വര്‍ഗീയ പരാമര്‍ശം; സെന്‍കുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം

Posted on: July 17, 2017 1:23 pm | Last updated: July 17, 2017 at 8:46 pm

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ കേസില്‍ മുന്‍ ഡിജിപി. ടിപി സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം തുടരും.

ഇന്ന് രാവിലെയാണ് സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കുന്നതൊന്നും പറഞ്ഞിട്ടില്ലെന്ന് സെന്‍കുമാര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. അഭിമുഖം പ്രസിദ്ധീകരിച്ച വാരികക്കെതിരെ നിയമനടപടി ആലോചിക്കുകയാണ്. തന്റെ അനുമതിയില്ലാതെയാണ് സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തതെന്നും സെന്‍കുമാര്‍ പറയുന്നു.

ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സൈബര്‍ പോലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്. വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വര്‍ഗീയ പരാമര്‍ശം നടത്തിയ സെന്‍കുമാറിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. ഇസിലിനെയും ആര്‍എസ്എസിനെയും ഒരേപോലെ കാണാന്‍ കഴിയില്ലെന്നും കേരളത്തില്‍ മുസ്‌ലിം ജനനസംഖ്യ വര്‍ധിക്കുന്നുന്നത് ആശങ്കാജനകമാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.

മത തീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. മുസ്‌ലിം സമുദായത്തിലും നല്ല ആളുകളുണ്ട്. അവരെ ഉപയോഗിച്ചു വേണം മത തീവ്രവാദം നിയന്ത്രിക്കാന്‍.
പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളല്ല, അതിനെതിരെ പ്രസംഗിക്കുന്നതാണ് കുഴപ്പമെന്നും സെന്‍കുമാര്‍ പറയുന്നു.