ബിജെപിയിലെ ഗ്രൂപ്പ് വഴക്കിന്റെ പ്രധാന കാരണം കോഴപ്പണം വീതം വെക്കുന്നതിന് പിന്നിലെ തര്‍ക്കം: വി.ടി ബല്‍റാം

Posted on: July 19, 2017 10:14 pm | Last updated: July 19, 2017 at 10:14 pm

പാലക്കാട്: ബിജെപിയിലെ ഗ്രൂപ്പ് വഴക്കിന്റെ പ്രധാന കാരണം കോഴപ്പണം വീതം വെക്കുന്നതിന് പിന്നിലെ തര്‍ക്കമെന്ന് വി.ടി ബല്‍റാം എംഎല്‍എ. വാജ്‌പേയി ഭരണകാലത്ത് പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിപ്പിക്കാന്‍ കോടികളായിരുന്നു കേരളത്തിലെ ബിജെപി നേതാക്കള്‍ കൈപ്പറ്റിയിരുന്നതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം……

വാജ്‌പേയി ഭരണകാലത്ത് പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിപ്പിക്കാന്‍ കോടികളായിരുന്നു കേരളത്തിലെ ബിജെപി നേതാക്കള്‍ കൈപ്പറ്റിയിരുന്നത്. അന്നത്തെ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ പ്രധാന കാരണവും ഈ കോഴപ്പണം വീതം വെക്കുന്നതിന്റെ പിന്നിലെ തര്‍ക്കമായിരുന്നു.

നരേന്ദ്ര മോഡി ഭരിക്കുമ്പോള്‍ ഇപ്പോഴിതാ മെഡിക്കല്‍ കോളേജുകള്‍ അനുവദിപ്പിക്കുന്നതിനായും മറ്റും വീണ്ടും ബിജെപി നേതാക്കള്‍ കോടികള്‍ കോഴ വാങ്ങുന്നു. അത് കുഴല്‍പ്പണമായി പലയിടത്തേക്ക് കടത്തുന്നു. പണം തികയാതെ വരുമ്പോള്‍ സ്വന്തമായി കള്ള നോട്ടടിയും ഉണ്ടല്ലോ.
ബിജെപി നേതാക്കളുടെ അഴിമതി, കള്ളപ്പണം, കുഴല്‍പ്പണം, കള്ളനോട്ടടി എന്നിങ്ങനെയുള്ള രാജ്യദ്രോഹ പ്രവൃത്തികളെക്കുറിച്ച് എന്‍.ഐ.എ. അന്വേഷിക്കണം.