മത്സ്യ ഉപഭോഗം കൂടി; ഉത്പാദനം കൂട്ടാന്‍ വഴി തേടുന്നു

Posted on: July 17, 2017 8:00 am | Last updated: July 16, 2017 at 11:34 pm

കണ്ണൂര്‍: സംസ്ഥാനത്തെ മത്സ്യ ഉപഭോഗം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ആഭ്യന്തര മത്സ്യോത്പാദനം കൂട്ടാന്‍ ഫിഷറീസ് വകുപ്പ് പുതിയ കര്‍മപരിപടികള്‍ ആവിഷ്‌കരിക്കുന്നു. കേരളത്തിലെ മത്സ്യ ഉപഭോഗത്തിന്റെ നാല്‍പ്പത് ശതമാനവും അന്യ സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നതെന്ന കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പഠനമുള്‍പ്പെടെ പരിഗണിച്ചാണ് ആഭ്യന്തര ഉത്പാദനം വര്‍ധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. നശിച്ചുപോയ ജലാശയ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതടക്കമുള്ള ഒട്ടേറെ പരിപാടികള്‍ നടപ്പാക്കി സംസ്ഥാനത്തിന് ആവശ്യമുള്ളത്രയും ഇവിടെ നിന്നുത്പാദിപ്പിക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്.

തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്നതിനും തദ്ദേശീയ മത്സ്യങ്ങളുടെ വംശനാശം തടയുന്നതിന് ചെറുകിട മത്സ്യ കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുമുള്ള പദ്ധതികള്‍ക്കാണ് ഫിഷറീസ് വകുപ്പ് രൂപം നല്‍കിയിരിക്കുന്നത്.

ജലാശയ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള കര്‍മപരിപാടികള്‍ തയ്യാറാക്കി നടപ്പാക്കുന്നതിന് വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിയെ നിശ്ചയിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മത്സ്യ ഉത്പാദനത്തില്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറവില്ലെങ്കിലും ഉപഭോഗത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് സര്‍ക്കാര്‍ നിരീക്ഷണം. സംസ്ഥാനത്തെ ഉപഭോഗത്തിന്റെ അറുപത് ശതമാനം മാത്രം മത്സ്യമാണ് കേരളത്തില്‍ നിന്ന് ലഭിക്കുന്നത്. ശേഷിക്കുന്നത് കര്‍ണാടക, തമിഴ്‌നാട്, ഗോവ, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. മലയാളിയുടെ മീന്‍ പ്രിയം കൂടുന്നതിനാല്‍ 2035 ഓടെ അമ്പത് ശതമാനം മത്സ്യവും ഇതര സംസ്ഥാനത്തു നിന്ന് എത്തേണ്ട സ്ഥിതിയുണ്ടാകുമെന്ന് സി എം എഫ് ആര്‍ ഐ യിലെ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗത്തിന്റെ പഠനം ചൂണ്ടിക്കാട്ടിയുണ്ട്.

ശരാശരി രണ്ടായിരം മുതല്‍ 2500 വരെ ടണ്‍ ആണ് പ്രതിദിന മത്സ്യ ഉപഭോഗം. ഇതില്‍ 1000-1200 ടണ്‍ മത്സ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. ഇതില്‍ മലയാളിയുടെ പ്രിയ മത്സ്യമായ മത്തി (37.4 ശതമാനം) കൂടുതലായി വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഉപഭോഗം കൂടുകയും ആവശ്യത്തിന് മത്സ്യം കിട്ടാതിരിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകാതിരിക്കണമെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മത്സ്യോത്പാദന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയവര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനു മാത്രം ഈ സാമ്പത്തിക വര്‍ഷം മുപ്പത് ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ഫിഷറീസ് വകുപ്പ് ഭരണാനുമതി നല്‍കിയത്. കടലിന്റെ അടിത്തട്ടില്‍ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് മത്സ്യലഭ്യത വര്‍ധിപ്പിക്കാനാണ് ശ്രമം. ഇതിനായി നിലവിലുള്ള പ്രകൃതിദത്ത പാരുകള്‍ക്കു സമീപം ജി പി എസ് സഹായത്തോടെ സ്ഥാനനിര്‍ണയം നടത്തി നൂറുകണക്കിന് കൃത്രിമപ്പാരുകള്‍ ഇതിനകം നിക്ഷേപിച്ചിച്ചിട്ടുണ്ട്. കൂടുതല്‍ പ്രദേശത്തേക്ക് ഇവ വ്യാപിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

അയല, കിളിമീന്‍, പാര, കലവ, കൊഞ്ച്, ഈല്‍ എന്നിവയുടെ ആവാസവ്യവസ്ഥ ഇവിടെ രൂപപ്പെടുന്നതിലൂടെ ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ മത്സ്യസമ്പത്തുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനൊപ്പം തന്നെയാണ് ഉള്‍നാടന്‍ മത്സ്യസമ്പത്ത് കൂട്ടാനുള്ള നടപടികളും തയ്യാറാകുന്നത്. അഷ്മുടിക്കായല്‍, വേമ്പനാട് കായല്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിച്ച് മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയുണ്ടാക്കാന്‍ ഇരുപത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പിനെയ്ഡ് വര്‍ഗത്തില്‍പ്പെട്ട ചെമ്മീനുകള്‍ മുട്ടയിടുന്നത് ഇത്തരം കണ്ടല്‍ക്കാടുകള്‍ക്കിടയിലാണ്. കരിമീന്‍ ഉള്‍പ്പടെയുള്ള ഓട്ടേറെയിനം മത്സ്യങ്ങളുടെ പ്രജനനത്താവളങ്ങളും ഇത്തരം പ്രദേശങ്ങളാണ്. ഉള്‍നാടന്‍ മത്സ്യോത്പാദനത്തിന് മാത്രമായി 48.88 കോടി രൂപയുടെ ഭരണാനുമതി ഈ വര്‍ഷം നല്‍കിയിട്ടുണ്ട്.

ഓരുജല മത്സ്യവിത്തുത്പാദനകേന്ദ്രം, മാതൃകാ ശുദ്ധജല ഫാമുകള്‍, ചെറിയ, വലിയ കുളങ്ങളില്‍ മത്സ്യകൃഷി, പാടശേഖരങ്ങളിലെ കൃഷി തുടങ്ങി ഉള്‍നാടന്‍ മത്സ്യകൃഷിക്കായി വിപുലമായ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിക്കാനും വര്‍ധിപ്പിക്കാനും ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ രൂപവത്കരിക്കാനും ചില ജില്ലകളില്‍ ഇതിനകം നടപടിയായി. പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപവും സംരക്ഷണവും വിനിയോഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ചെയര്‍മാന്‍മാരായ കൗണ്‍സിലുകളാണ് നിരീക്ഷിക്കുക.