മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്‌ഐയുടെ സൗജന്യ ഉച്ചഭക്ഷണ വിതരണം

Posted on: July 19, 2017 9:02 pm | Last updated: July 19, 2017 at 9:02 pm

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 200 ദിവസമായി സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്യുകയാണ് ഡി വൈ എഫ് ഐയെ പ്രകീര്‍ത്തിച്ച് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
മാതൃകാപരമായ ഈ പരിപാടി 2017 ജനുവരി 1നാണ് ആരംഭിച്ചത്.

ഒരു ദിവസം 5000 പൊതിച്ചോറ് വിതരണം ചെയ്യാനാണ് ഡി വൈ എഫ് ഐ ലക്ഷ്യമിട്ടത്. എന്നാല്‍, മിക്ക ദിവസങ്ങളിലും അത് 10000 വരെയാകുമെന്നും,ഇത് മികച്ചൊരു ഇടപെടലാണെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 200 ദിവസമായി സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്യുകയാണ് ഡി വൈ എഫ് ഐ.
മാതൃകാപരമായ ഈ പരിപാടി 2017 ജനുവരി 1നാണ് ആരംഭിച്ചത്. ഒരു ദിവസം 5000 പൊതിച്ചോറ് വിതരണം ചെയ്യാനാണ് ഡി വൈ എഫ് ഐ ലക്ഷ്യമിട്ടത്. എന്നാല്‍, മിക്ക ദിവസങ്ങളിലും അത് 10000 വരെയായി. ഡി വൈ എഫ് ഐയുടെ പ്രഖ്യാപിത ലക്ഷ്യം പ്രകാരം ഇന്നേക്ക് 10 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് കഴിഞ്ഞു. ഇത് മികച്ചൊരു ഇടപെടലാണ്.

ഓരോ ദിവസവും ഡി വൈ എഫ് ഐയുടെ മേഖലാ കമ്മറ്റിയാണ് ഭക്ഷണപ്പൊതി ശേഖരിച്ച് മെഡിക്കല്‍ കോളേജ് പരിസരത്ത് എത്തിക്കുന്നത്. ഓരോ യൂണിറ്റുകളിലെയും പ്രവര്‍ത്തകര്‍ പ്രദേശത്തെ വീടുകളില്‍ നിന്നും ശേഖരിക്കുന്നതാണ് ഈ ഭക്ഷണപ്പൊതികള്‍. ഹൃദയം നിറഞ്ഞുകൊണ്ട് നാലും അഞ്ചും ഭക്ഷണപ്പൊതികള്‍ കൊടുക്കുന്ന വീട്ടുകാരുമുണ്ട്.
ഉച്ചയാവുമ്പോഴേക്കും ഡി വൈ എഫ് ഐ ഭക്ഷണ കൗണ്ടറിന് മുന്നില്‍ നീണ്ട നിരയാണ്. ഇന്ന് അവരോടൊപ്പം കുറച്ച് നേരം ചെലവിട്ടു.

തിരുവനന്തപുരത്തെ മാതൃക പിന്തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലും ഡി വൈ എഫ് ഐ യുടെ ഉച്ചഭക്ഷണ വിതരണം തുടങ്ങി കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമാകെ വ്യാപിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് ആശ്വാസമേകാന്‍ സര്‍ഗാത്മക യുവതയ്ക്ക് സാധിക്കട്ടെ. കേരളം നിങ്ങളോടൊപ്പമുണ്ട്.