പര്‍വത നെറുകയില്‍ ഖത്വര്‍ ഐക്യദാര്‍ഢ്യവുമായി ഇന്ത്യന്‍ പ്രവാസി

Posted on: July 18, 2017 2:52 pm | Last updated: July 18, 2017 at 2:50 pm

ദോഹ: കടലാഴിയില്‍ രാജ്യക്കൂറ് പ്രകടിപ്പിച്ച ഖത്വരി പൗരന് പിന്നാലെ പര്‍വതശൃംഗത്തില്‍ കയറി ജീവിക്കുന്ന രാഷ്ട്രത്തിന് പിന്തുണയര്‍പ്പിച്ച് ഖത്വറിലെ ഇന്ത്യന്‍ പ്രവാസി. ഇന്ത്യക്കാരനായ രിഹാന്‍ ഖുറേശിയും സുഹൃത്ത് ഡങ്കന്‍ ഗോഗയുമാണ് ജീവിതം കരുപ്പിടിപ്പിച്ച രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വ്യത്യസ്തമായ വഴി സ്വീകരിച്ചത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയി കൊടുമുടിയായ മൗണ്ട് എല്‍ബ്രസിന്റെ നെറുകയില്‍ കയറിയാണ് ഖത്വരി പതാക പാറിപ്പിച്ച് ഇവര്‍ ദേശക്കൂറ് പ്രകടിപ്പിച്ചത്.

ഖത്വര്‍ കെമിക്കല്‍, പെട്രോകെമിക്കല്‍, മാര്‍ക്കറ്റിംഗ്, ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ മുന്‍താജതിലെ പ്രൊഡക്ട് പ്ലാനിംഗ് മേധാവിയാണ് ഖുറേശി. കഠിന കാലാവസ്ഥയിലും എട്ട് ദിവസം കൊണ്ട് 5642 മീറ്റര്‍ ഉയരം കയറിയാണ് ഖത്വറിനോടുള്ള സ്‌നേഹം ഈ പ്രവാസികള്‍ പ്രകടിപ്പിച്ചത്. ഖത്വര്‍ തന്റെ വീടാണ്. കഴിഞ്ഞ 29 വര്‍ഷമായി ഇവിടെ താമസിക്കുന്നു. മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരെന്ന് പറഞ്ഞ് ഈ സുന്ദര രാജ്യത്തെ ഒറ്റപ്പെടുത്തുന്നത് തന്നെ അമ്പരിപ്പിക്കുന്നു. തന്റെ ഈ ശ്രമവും ഇതിന്റെ സന്ദേശവും എല്ലാവരിലും എത്തുമെന്നും വലിയ ബോധവത്കരണം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഖുറേശി ഫേസ്ബുക്കില്‍ കുറിച്ചു.