നടി ആക്രമിക്കപ്പെട്ട കേസ്: പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായി

Posted on: July 20, 2017 10:45 am | Last updated: July 20, 2017 at 12:19 pm

കൊച്ചി: നടി  ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് അദ്ദേഹം ഹാജരായത്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോക്ക് ഓഫീസിലെത്തി കൈമാറിയെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കി. എന്നാല്‍, നോട്ടീസ് ലഭിച്ചതിനെ പിന്നാലെ പ്രതീഷ് ചാക്കോ ഒളിവില്‍ പോകുകയായിരുന്നു.

അന്വേഷണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധമാണെന്ന് പ്രതീഷ് ചാക്കോ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് പ്രതീഷ് ചാക്കോ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗമിക്കുന്നതിനിടെയായിരുന്നു പ്രതീഷ് ചാക്കോ നിലപാടറിയിച്ചത്. ഇതോടെ ഹൈക്കോടതി പ്രതീഷ് ചാക്കോയുട ജാമ്യാപേക്ഷ ഹരജി തീര്‍പ്പാക്കി. നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതീഷ് ചാക്കോയുടേതങ്കിലും, മറ്റുകുറ്റങ്ങളില്‍ പങ്കാളിത്തം കണ്ടെത്തിയാല്‍ അറസ്റ്റിന് തടസ്സമില്ലെന്നും ഹൈക്കോടതി ജാമ്യാപേക്ഷ തീര്‍പ്പാക്കിക്കൊണ്ട് വ്യക്തമാക്കി.