സോമാലിയയില്‍ 63 ലക്ഷം ഡോളറിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഖത്വര്‍ ചാരിറ്റി

Posted on: July 17, 2017 9:58 pm | Last updated: July 17, 2017 at 10:04 pm
സോമാലിയയില്‍ ഖത്വര്‍ ചാരിറ്റി നടപ്പാക്കിയ
കുടിവെള്ള, സൗരോര്‍ജ പദ്ധതികളിലൊന്ന്‌

ദോഹ: സോമാലിയയില്‍ 2009- 17 കാലയളവില്‍ 63 ലക്ഷം ഡോളറിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഖത്വര്‍ ചാരിറ്റി. അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ഇക്കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രണ്ട് ലക്ഷം പേര്‍ക്കാണ് പ്രയോജനപ്പെട്ടത്. അടിയന്തരഘട്ടങ്ങളിലെ ദുരിതാശ്വാസം, വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, ശൗചാലയം, ഭക്ഷ്യസുരക്ഷ, ഭവനരഹിതര്‍ക്ക് അഭയകേന്ദ്രം, സാമ്പത്തിക ശാക്തീകരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സോമലിയയിലെ ഖത്വര്‍ ചാരിറ്റി ഓഫീസ് മുഖേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ യൂനിസെഫ്, എഫ് എ ഒ, യു എന്‍ എച്ച് സി ആര്‍, ഇന്റര്‍നാഷനല്‍ മെഡിക്കല്‍ കോര്‍പ്‌സ്, ഇന്റര്‍നാഷനല്‍ റെഡ് ക്രോസ് കമ്മിറ്റി, ഗ്ലോബല്‍ വണ്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെയായിരുന്നു. സംയുക്ത സഹകരണ കരാറുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് 2007ല്‍ സ്ഥാപിതമായ സോമാലിയ ക്യു സി ഓഫീസ് വഴി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

2009 ജനുവരിയില്‍ യൂനിസെഫുമായി ചേര്‍ന്ന് 1.6 മില്യന്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചിരുന്നു. സോമാലിയയിലെ 35000 കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.