കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും ബി ജെ പിയിലേക്ക് ഒഴുക്ക്

Posted on: July 18, 2017 10:31 am | Last updated: July 18, 2017 at 10:31 am

ഇംഫാല്‍: മണിപ്പൂരില്‍ ബി ജെ പി നേതൃത്വത്തിലുള്ള ആദ്യ സഖ്യ സര്‍ക്കാറിന്റെ അംഗബലം വീണ്ടും വര്‍ധിച്ചു. കോണ്‍ഗ്രസില്‍ നിന്നുള്ള രണ്ട് എം എല്‍ എമാര്‍ കൂടി ബി ജെ പിയില്‍ ചേര്‍ന്നതോടെ സര്‍ക്കാറിനെ പിന്തുണക്കുന്നവരുടെ എണ്ണം 40 ആയി.

കോണ്‍ഗ്രസ് അംഗങ്ങളായ ക്ഷേത്രമയും ബിരേന്‍ സിംഗ്, പൂനം ബ്രോജന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ബി ജെ പി പാളയത്തിലെത്തിയത്. ഇവര്‍ കൂടി എത്തിയതോടെ സഭയില്‍ ബി ജെ പിയുടെ പിന്‍ബലം 31 ആയി. ഇവരെ കൂടാതെ 60 അംഗ നിയമസഭയില്‍ നാല് വീതം നാഗാ പീപ്പിള്‍ ഫ്രണ്ട്, നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി എം എല്‍ എമാരും ഒരു സ്വതന്ത്രനുമാണ് എന്‍ ബീരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനൊപ്പമുള്ളത്.

നിയമസഭയില്‍ 28 അംഗങ്ങളുള്ള കോണ്‍ഗ്രസില്‍ നിന്ന് ഇതുവരെയായി എട്ട് പേര്‍ ബി ജെ പിക്കൊപ്പം ചേര്‍ന്നു. ഇതോടെ മുന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് നിയമസഭയിലുള്ള പിന്‍ബലം 20 ആയി കുറഞ്ഞിരിക്കുകയാണ്.