മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍ എല്‍ ബീനയെ സ്ഥലംമാറ്റി

Posted on: July 19, 2017 8:50 am | Last updated: July 19, 2017 at 10:17 am

കൊച്ചി: ഏറെ വിവാദങ്ങള്‍ക്കുശേഷം എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയെ സ്ഥലംമാറ്റി. സ്‌പെഷ്യല്‍ ഗ്രേഡ് പ്രിന്‍സിപ്പലായിതന്നെ തലശേരി ബ്രണ്ണന്‍ കോളജിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എന്‍ എല്‍ ബീന ഉള്‍പ്പെടെ ഏഴു പ്രിന്‍സിപ്പല്‍മാരെയാണ് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ കോളജുളില്‍ നിന്നും സ്ഥലം മാറ്റിയിരിക്കുന്നത്.

കൊടുവള്ളി സര്‍ക്കാര്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. പി എസ് അജിതയാണ് മഹാരാജാസിലെ പുതിയ പ്രിന്‍സിപ്പല്‍. ചാലക്കുടി ഗവണ്മെന്റ് കോളജിലെ പ്രിന്‍സിപ്പല്‍ കെ കെ സുമയെ പട്ടാമ്പി എസ് എന്‍ ജി എസ് കോളജിലേക്കും ആറ്റിങ്ങല്‍ ഗവണ്മെന്റ് കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. പി അനിതാ ദമയന്തിയെ തിരുവനന്തപുരം വുമണ്‍സ് കോളജിലേക്കും സ്ഥലം മാറ്റി.

തിരുവനന്തപുരം ആര്‍ട്‌സ് കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. ജി വിജയലക്ഷ്മിക്ക് ചിറ്റൂര്‍ ഗവണ്മെന്റ് കോളജിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്. തൃശൂര്‍ ഗവണ്മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എല്‍സമ്മ ജോസഫ് അറക്കലാണ് പാലക്കാട് വിക്‌ടോറിയ കോളജിലെ പുതിയ പ്രിന്‍സിപ്പല്‍. നെടുമങ്ങാട് ഗവണ്മെന്റ് കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. ഡി കെ സതീഷിന്‍െ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്റെ പ്രിന്‍സിപ്പിലാക്കിയും നിയമിച്ചു.

മഹാരാജാസ് പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബിനയെ പ്രെമോഷനില്ലാതെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോളജില്‍ വിദ്യാര്‍ഥികളുമായിട്ട് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്ന ഇവര്‍ക്കെതിരെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ അന്വേഷണ കമ്മിഷന്‍ എന്‍ എല്‍ ബീനയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.
കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ജെ ലൈലാദാസാണ് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്.

പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയുടെ കടുംപിടുത്തവും അതിതീവ്ര നിലപാടുകളും വിദ്യാര്‍ഥികളിലും അധ്യാപകരിലുണ്ടാക്കിയ അമര്‍ഷമാണ് സംഭവത്തില്‍ കലാശിച്ചതെന്നാണ് കമ്മിഷന്‍ വിലയിരുത്തല്‍.
മാസങ്ങളായി നിലനിന്ന അസ്വസ്ഥതകളുടെ തുടര്‍ച്ചയാണ് സംഭവം. കോളജ് കാമ്പസിലുണ്ടായ പ്രശ്നങ്ങളെ പക്വതയോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യ ചെയ്യാന്‍ പ്രിന്‍സിപ്പലിന് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സ്വീകരിച്ച നടപടികളും വിമര്‍ശനത്തിനിടയാക്കി.