Connect with us

Gulf

അമീര്‍ ഉര്‍ദുഗാനുമായി സംസാരിച്ചു; ചര്‍ച്ചകളും നടപടികളും സജീവം

Published

|

Last Updated

ദോഹ: സഊദി സഖ്യ രാജ്യങ്ങളുടെ ഉപരോധം തുടരവേ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് റജബ് ഉര്‍ദുഗാനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവും സൗഹൃദങ്ങളും ചര്‍ച്ചയില്‍ വിഷയമായി. വെള്ളപ്പൊക്കമുണ്ടായ ഇസംതംബൂള്‍ നഗരത്തിലെ ജനജീവിതത്തെക്കുറിച്ച് അന്വേഷിച്ച അമീര്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണ അറിയിച്ചു. അടുത്ത ദിവസം ഉര്‍ദുഗാന്‍ ഖത്വര്‍ സന്ദര്‍ശിക്കാനിരിക്കേയാണ് അമീറിന്റെ സംഭാഷണം.

അതേസമയം സഊദി സഖ്യ രാജ്യങ്ങള്‍ പുതിയ ആശയങ്ങള്‍ മുന്നോട്ടു വെച്ചതിന്റെ കൂടി പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും വ്യാപാര, വാണിജ്യ മേഖലകളിലുല്‍പ്പെടെ ബദല്‍ ആശയങ്ങളുമായും ഉപരോധത്തെത്തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായും ഖത്വര്‍ സര്‍ക്കാര്‍ വിഭാഗങ്ങള്‍ മുന്നോട്ടു പോവുകയാണ്. ഉപരോധത്തെ തുടര്‍ന്ന് വരുമാനത്തില്‍ നഷ്ടം സംഭവിച്ച കമ്പനികള്‍ ഖത്വര്‍ ചേംബറിനെ വിവരങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നഷ്ടങ്ങള്‍ പരിമിതപ്പെടുത്താനും കമ്പനികള്‍ക്ക് നഷ്ടപരിഹാരം നേടികൊടുക്കാന്‍ സഹായിക്കുന്നതിനുമായി ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.
അതിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി ഖത്വര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രിയുടെ പാക് സന്ദര്‍ശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. പ്രതിസന്ധിയുടെ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ചും ഖത്വറിനെതിരെ സ്വീകരിച്ച നിയമപരമല്ലാത്ത നടപടികളെക്കുറിച്ചും ശൈഖ് മുഹമ്മദ് നവാസ് ശരീഫിനോട് വിശദീകരിച്ചു.

ഉപരോധത്തെ നേരിടുന്നതിനും വ്യാപാര വാണിജ്യസാധ്യതകളും അവസരങ്ങളും വിപിലീകരിക്കുന്നതിനുമായി കൂടുതല്‍ ആഗോള തുറമുഖങ്ങളുമായി നേരിട്ടു ബന്ധം സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് ഖത്വര്‍ തുറമുഖ കമ്പനി മവാനി ഖത്വര്‍ വ്യക്തമാക്കി. ലോകത്തെ വിവിധ തുറമുഖങ്ങളുമായി നേരിട്ട് കപ്പല്‍പാതകള്‍ തുറക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഹമദ് തുറമുഖം ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് അല്‍ യാഫി പറഞ്ഞു.

---- facebook comment plugin here -----

Latest