Connect with us

National

ശശികലക്ക് ജയിലില്‍ സുഖവാസം; വീഡിയോ പുറത്ത്

Published

|

Last Updated

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷയനുഭവിക്കുന്ന ശശികല ജയിലില്‍ ആര്‍ഭാട ജീവിതം നയിക്കുന്നതിന് തെളിവായി വീഡിയോ. ഒരു കന്നഡ ചാനലാണ് ശശികലയുടെ ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ജയില്‍ വസ്ത്രം ധരിക്കാതെ ജയിലില്‍ സ്വതന്ത്രയായി നടക്കുന്ന ശശികലയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ച് ഭക്ഷണ പാത്രവുമായി ശശികല സെല്ലിലേക്ക് വരുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ശശികലക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് ജയില്‍ ഡിജിപിയായിരുന്ന ഡി രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇതിന്‍മേല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെയാണ് ശശികലയുടെ ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

Read more: ശശികലക്ക് ജയിലില്‍ വി ഐ പി പരിഗണന; ഡി ഐ ജിയുടെ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന് ഉത്തരവ്‌

പരപ്പന അഗ്രഹാര ജയില്‍ ശശികലക്ക് മാത്രമായി പ്രത്യേക അടുക്കളയും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉള്ളതായാണ് രൂപയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കാന്‍ ശശികല രണ്ട് കോടി രൂപ കോഴയായി ജയിലധികൃതര്‍ക്ക് നല്‍കിയെന്നും ഇത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡയറക്ടര്‍ ജനറല്‍ എച്ച് എന്‍ സത്യനാരായണ റാവുവിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രേഖയെ സ്ഥലംമാറ്റിയതായും വാര്‍ത്തകളുണ്ടായിരുന്നു.

Read more: ശശികലയുടെ വിഐപി പരിഗണന പുറത്തുകൊണ്ടുവന്ന ജയില്‍ ഡിഐജിക്ക് സ്ഥലംമാറ്റം

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ ജീവിത സാഹചര്യത്തോട് ശശികലക്ക് പൊരുത്തപ്പെടാനാകാത്തതിനാല്‍ ശശികല നേരത്തെ ജയില്‍ മാറ്റത്തിന് ശ്രമിച്ചിരുന്നു. അനധികൃത സ്വത്തു കേസില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതക്കൊപ്പം പരപ്പനയിലെ ജയിലില്‍ കഴിഞ്ഞപ്പോള്‍ വി ഐ പി സൗകര്യത്തിലാണ് ജയലളിതക്കൊപ്പം ശശികലയും കഴിഞ്ഞിരുന്നത്. താന്‍ ഒരു സാദാ തടവുകാരിയല്ലെന്ന മട്ടിലാണ് ജയിലില്‍ ശശികല തുടക്കത്തില്‍ പെരുമാറിയിരുന്നത്.

Latest