Connect with us

National

നിയമസഭാ മന്ദിരത്തിനുള്ളില്‍നിന്ന് കണ്ടെത്തിയ സ്‌ഫോടകവസ്തു പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന് യുപി സര്‍ക്കാര്‍

Published

|

Last Updated

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിനുള്ളില്‍നിന്ന് കണ്ടെത്തിയ സ്‌ഫോടകവസ്തു പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന് സര്‍ക്കാര്‍. സ്‌ഫോടകവസ്തുവിന്റെ സാന്നിധ്യമില്ലെന്ന് ആഗ്രയിലെ ഫൊറന്‍സിക് ലാബ് പ്രസ്താവിച്ചതിനു തൊട്ടടുത്ത ദിവസമാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വന്‍ സ്‌ഫോടകശേഷിയുള്ള പെന്റാഎറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റാണ് (പിഇടിഎന്‍) നിയമസഭാ മന്ദിരത്തിനുള്ളില്‍ കണ്ടെത്തിയതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

ആഗ്രയിലെ ലാബിന് പിഇടിഎന്‍ കണ്ടുപിടിക്കാനുള്ള ശേഷിയില്ലെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. നിയമസഭാ മന്ദിരത്തിനുള്ളില്‍ കണ്ടെത്തിയത് സ്‌ഫോടകവസ്തു ആണെന്നതിലും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. അതേസമയം, നാലുദിവസം മുമ്പ് ലക്‌നൗവിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ പിഇടിഎന്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ജൂലായ് 12ന് സുരക്ഷാ സ്‌ക്വാഡ് പരിശോധന നടത്തുമ്പോഴാണ് പ്രതിപക്ഷ നേതാവ് റാം ഗോവിന്ദ് ചൗധരിയുടെ സീറ്റിനു സമീപത്തുനിന്ന് പിഇടിഎന്‍ ലഭിച്ചത്. 60 ഗ്രാമിന്റെ പാക്കറ്റായിരുന്നു അത്. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.