്ചയാണ് ബി ജെ പി ഗുരുതരമായി കാണുന്നത്. അന്വേഷണ സംഘത്തിലെ സംസ്ഥാന സെക്രട്ടറി എ കെ നസീറിനെ റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്‌തേക്കും. പെട്രോള്‍ പമ്പ് അഴിമതി അന്വേഷിച്ച രാമന്‍പിള്ളയെ പടിയടച്ച് പിണ്ഡം വെച്ചതാണ് ബി ജെ പിയുടെ പാരമ്പര്യം. വോട്ട് കച്ചവടം അന്വേഷിച്ച ഡോ. സേവ്യര്‍ പോളിനുണ്ടായ അനുഭവവും ഇത് തന്നെ.

വര്‍ക്കലയിലെയോ ചെര്‍പ്പുളശ്ശേരിയിലെയോ ഏതെങ്കിലുമൊരു മെഡിക്കല്‍ കോളജുകളില്‍ ഒതുങ്ങി നില്‍ക്കുന്ന കോഴയോ അഴിമതിയോ ആയി ഇതിനെ കാണാനാകില്ല. ആര്‍ എസ് വിനോദിനെ ബലിയാടാക്കിയോ എം ടി രമേശിനെ ക്രൂശിക്കുന്നതിലോ കാര്യങ്ങള്‍ അവസാനിക്കുകയുമില്ല. പ്രാദേശിക തലങ്ങളില്‍ നിന്ന് ഡല്‍ഹി വരെ നീളുന്ന വലിയൊരു കണ്ണി ഇതിന്റെ പിന്നിലുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയുടെ പേരില്‍ വ്യാപക അഴിമതി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ലോധ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍, ലോധ കമ്മിറ്റിയുടെ പരിശോധന ഇല്ലാതെ രാജ്യത്ത് 70 മെഡിക്കല്‍ കോളജുകള്‍ക്ക് ഈ വര്‍ഷം അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ മറിഞ്ഞ കോടികളുടെ കണക്കെടുത്താല്‍ ഒരുപക്ഷെ ടു ജി സ്‌പെക്ട്രത്തിന്റെ റെക്കോര്‍ഡ് പോലും മറികടന്നേക്കാം.