Connect with us

Gulf

യൂറോപ്പില്‍ നിന്ന് 230 പശുക്കള്‍ കൂടി ഖത്വറില്‍

Published

|

Last Updated

ദോഹ: രാജ്യത്തെ പാലും അനുബന്ധ ഉത്പന്നങ്ങളുടെയും സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിനായി നടന്നു വരുന്ന പരിശ്രങ്ങളുടെ ഭാഗമായി യൂറോപ്പില്‍നിന്നും 230 പശുക്കള്‍ക്കൂടി ഖത്വറിലെത്തി. ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് പശുക്കളെ കൊണ്ടു വന്നത്.
ഖത്വര്‍ എയര്‍വേയ്‌സ് കാര്‍ഗോ ബോയിംഗ് 777 വിമാനത്തിലാണ് രണ്ട് ഷിപ്പ്‌മെന്റുകളിലായി 230 ഹോള്‍സ്‌റ്റെയ്ന്‍ ഇനത്തിലുള്ള പശുക്കളെ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ജര്‍മനിയില്‍ നിന്ന് 165 കറവപ്പശുക്കളെ ഇറക്കുമതി ചെയ്തിരുന്നു.

ഇതോടെ രാജ്യത്തെത്തിയ പശുക്കളുടെ എണ്ണം 395 ആയി. നാലായിരം പശുക്കളെ രാജ്യത്തെത്തിക്കുന്നതിനാണ് പദ്ധതി. ആസ്‌ത്രേലിയ, ജര്‍മനി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് നാലായിരം പശുക്കളെ കൊണ്ടുവരുന്നത്. അയാട്ടയുടെ ലൈവ് അനിമല്‍ ചട്ടങ്ങള്‍ പാലിച്ചാണ് കന്നുകാലികളെ സുരക്ഷിതമായി എത്തിക്കുന്നതെന്ന് ഖത്വര്‍ എയര്‍വേയ്‌സ് കാര്‍ഗോ ചീഫ് ഓഫീസര്‍ ഉള്‍റിച്ച് ഒജീര്‍മാന്‍ പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇരുപതിലധികം വിമാനങ്ങളിലായി അവശേഷിക്കുന്ന പശുക്കളെ കൂടി രാജ്യത്തേക്ക് കൊണ്ടുവരും. പ്രധാന പ്രാദേശിക കമ്പനിയായ പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗിന്റെ ക്ഷീരോത്പാദന കമ്പനിയായ ബലദ്‌നയിലേക്കാണ് പശുക്കളെ കൊണ്ടുവരുന്നത്. രാജ്യത്തെ ക്ഷീര വിപണി വിപുലീകരിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് കമ്പനി ചെയര്‍മാന്‍ മൗതാസ് അല്‍ ഖയാത്ത് പറഞ്ഞു. സുരക്ഷിതമായി പശുക്കളെ രാജ്യത്തെത്തിക്കുന്നതില്‍ ഖത്വര്‍ എയര്‍വേയ്‌സിന്റെ കരുതലിന് അദ്ദേഹം നന്ദിയും അറിയിച്ചു. നാലായിരം പശുക്കളും രാജ്യത്തെത്തുന്നതോടെ ജൂലൈ അവസാനത്തോടെ ക്ഷീര വിപണിയിലെ 3035 ശതമാനം ആവശ്യങ്ങളും നിറവേറ്റാന്‍ ബലദ്‌നക്ക് കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

ബലദ്‌നയുടെ അല്‍ ഖോറിലെ ഫാമില്‍ ഏഴ് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പശുക്കള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലവില്‍ 40,000ത്തോളം അവാസ്സി ഇനത്തില്‍പ്പെട്ട ചെമ്മരിയാടുകളും 5,000 ആടുകളുമാണ് ഫാമിലുള്ളത്. സഊദി സഖ്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രാദേശിക പാല്‍ വിപണിയില്‍ പ്രതിസന്ധി നേരിടാതിരിക്കാനാണ് നിശ്ചയിച്ചതിലും മുമ്പേ അല്‍ ഖയാത്ത് രാജ്യത്തിനായി പശുക്കളെ എത്തിക്കുന്നത്. 80 ലക്ഷം ഡോളര്‍ ചെലവിട്ടാണ് അല്‍ ഖയാത്ത് പശുക്കളെ ഇറക്കുമതി ചെയ്യുന്നത്.

---- facebook comment plugin here -----

Latest