ബീഹാര്‍ ഭരണമുന്നണിയിലെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് വിയര്‍ക്കുന്നു

Posted on: July 18, 2017 10:16 am | Last updated: July 18, 2017 at 10:16 am

പാറ്റ്‌ന: ബീഹാറിലെ മഹാസഖ്യം തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ പ്രശ്‌നപരിഹാരത്തിന് അവസാന ശ്രമവുമായി കോണ്‍ഗ്രസ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചതോടെ തന്റെ നിലപാട് വ്യക്തമാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനും മക്കള്‍ക്കുമെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളുടെ പശ്ചാതലത്തില്‍ അന്തിമ തീരുമാനത്തിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇരു പക്ഷത്തെയും അനുനയിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ് കോണ്‍ഗ്രസ്.

ഉപ മുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വി യാദവിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തിട്ടുണ്ട്. തേജസ്വി രാജിവെച്ചേ തീരൂ എന്ന നിലപാടില്‍ ജനതാദള്‍ യുനൈറ്റഡ് ഉറച്ചുനില്‍ക്കുകയാണ്. ലാലു പ്രസാദ് യാദവുമായും നിതീഷ് കുമാറുമായും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് ചൗധരി പലവട്ടം ചര്‍ച്ച നടത്തി. രാഷ്ട്രീയ പകപോക്കല്‍ മാത്രമാണ് കേസുകളെന്ന് ലാലു ആവര്‍ത്തിക്കുമ്പോള്‍ ഇത്തരമൊരാളെ മന്ത്രിസഭയില്‍ നിര്‍ത്തുന്ന പ്രശ്‌നമില്ലെന്ന് നിതീഷ് വ്യക്തമാക്കി.
ഞായറാഴ്ച തന്നെ തേജസ്വിയുടെ രാജി ആവശ്യപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍ ആനി മാര്‍ഗിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചെന്നാണ് ചൗധരി ആദ്യം ചര്‍ച്ച നടത്തിയത്. അതുകഴിഞ്ഞ് ലാലു പ്രസാദിന്റെ 10 സര്‍ക്കുലര്‍ റോഡിലേക്ക് കുതിച്ചു. അവിടെ നിന്നിറങ്ങി ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയെ കണ്ടു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശവാഹകനായാണ് ചൗധരി നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തിയത്. അതേസമയം, ചൗധരി തന്നോട് സംസാരിച്ചത് മുഴുവന്‍ നിരര്‍ഥകമായ കാര്യങ്ങളാണെന്ന് ലാലു പ്രതികരിച്ചു. ഈ അഭിപ്രായ പ്രകടനത്തോട് ചൗധരി പ്രതികരിച്ചിട്ടില്ല. ബി ജെ പിയാണ് തേജസ്വിയുടെ രാജിക്കായി മുറവിളി കൂട്ടുന്നത്. ഇത് അനുവദിച്ചു കൊടുക്കുന്ന പ്രശ്‌നമില്ലെന്ന് ലാലു പറഞ്ഞു.
മഹാസഖ്യം നിര്‍ണായക മണിക്കൂറിലൂടെയാണ് കടന്നു പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പിറകേ നിതീഷ് കുമാര്‍ കടുത്ത തീരുമാനമെടുക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ രണ്ടായാലും അറിയാമെന്ന് ചുരുക്കം. എന്നാ ല്‍, സഖ്യം പരമാവധി നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള അവസാന നീക്കങ്ങളുമായി കോണ്‍ഗ്രസ് നടുവിലുള്ളത് എന്ത് ഗുണഫലമുണ്ടാക്കുമെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.