അവിശ്വസനീയമെന്ന് സച്ചിന്‍; താന്‍ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നെന്ന് സെവാഗ്; ഹര്‍മന്‍ പ്രീതിന് അഭിനന്ദന പ്രവാഹം

Posted on: July 21, 2017 10:46 am | Last updated: July 21, 2017 at 10:46 am

ഡെര്‍ബി: ഐ സി സി വനിതാ ലോകകപ്പില്‍ ആസ്‌ത്രേലിയക്കെതിരായ സെമി പോരാട്ടത്തില്‍ മിന്നുന്ന സെഞ്ച്വറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഹര്‍മന്‍പ്രീത് സിംഗിന് അഭിനന്ദന പ്രവാഹം. ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരേന്ദ്ര സേവാഗ്, വിരാട് കോഹ്‌ലി, പുരുഷ ടീം പരിശീലകന്‍ രവി ശാസ്ത്രി, മുന്‍ പരിശീലകനായ അനില്‍ കുംബ്ലെ എന്നിവരടക്കം നിരവധി പേരാണ് ഹര്‍മന്‍പ്രതീന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. അവിശ്വസനീയമായ ബാറ്റിംഗ് എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. താന്‍ കണ്ടതില്‍ വെച്ച് എറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നെന്ന് വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്ന സെവാഗ് വിലയിരുത്തി. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ, ഹര്‍ഭജന്‍ സിംഗ്, ആകാശ് ചോപ്ര, മുഹമ്മദ് കൈഫ്, സഞ്ജയ് മഞ്ജരേക്കര്‍ എന്നിവരും ഹര്‍മന്‍പ്രീതിനെ പുകഴ്ത്തി.

115 പന്തുകളില്‍ പുറത്താകാതെ 171 റണ്‍സാണ് കൗര്‍ അടിച്ചുകൂട്ടിയത്. നാലാമതായി ബാറ്റിംഗിനിറങ്ങിയ ഹര്‍മന്‍പ്രീത് കൗര്‍ ഇരുപത് ഫോറും ഏഴ് സിക്‌സറും ഉള്‍പ്പടെയാണ് തന്റെ വീരോചിത ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കിയത്. 148.69 ആണ് സ്‌ട്രൈക്ക് റേറ്റ്. വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായി ഇത് രേഖപ്പെടുത്തിക്കഴിഞ്ഞു. കൗര്‍ കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.